പാലക്കാട്: സിപിഐയേയും ബിനോയ് വിശ്വത്തേയും രൂക്ഷമായി വിമർശിച്ച് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ് അജയകുമാർ. ബിനോയ് വിശ്വം നാലാം കിട നേതാവിനെപ്പോലെയെന്നാണ് പരിഹാസം. തോറ്റാൽ കുറ്റം സിപി എമ്മിന് ജയിച്ചാൽ ക്രെഡിറ്റ് സിപിഐയ്‌ക്ക്. സിപിഐയ്‌ക്ക് പല്ലിയുടെ മാനസികാവസ്ഥയെന്നും നാലാൾ ഉള്ളിടത്ത് അഞ്ച് സീറ്റുകൾ ചോദിക്കുന്ന പാർട്ടിയാണെന്നും എസ് അജയകുമാർ വിമർശിച്ചു.
ഒറ്റപ്പാലത്തെ മണ്ണൂരില്‍ കഴിഞ്ഞദിവസം നടന്ന പൊതുയോഗത്തിലായിരുന്നു വിമർശനവും പരിഹാസവും. കേവലം അഞ്ച് ശതമാനം വോട്ട് മാത്രമേ സംസ്ഥാനത്ത് സിപിഐക്കുള്ളൂ. ഒരു മണ്ഡലത്തിലും ഒറ്റയ്‌ക്ക് നിന്ന് സിപിഐക്ക് ജയിക്കാന്‍ ആവില്ലെന്നും അജയകുമാര്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റു മന്ത്രിമാരെയും വിമര്‍ശിക്കുന്ന സിപിഐയുടെ നിയന്ത്രണത്തിലുള്ള വകുപ്പുകള്‍ പത്തരമാറ്റ് തങ്കം ആണോ എന്നും അജയകുമാര്‍ ചോദിച്ചു.
ദീർഘകാലമായി സിപിഎം സിപിഐ പോര് നടന്നുകൊണ്ടിരിക്കുന്ന സ്ഥലമാണ് പാലക്കാട് ഒറ്റപ്പാലത്തെ മണ്ണൂർ.
















