പൂനെ: മഹാരാഷ്‌ട്രയിലെ അംബർനാഥിൽ കോൺഗ്രസ് സസ്‌പെൻഡ് ചെയ്ത 12 കോൺഗ്രസ് കൗൺസിലർമാർ ബിജെപിയിൽ ചേർന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ഇവർ ഔദ്യോഗികമായി ബിജെപി അംഗത്വം എടുത്തത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രവീന്ദ്ര ചവാന്റെ സാന്നിധ്യത്തിലാണ് ഇവർ അംഗത്വം സ്വീകരിച്ചത്. വികസനത്തിന് വേണ്ടിയാണ് തങ്ങൾ ബിജെപിയിൽ ചേർന്നതെന്ന് കൗൺസിലർമാർ പറഞ്ഞു.
മുനിസിപ്പൽ കൗൺസിലിൽ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് നാടകീയ നീക്കങ്ങൾ. ബിജെപിയുമായി സഖ്യമുണ്ടാക്കിയതിനെത്തുടർന്ന് കോൺഗ്രസ് സസ്‌പെൻഡ് ചെയ്ത 12 കൗൺസിലർമാരും ഔദ്യോഗികമായി ബിജെപിയിൽ ചേർന്നു. ഡിസംബർ 20ന് നടന്ന തിരഞ്ഞെടുപ്പിൽ ആകെയുള്ള 60 സീറ്റുകളിൽ ഏക്‌നാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയാണ് ഏറ്റവും വലിയ കക്ഷി, 27 അംഗങ്ങളും ഒരു സ്വതന്ത്രന്റെ പിന്തുണയും അവർക്കുണ്ട്.
ശിവസേനയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ ബിജെപിക്കൊപ്പം കോൺഗ്രസും എൻസിപി (അജിത് പവാർ)യും ചേർന്ന് ‘അംബർനാഥ് വികാസ് അഘാഡി’ എന്ന സഖ്യം രൂപീകരിച്ചു. ഇതിൽ പ്രകോപിതരായ കോൺഗ്രസ് നേതൃത്വം 12 കൗൺസിലർമാരെയും ബ്ലോക്ക് പ്രസിഡന്റിനെയും പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഇതിനു പിന്നാലെയാണ് ഇവർ ബിജെപിയിൽ ചേർന്നത്. ബിജെപിയുടെ അഭിജിത് ഗുലാബ്രാവു കരഞ്ചുലെയെ ഗ്രൂപ്പ് നേതാവായി അംഗീകരിച്ചിട്ടുണ്ട്.
















