തിരുവനന്തപുരം: ‘മലയാള സാഹിത്യ അക്കാദമി’, ശില കോളേജ് ഓഫ് എഡ്യൂക്കേഷന്‍ എന്ന പേരുകളില്‍ അനധികൃതമായി പ്രവര്‍ത്തിച്ച സ്ഥാപനം ജോലി വാഗ്ദാനം ചെയ്തു 42 പേരില്‍ നിന്നായി രണ്ടരക്കോടിയോളം രൂപ തട്ടിയെടുത്ത പരാതിയില്‍ അന്വേഷണം ഇഴയുന്നു. സംസ്ഥാന പോലീസ് മേധാവിക്കും, പോത്തന്‍കോട് പോലീസിനും ഉള്‍പ്പെടെ നിരവധി യുവതി യുവാക്കളാണ് പരാതി നല്‍കിയത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനോ തട്ടിപ്പിന് ഇരയായവര്‍ക്ക് പ്രതികളില്‍ നിന്ന് സാമ്പത്തികം തിരികെ വാങ്ങി കൊടുക്കാനോ പോലീസിന് കഴിഞ്ഞിട്ടില്ല.
സ്ഥാപനത്തിന്റെ നടത്തിപ്പുകാരും എറണാകുളം സ്വദേശികളുമായ സതീഷ്, ഗംഗാ റാണി എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍. ശമ്പളം നല്‍കിയില്ലെന്ന പരാതിയുമായി സ്ഥാപനത്തിലെ ജീവനക്കാരില്‍ ചിലരും പോത്തന്‍കോട് പോലീസിനെ സമീപിച്ചിട്ടുണ്ട്. തട്ടിപ്പ് പുറത്തായതോടെ ഉടമകള്‍ സ്ഥാപനം പൂട്ടി ഒളിവില്‍ പോയി. ഇവര്‍ വിദേശത്തേക്കു കടക്കുന്നതു തടയാന്‍ പോലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു. ഇനിയും ഒട്ടേറെ പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. മലയാള സാഹിത്യകാരന്മാരുടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമാണെന്നും സര്‍ക്കാര്‍ വേതനത്തിനു തുല്യമായ ശമ്പളം ലഭിക്കുമെന്നും വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. സമൂഹമാധ്യമങ്ങളിലെ പരസ്യവും കൂടാതെ നാട്ടിലെ പ്രധാനികളെയും കണ്ടിട്ടാണ് ഉദ്യോഗാര്‍ഥികള്‍ എത്തിയത്.
ആറുമാസത്തെ പരിശീലനകാലയളവിലെ ബോണ്ടായി 3 മുതല്‍ 5 ലക്ഷം രൂപ വരെ രൂപ ഉദ്യോഗാര്‍ഥികള്‍ നല്‍കി. കൂടാതെ ഡിഗ്രി ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റിനായി അധിക തുകയും നല്‍കി. ആദ്യം പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് ബോണ്ട് തിരികെ നല്‍കിയ ശേഷം ഇവരെ ഉപയോഗിച്ച് 42 പേരെ കൂടി റിക്രൂട്ട് ചെയ്തു. ഇവരുടെ പണമാണ് തട്ടിയത്. പിരിച്ചെടുത്ത ലക്ഷങ്ങള്‍ റിയല്‍ എസ്‌റ്റേറ്റില്‍ നിക്ഷേപിച്ചെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. 2024 ഡിസംബര്‍ 15ന് ആണ് പോത്തന്‍കോട് മേലെമുക്കില്‍ സ്ഥാപനം പ്രവര്‍ത്തനം തുടങ്ങിയത്.
എന്നാല്‍ തട്ടിപ്പിന് ഇരകളായവര്‍ക്കെതിരെ പ്രതികള്‍ ഒളിവിലിരുന്നു കള്ളപ്പരാതി നല്‍കുന്നതായും തട്ടിപ്പിന് ഇരകളായവര്‍ പറയുന്നു. പ്രതികള്‍ വക്കീലിനെ ഉപയോഗിച്ച് ഇല്ലാത്ത സംഭവങ്ങള്‍ കെട്ടിച്ചമയ്‌ക്കുന്നതായും ആരോപണമുണ്ട്.
















