പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണത്തില്‍ ഹൈക്കോടതി എസ്‌ഐടിക്ക് ആറാഴ്ച കൂടി സമയം അനുവദിച്ചതോടെ കൂടുതല്‍ അറസ്റ്റുകള്‍ക്ക് സാധ്യത. എസ്‌ഐടി സംസ്ഥാന സര്‍ക്കാരിന്റെ താല്‍പര്യത്തിനു വഴങ്ങുന്നു എന്ന വിമര്‍ശനം ശക്തമായ സാഹചര്യത്തില്‍ കൂടുതല്‍ പേരെ ഉടന്‍ ചോദ്യം ചെയ്‌തേക്കും. സുപ്രീം കോടതി ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ മുന്‍ദേവസ്വം ബോര്‍ഡ് അംഗം ശങ്കരദാസിന്റെ അറസ്റ്റ് വൈകാതെ ഉണ്ടായേക്കും.
കട്ടിളപ്പാളിയിലെ സ്വര്‍ണം അടക്കമുള്ള തൊണ്ടി മുതല്‍ എവിടെ പോയി എന്ന് കണ്ടെത്താന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ എസ്‌ഐടി വീണ്ടും ചോദ്യം ചെയ്യും.
പോറ്റിയും ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്‍ദ്ധനും ദീര്‍ഘകാലപരിചയക്കാരാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. പോറ്റിക്കൊപ്പം 2016-17 കാലത്താണ് കോണ്‍ഗ്രസ് നേതാവ് സോണിയയെ കാണാന്‍ ഗോവര്‍ദ്ധന്‍ പോയത്. അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും ഒപ്പമുണ്ടായിരുന്നു. അതിനാല്‍ 2019-ല്‍ രണ്ടു ഘട്ടങ്ങളിലായി നടന്ന ശബരിമല സ്വര്‍ണക്കൊള്ളയിലെ ഗൂഢാലോചനയില്‍ പോറ്റിക്കൊപ്പം ഗോവര്‍ദ്ധനും പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ നിഗമനം.
സ്വന്തം ചെലവില്‍ ശ്രീകോവില്‍ കതക് നിര്‍മിച്ച് സ്വര്‍ണം പൂശി നല്‍കിയ ഗോവര്‍ദ്ധന്‍ പോറ്റിയുമായിച്ചേര്‍ന്ന് കട്ടിള, ദ്വാരപാലക പാളി തുടങ്ങിയവ കടത്തി വന്‍ ലാഭം ഉണ്ടാക്കാനാണ് ശ്രമിച്ചത്. വാതില്‍ പാളികള്‍ പുതുതായി നിര്‍മിച്ച് സ്വര്‍ണം പൂശിയ ശേഷം പരമാവധി മാധ്യമ ശ്രദ്ധ നേടാനാണ് ഇരുവരും ശ്രമിച്ചത്. ഇതിനായാണ് വാതില്‍ പാളികള്‍ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പൂജ നടത്തിയത്. കേവലം ദക്ഷിണ ആയിരുന്നില്ല പോറ്റിയുടെ ലക്ഷ്യം. സ്‌പോണ്‍സര്‍ എന്ന നിലയില്‍ തന്റെ സന്മനസും സത്യസന്ധതയും ഭക്തിയും ബോര്‍ഡ് അധികൃതരേയും ജനങ്ങളെയും ബോധ്യപ്പെടുത്തി അതിന്റെ മറവില്‍ വന്‍ കൊള്ള ആസൂത്രണം ചെയ്യുകയായിരുന്നു. ചലച്ചിത്ര താരം ജയറാമിന്റെ വസതിയില്‍ എത്തിച്ച് പാളികള്‍ പൂജിച്ചതിലും വാര്‍ത്താ പ്രാധാന്യമാണ് ലക്ഷ്യമിട്ടത്.
എന്നാല്‍ സ്‌പോണ്‍സറിങിന്റെ മറവില്‍ തൊണ്ടി മുതല്‍ പോയ വഴി കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോള്‍ എസ്‌ഐടി നടത്തുന്നത്. തന്റെ പക്കല്‍ 474 ഗ്രാം സ്വര്‍ണമേ ലഭിച്ചിട്ടുള്ളുവെന്നും ശബരിമലയുമായി ബന്ധമുണ്ടെന്ന വിവരം അറിയാതെയാണ് അത് വാങ്ങിയതെന്നുമുള്ള ആദ്യ മൊഴിയില്‍ തന്നെ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ് ഗോവര്‍ദ്ധന്‍. സത്യം കണ്ടെത്താന്‍ പോറ്റിയേയും ഗോവര്‍ധനേയും നാര്‍ക്കൊ അനാലിസിസിനു വിധേയമാക്കാന്‍ കഴിയുമോ എന്നതും എസ്‌ഐടിയുടെ പരിഗണനയിലുണ്ട്.
















