സിഡ്‌നി: ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ആഷസ് പരമ്പരയിലെ അവസാനത്തെയും അഞ്ചാമത്തെയുമായ ടെസ്റ്റ് മത്സരത്തില്‍ സമനിലയ്‌ക്കായി ഇംഗ്ലണ്ട് പൊതുതുന്നു. ആവേശം ജനിക്കുന്ന അഞ്ചാം ദിനത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഒന്നാം ഇന്നിങ്‌സില്‍ 183 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സെന്ന നിലയിലാണ്. ഒരു ദിവസവും രണ്ട് വിക്കറ്റും മാത്രം ശേഷിക്കെ ഇംഗ്ലണ്ടിന് 119 റണ്‍സിന്റെ ലീഡ് മാത്രമാണുള്ളത്. എന്നാല്‍, 142 റണ്‍സോടെ ജേക്കബ് ബെഥേല്‍ ബാറ്റ് ചെയ്യുന്നത് ഇംഗ്ലണ്ടിന് ആശ്വാസം പകരുന്നു. ബഥേലിന്റെ കന്നി സെഞ്ച്വറിയാണിത്. റണ്ണൊന്നുമെടുക്കാതെ മാത്യു പോട്ടും ക്രീസിലുണ്ട്. ബെന്‍ ഡക്കറ്റും ഹാരി ബ്രൂക്കും 42 റണ്‍സ് വീതം നേടിയത് ഇംഗ്ലണ്ടിന് ആശ്വാസമായി. ഓസീസിനായി ബ്യൂ വെബ്സ്റ്റര്‍ മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും വിക്കറ്റും വീഴ്‌ത്തി. ഒന്നാം ഇന്നിങ്‌സില്‍ കൂറ്റന്‍ സ്‌കോര്‍ നേടിയതുകൊണ്ടുതന്നെ മത്സരത്തില്‍ ഓസീസ് പരാജയപ്പെടില്ല എന്നുറപ്പായി. ഇംഗ്ലണ്ടാവട്ടെ, അവസാന മത്സരത്തില്‍ സമനിലയിക്കായുള്ള പോരാട്ടത്തിലുമാണ്.
നേരത്തെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 518 റണ്‍സെന്ന നിലയില്‍ നാലാം ദിനം കളി തുടങ്ങിയ ബാറ്റിംഗ് തുടര്‍ന്ന ഓസീസ് 567 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. സ്റ്റീവ് സ്മിത്ത് 138 റണ്‍സടിച്ചപ്പോള്‍ ബ്യൂ വെബ്സ്റ്റര്‍ 71 റണ്‍സെടുത്തു. ഇംഗ്ലണ്ടിനായി ജോഷ് ടങ്ങും ബ്രെയ്ഡന്‍ കാര്‍സും മൂന്ന് വീതം വിക്കറ്റെടുത്തപ്പോള്‍ ബെന്‍ സ്റ്റോക്‌സ് രണ്ട് വിക്കറ്റെടുത്തു. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സ് 384 റണ്‍സില്‍ അവസാനിച്ചിരുന്നു. ഇന്ന് നേരത്തെ തന്നെ ബെഥേലിനെ പുറത്താക്കുക എന്നതാണ് ഓസീസ് ബൗളര്‍മാരുടെ ലക്ഷ്യം. ബഥേലാവട്ടെ, പരമാവധി പിടിച്ചുനില്‍ക്കുക എന്ന ഉദ്ദേശത്തിലും പാഡ് കെട്ടും. ആദ്യ മൂന്നു ടെസ്റ്റുകളും ജയിച്ച് ഓസീസ് ആഷസ് സ്വന്തമാക്കിയിരുന്നു. നാലാം മത്സരം ഇംഗ്ലണ്ടും ജയിച്ചു.
















