തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിക്കില്ലെന്ന പ്രസ്താവന തിരുത്തി മന്ത്രി വി ശിവന്‍കുട്ടി. ഇത്തവണ നേമത്ത് മത്സരിക്കില്ലെന്ന് മാധ്യമപ്രവര്‍ത്തകരോട് ആദ്യം പറഞ്ഞ ശിവന്‍കുട്ടി മണിക്കൂറുകള്‍ക്കു ശേഷം മാറ്റിപ്പറയുകയായിരുന്നു. നേമത്ത് മത്സരിക്കുമെന്നോ ഇല്ലെന്നോ താന്‍ പറഞ്ഞിട്ടില്ലെന്നും ചിലര്‍ മനഃപൂര്‍വം ആശയക്കുഴപ്പമുണ്ടാക്കുകയായിരുന്നെന്നുമാണ് മന്ത്രി തിരുത്തിയത്. സ്ഥാനാര്‍ഥിത്വം തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും അദ്‌ദേഹം വിശദീകരിച്ചു.
സ്വയം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്ന രീതി സിപിഎമ്മിനില്ല. എന്റെ പാര്‍ട്ടി തീരുമാനിക്കുന്നതനുസരിച്ചായിരിക്കും കാര്യങ്ങളെന്നും ശിവന്‍കുട്ടി പറഞ്ഞു.
നേമത്ത് ഇക്കുറി ബിജെപി വിജയിക്കുമെന്ന വിലയിരുത്തലിന്‌റെ പശ്ചാത്തലത്തിലാണ് ശിവന്‍കുട്ടി നേരത്തെ പിന്‍മാറുമെന്ന സൂചന നല്‍കിയത്. എന്നാല്‍ പരാജയഭീതിയില്‍ ഒളിച്ചോടുന്നുവെന്ന വ്യാഖാനം വന്നതോടെ പ്രഖ്യാപനം തിരുത്താന്‍ പാര്‍ട്ടി നിര്‍ദേശിക്കുകയായിരുന്നു.
















