കട്ടപ്പന: വെള്ളാപ്പള്ളി നടേശനോട് പാർട്ടിക്കുവേണ്ടി ഫണ്ട് വാങ്ങിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് വെള്ളാപ്പള്ളി നടേശനെ കണ്ട് പാർട്ടിക്ക് സംഭാവന ആവശ്യപ്പെട്ടിരുന്നു. എത്രയാണ് വേണ്ടതെന്ന് വെള്ളാപ്പള്ളി ചോദിച്ചു. അങ്ങോട്ടൊന്നും ഏൽപ്പിച്ചിട്ടില്ലാത്തതിനാൽ എത്രവേണം എന്ന് പറയാൻ സിപിഐയ്‌ക്ക് അറിയില്ല. വഴിവിട്ട സഹായം സിപിഐ ചെയ്യില്ല, ആകാവുന്നതുപോലെ തരുക എന്നാണ് തങ്ങൾ പറഞ്ഞത്. ഒരുലക്ഷം മതിയോ എന്ന് വെള്ളാപ്പള്ളി ചോദിച്ചു. എന്നാൽ അദ്ദേഹം മൂന്നുലക്ഷം രൂപ തന്നു. കാശുവാങ്ങിച്ചിട്ട് മുങ്ങുന്ന പാർട്ടിയല്ല സിപിഐ. കാശ് വാങ്ങിച്ചതിന് കണക്കുണ്ട്, ഉത്തരവാദിത്വമുണ്ട്. അതിന് പകരമായിട്ട് തോന്ന്യാസം ചെയ്യാനായി ആരെയും തുണയ്‌ക്കാനും പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.വെള്ളാപ്പള്ളിയുമായി തർക്കത്തിന് കമ്യൂണിസ്റ്റ് പാർട്ടിയില്ല. ഗൗരവമേറിയ മറ്റ് ദൗത്യങ്ങൾ പൂർത്തിയാക്കാനുണ്ടെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
















