തൊടുപുഴ: ഇടുക്കി ജില്ലയില്‍ എലിപ്പനി ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു. നിലവില്‍ ഇരുപതോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം 14 പേരാണ് എലിപ്പനി ബാധിച്ച് ജില്ലയില്‍ മരിച്ചത്. ഈ സാഹചര്യത്തില്‍ കരുതല്‍ നടപടികള്‍ ആരോഗ്യവകുപ്പ് സ്വീകരിക്കുന്നുണ്ട്.
ജലാശയവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരും നിരന്തരസമ്പര്‍ക്കം പുലര്‍ത്തുന്നവരുമാണ് കൂടുതലും രോഗബാധിതര്‍. എലി മൂത്രത്തില്‍ നിന്ന് മാത്രമല്ല, എലിപ്പനി പകരുന്നത്. നായ, പൂച്ച, കന്നുകാലികള്‍ എന്നിവയുടെ മൂത്രത്തിലൂടെയും രോഗാണുക്കള്‍ മണ്ണിലും വെള്ളത്തിലും കലര്‍ന്നും അസുഖം പകരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പനി, തലവേദന, ക്ഷീണം, പേശി വേദന, കടുത്ത ക്ഷീണം, നടുവേദന, വയറിളക്കം തുടങ്ങിയവയാണ് ലക്ഷണം. കരളിനെ ബാധിക്കുന്നതോടെ സ്ഥിതി ഗുരുതരമാകും. ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ ഉണ്ടായാല്‍ എത്രയും പെട്ടെന്ന് ചികിത്സ തേടണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
















