തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ജനപ്രിയ പദ്ധതിയായ കിസാന്‍ സമ്മാന്‍ പദ്ധതിയില്‍ നിന്ന് കേരളത്തിലെ പത്തുലക്ഷത്തോളം കര്‍ഷകര്‍ പുറത്താകും. സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥമൂലമാണിത്. കേരളത്തില്‍ 36 ലക്ഷം കര്‍ഷകരാണ് 2019 ല്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കിസാന്‍ സമ്മാന്‍ നിധിയുടെ ഗുണഭോക്താക്കള്‍. 6000 രൂപ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ടു ലഭിക്കുന്ന പദ്ധതി സംസ്ഥാന റവന്യൂ വകുപ്പിന്റെ അനാസ്ഥയെ തുടര്‍ന്നാണ് ഇപ്പോള്‍ കേരളത്തില്‍ പ്രതിസന്ധിയിലാകുന്നത്.
കിസാന്‍ സമ്മാന്‍ നിധി ആരംഭിക്കുമ്പോള്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയായിരുന്നു. എന്നാല്‍ കര്‍ഷകരുടെ ആധികാരികത ഉറപ്പിക്കാന്‍ സംസ്ഥാന കൃഷി വകുപ്പിന് കേന്ദ്രം അനുമതി നല്‍കി. സംസ്ഥാന കൃഷി വകുപ്പാണ് അന്തിമ അനുമതി നല്‍കേണ്ടത്. സംസ്ഥാന കൃഷി വകുപ്പിന്റെ കീഴില്‍ ‘കതിര്‍’ എന്ന ഓണ്‍ലൈന്‍ സംവിധാനമാണ് ഇതിനായി തയാറാക്കിയിരിക്കുന്നത്. കര്‍ഷകരുടെ വ്യക്തിഗത വിവരങ്ങളും ബാങ്ക് സംബന്ധമായ കാര്യങ്ങളും കതിര്‍ ആപ്പ് മുഖേന കൃഷി വകുപ്പ് ശേഖരിക്കുന്നു. എന്നാല്‍ കിസാന്‍ സമ്മാന്‍ നിധി ഗുണഭോക്താക്കളുടെ ഭൂമി സംബന്ധമായ വിവരം പരിശോധിക്കാന്‍ 2025 ല്‍ സംസ്ഥാന റവന്യൂ ഡിപ്പാര്‍ട്‌മെന്റ് ‘അഗ്രിസ്റ്റാക്ക്’ എന്ന ഓണ്‍ലൈന്‍ സംവിധാനം കൊണ്ടുവരികയും അതിലൂടെ രജിസ്‌ട്രേഷന്‍ ആരംഭിക്കുകയും ചെയ്തു. 2019 ല്‍ ആരംഭിച്ച കിസാന്‍ സമ്മാന്‍ നിധിക്ക് 2018-2019 സാമ്പത്തിക വര്‍ഷത്തെ നികുതി രസീത് നിര്‍ബന്ധമാണ്. ഭൂവുടമ മരിച്ചാല്‍ ഭാര്യയുടെ പേരില്‍ ഒടുക്കുന്ന നികുതി രസീത് ഉണ്ടായാല്‍ ആനുകൂല്യം നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ കേരള റവന്യൂ ഡിപ്പാര്‍ട്‌മെന്റിന്റെ അഗ്രിസ്റ്റാക്ക് രജിസ്‌ട്രേഷനില്‍ ഇത്തരം നികുതി രസീത് അപ്‌ലോഡ് ചെയ്യാന്‍ സാധിക്കുകയില്ല എന്നതാണ് പ്രതിസന്ധി. ഇതിനാല്‍ സ്വഭാവികമായി എല്ലാ വര്‍ഷവും നടക്കുന്ന ലാന്‍ഡ് വെരിഫിക്കേഷനില്‍ ഭൂവുടമ മരിച്ചാല്‍ ഭാര്യ ‘മുതല്‍ പേര്‍’ അടയ്‌ക്കുന്ന ഭൂനികുതി പ്രകാരം വര്‍ഷം ലഭിക്കേണ്ട 6000 രൂപ ലഭിക്കില്ല. കേരളത്തില്‍ ഇതുമൂലം 10 ലക്ഷത്തോളം കര്‍ഷകര്‍ക്കാണ് കിസാന്‍ സമ്മാന്‍ നിധി ലഭിക്കാതാകുന്നത്.
സര്‍ക്കാര്‍ ഈ വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്ന നിഷേധാത്മക നിലപാട് അടിയന്തിരമായി പരിഹരിക്കണമെന്ന് കര്‍ഷക മോര്‍ച്ച ആവശ്യപ്പെട്ടു. സാങ്കേതികമായ പ്രശ്‌നങ്ങള്‍ ഉടനടി പരിഹരിച്ചില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ലഭിക്കേണ്ട സഹായം ഇല്ലാതാകും. സംസ്ഥാന ഐടി ഡിപ്പാര്‍ട്‌മെന്റും, റവന്യൂ, കൃഷി മന്ത്രാലയങ്ങളും കര്‍ഷകരുടെ രജിസ്‌ട്രേഷനില്‍ കേന്ദ്ര മാനദണ്ഡപ്രകാരം ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കര്‍ഷകമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ഷാജി രാഘവന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
















