കാരക്കസ്: വെനിസ്വേല ഭരിക്കുന്നത് ഇവിടുത്തെ സര്‍ക്കാരാണ്, വിദേശ ശക്തികളല്ലെന്ന് ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ്. വെനിസ്വേലയില്‍ യുഎസിന്റെ നിയന്ത്രണമുണ്ടാകുമെന്ന ട്രംപിന്റെ അവകാശ വാദങ്ങളും അവര്‍ തള്ളി. ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റശേഷം ആദ്യമായി മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു ഡെല്‍സി.
വെനിസ്വേലന്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നിന്നാണ് രാജ്യം ഭരിക്കുന്നത്. അതില്‍ ബാഹ്യശക്തികളുടെ ഇടപെടലുകളൊന്നുമില്ലെന്നും അവര്‍ ആവര്‍ത്തിച്ചു. യുഎസ് തട്ടിക്കൊണ്ടുപോയ മുന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ളോറസിനെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ അലയിടിക്കുന്നുണ്ട്. ഇത് നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിലാണ്. വെനിസ്വേല വിദേശ ശക്തികള്‍ക്ക് മുന്നില്‍ കീഴടങ്ങില്ല.
വെനിസ്വേലയുടെ നിയമവും അന്താരാഷ്‌ട്ര നിയമങ്ങളും ലംഘിച്ചാണ് മഡുറോയെ യുഎസ് പിടികൂടിയത്. യുഎസ് കോടതിയില്‍ ഹാജരാക്കിയ മഡുറോ താന്‍ ഒരു യുദ്ധത്തടവുകാരനാണെന്നും താന്‍ നിരപരാധിയാണെന്നും, രാഷ്‌ട്രത്തലവന്‍ എന്ന നിലയില്‍ മാന്യനായ വ്യക്തിയാണെന്നും പ്രഖ്യാപിച്ചു. വിദേശ ശക്തികള്‍ക്ക് മുന്നില്‍ രാജ്യം തലകുനിക്കില്ല. ഡെല്‍സി കൂട്ടിച്ചേര്‍ത്തു.
















