ന്യൂദല്‍ഹി: മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി ക്ലാസിക്കല്‍ ഭാഷാപദവി ലഭിച്ച വിവിധ ഭാഷകളിലും സൈന്‍ ഭാഷയിലുമായി 55 കൃതികള്‍ പുറത്തിറക്കി. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാംഗ്വേജസി(സിഐഐഎല്‍)ന് കീഴിലുള്ള ക്ലാസിക്കല്‍ ലാംഗ്വേജസ് സെന്റേഴ്സ് ഓഫ് എക്സലന്‍സ് പ്രസിദ്ധീകരിച്ച 41 പുസ്തകങ്ങളും സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കല്‍ തമിഴ് (സിഐസിടി) പ്രസിദ്ധീകരിച്ച തിരുക്കുറല്‍ സൈന്‍ ഭാഷാ പരമ്പരയടക്കമുള്ള 14 പുസ്തകങ്ങളുമാണ് പ്രകാശനം ചെയ്തത്. ശാസനങ്ങളും ക്ലാസിക്കല്‍ മലയാളവും എന്ന കൃതിയാണ് മലയാളകൃതി. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ പ്രകാശനം നിര്‍വ്വഹിച്ചു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി (ഉന്നത വിദ്യാഭ്യാസം) വിനീത് ജോഷി, ഭാരതീയ ഭാഷാ സമിതി ചെയര്‍മാന്‍ ചാമു കൃഷ്ണ ശാസ്ത്രി, സിഐഐഎല്‍ ഡയറക്ടര്‍ പ്രൊഫ. ശൈലേന്ദ്രമോഹന്‍, സിഐസിടി ഡയറക്ടര്‍ പ്രൊഫ. ആര്‍. ചന്ദ്രശേഖരന്‍, ഉപദേഷ്ടാവ് മന്‍മോഹന്‍ കൗര്‍, വിദ്യാഭ്യാസമന്ത്രാലയത്തിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
















