ന്യൂദല്‍ഹി: ദല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യം നിഷേധിച്ച് സുപ്രീംകോടതി. ഇരുവർക്കും എതിരെ ശക്തമായ തെളിവുകളുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍ വി അന്‍ജാരിയ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്.
ഇന്ത്യയുടെ പരാമാധികാരത്തിനെതിരെയുള്ള യുദ്ധമാണ് പ്രതികൾ ചെയ്തത്. ഇവർ സായുധ വിപ്ലവത്തിന് നേതൃത്വം നൽകിയെന്നും കോടതി വ്യക്തമാക്കി. ഗൾഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ഷിഫ ഉർ റഹ്മാൻ, മുഹമ്മദ് സലീം ഖാൻ, ഷദാബ് അഹമ്മദ് എന്നീ അഞ്ച് പേർക്ക് സുപ്രീം കോടതി ജാമ്യം നൽകി. 12 ഇനം ഉപാധികളോടെയാണ് ജാമ്യം.
2020 ഫെബ്രുവരിയിൽ കലാപം നടന്നപ്പോൾ ഉമർ ഖാലിദ് ദൽഹിയിൽ ഉണ്ടായിരുന്നില്ലെന്നാണ് മുതിർന്ന അഭിഭാഷകനായ കപിൽ സിബൽ വാദിച്ചത്. അഞ്ച് വർഷത്തിലേറെയായി പ്രതികൾ കസ്റ്റഡിയിലാണ്. യുഎപിഎ (നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം) പ്രകാരം ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വടക്കുകിഴക്കൻ ദൽഹിയിൽ കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് അഞ്ച് വർഷക്കാലമായി വിചാരണയില്ലാതെ ജയിലിൽ കഴിയുകയായിരുന്ന ഉമർ ഖാലിദിന് കഴിഞ്ഞ ദിവസം ദല്‍ഹി വിചാരണ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി 16 മുതൽ 29 വരെയായിരുന്നു ജാമ്യം അനുവദിച്ചത്.
















