ചെന്നൈ: ഇന്ന് മുതല്‍ ആരംഭിക്കുന്ന ചെന്നൈ പുസ്തകമേളയില്‍ മദ്രാസ് ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയായ ജസ്റ്റിസ് ജി. ആര്‍. സ്വാമിനാഥനെ ലക്ഷ്യംവച്ച അപകീര്‍ത്തികരമായ പുസ്തകവും ലഘുലേഖയും പുറത്തിറക്കാനോ വില്‍ക്കാനോ അനുവദിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മദീന മോഹന്‍ ശ്രീവാസ്തവയും ജസ്റ്റിസ് അരുള്‍ മുരുഗനും അടങ്ങുന്ന ബെഞ്ച് നിര്‍ദേശം നല്‍കി.
പുസ്തകത്തിന്റെ എല്ലാ പകര്‍പ്പുകളും തടഞ്ഞു വയ്‌ക്കണമെന്നും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി പൊതുജനങ്ങള്‍ക്ക് ഇത്തരം സന്ദേശങ്ങള്‍ ലഭിക്കരുതെന്നും കോടതി നിര്‍ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു. പുസ്തകത്തിലെ ഉള്ളടക്കത്തെ അങ്ങേയറ്റം അപകീര്‍ത്തികരവും, കുറ്റകരവുമാണെന്ന് വിശേഷിപ്പിച്ച കോടതി പുസ്തകത്തിന്റെ പ്രസാധകനെതിരെ സ്വമേധയ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചു.
തിരുപ്രംകുണ്ഡ്രം കാര്‍ത്തികദീപം കേസില്‍ ജസ്റ്റിസ് ജി. ആര്‍. സ്വാമിനാഥന്‍ 2025 ഡിസംബര്‍ ഒന്നിന് പുറപ്പെടുവിച്ച വിധിന്യായത്തെത്തുടര്‍ന്ന് സാമൂഹ്യമാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചതാണ് ലഘുലേഖ. കാക്കി വസ്ത്രവും കാവി പതാകയും കൈയില്‍ പിടിച്ച ജസ്റ്റിസ് സ്വാമിനാഥന്റെ ചിത്രമാണ് കുറിപ്പിനോടൊപ്പം പ്രചരിപ്പിക്കുന്നത്.
അഭിഭാഷകനായ ബി. ജഗന്നാഥ് ആ പ്രസിദ്ധീകരണം ജുഡീഷ്യറിക്കെതിരായി ചെളിവാരിയെറിയുന്നതിന് തുല്യമാണെന്ന് വാദിച്ചു. ഇത്തരത്തില്‍ അപകീര്‍ത്തികരമായ പ്രസിദ്ധീകരണങ്ങള്‍ പ്രചരിപ്പിക്കുന്നതിനു പകരം തിരുപ്രംകുണ്ഡ്രവുമായി ബന്ധപ്പട്ട കക്ഷികള്‍ക്ക് ഇപ്പോഴും കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.
















