തിരുവനന്തപുരം: കേരള നിയമസഭ അന്താരാഷ്ട്ര സാഹിത്യോത്സവം നാലാം പതിപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ക്ക് വിലക്ക്. ബിജെപി കോര്‍പ്പറേഷന്‍ ഭരണം പിടിച്ചതിനാല്‍ ഉദ്ഘാടന ചടങ്ങില്‍ നിന്നും മേയര്‍ വി.വി. രാജേഷിനെ ഒഴിവാക്കി.
ഇടത് പക്ഷത്തിന്റെ ആര്യ രാജേന്ദ്രന്‍ മേയറായിരുന്നപ്പോള്‍ പ്രത്യേക ക്ഷണിതാവായിരുന്നു. എന്നാല്‍ ഇത്തവണ ഭരണം ബിജെപി നേടിയതോടെ മേയറെ വിളിക്കേണ്ടെന്ന് തീരുമാനിച്ചു. എന്നാല്‍ നോട്ടീസ് നേരത്തേ അടിച്ചതാണെന്നും അന്ന് തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകാത്തതിനാലാണ് ഉള്‍പ്പെടുത്താത്തതെന്നുമാണ് ന്യായീകരണം.
അതേ സമയം കോര്‍പ്പറേഷന്‍ മേയര്‍ എന്ന സ്ഥാനപ്പേര് ഉള്‍പ്പെടുത്തി നോട്ടീസ് പ്രിന്റ് ചെയ്യാമല്ലോ എന്ന ചോദ്യത്തിന് മറുപടിയില്ല. മാത്രമല്ല പരിപാടികളില്‍ പലപ്പോഴും നോട്ടീസിലുള്ളവര്‍ മാത്രമായിരിക്കില്ല പങ്കെടുക്കുന്നത്. മേയറായി വി.വി. രാജേഷ് സത്യപ്രതിജ്ഞ ചെയ്തിട്ട് രണ്ടാഴ്ചയോളം ആകുന്നു. എന്നിട്ടും സംഘാടകര്‍ ക്ഷണിച്ചില്ല. ബിജെപി മേയര്‍ നിയമസഭാ പുസ്തകോത്സവത്തില്‍ പങ്കെടുക്കേണ്ടെന്നാണ് സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ നിര്‍ദേശമെന്നാണ് അറിയുന്നത്.













