Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

രണ്ട് നക്ഷത്രങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍; സുഹാസിനിയും ഖുശ്ബുവും നടത്തിയ സംവാദം

56-ാമത് ഗോവ ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് കലാ അക്കാദമിയില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ സുഹാസിനിയും ഖുശ്ബുവും നടത്തിയ സംവാദം മികച്ചൊരു ദൃശ്യാനുഭവം കൂടിയായിരുന്നു. അഭിനയാനുഭവങ്ങളുടെ രസച്ചരടുകള്‍ മുറിയാത്ത ആ സംഭാഷണത്തിലേക്ക്

വിനീത വേണാട്ട് by വിനീത വേണാട്ട്
Jan 4, 2026, 01:46 pm IST
in Varadyam

ഇന്ത്യന്‍ സിനിമയില്‍ പ്രതിഭാവിലാസത്താല്‍ അടയാളപ്പെടുത്തപ്പെട്ട അഭിനേത്രികളാണ് സുഹാസിനിയും ഖുശ്ബുവും. അഭിനയത്തിന്റെ വേറിട്ട ശൈലികളിലൂടെ പ്രേക്ഷക മനസ്സുകളില്‍ പ്രതിഷ്ഠിക്കപ്പെട്ട ഇരുവരും വെള്ളിത്തിരയിലും പൊതുപ്രവര്‍ത്തന രംഗത്തും സജീവം. ക്യാമറ അസിസ്റ്റന്റായി ക്യാമറയ്‌ക്ക് പിന്നില്‍ നിന്നുകൊണ്ടായിരുന്നു സുഹാസിനിയുടെ തുടക്കം. മഹേന്ദ്രന്‍ സംവിധാനം ചെയ്ത നെഞ്ചത്തൈ കിള്ളാതെ (1980) എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചു. അതേവര്‍ഷം ദ ബേണിങ് ട്രെയിന്‍ എന്ന ഹിന്ദി ചിത്രത്തിലൂടെ ഖുശ്ബുവും ബാലതാരമായി വരവ് അറിയിച്ചു.

സുഹാസിനി: ഖുശ്ബു താങ്കള്‍ ബാലതാരമായാണ് ജീവിതം തുടങ്ങിയത്. അതിനാല്‍ ചലച്ചിത്ര മേഖലയില്‍ നമുക്കെല്ലാവര്‍ക്കും ഉള്ളതിനേക്കാള്‍ കൂടുതല്‍ അനുഭവസമ്പത്തുമുണ്ട്. സകലകലാ വല്ലഭയാണ്. ഖുശ്ബു എങ്ങനെയാണ് തന്റെ കരിയര്‍ തുടങ്ങിയത്. ദക്ഷിണേന്ത്യന്‍ സിനിമകളിലെ സൂപ്പര്‍ സ്റ്റാറായി മാറിയത്. അതേക്കുറിച്ച് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു.

ഖുശ്ബു: അഭിനയം എന്നത് ജന്മവാസനയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് താങ്കളിലും അച്ഛന്‍ ചാരുഹാസനിലും ഉണ്ട്. അദ്ദേഹം ദേശീയ പുരസ്‌കാരം നേടിയ നടനാണ്. ചെറിയച്ഛന്‍ കമല്‍ഹാസന്‍ ആകട്ടെ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ വിജ്ഞാനകോശമാണ്. വിവിധ ഭാഷകളിലായി മികച്ച നടിക്കുള്ള പന്ത്രണ്ടോളം അവാര്‍ഡുകള്‍ നേടിയ വ്യക്തിയാണ് എന്റെ മുന്നിലിരിക്കുന്നത്. അതുകൊണ്ട്, മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗോള്‍ഡ് മെഡലിസ്റ്റും, മികച്ച സിനിമാറ്റോഗ്രാഫറും ആയിരുന്നിട്ടും ക്യാമറയ്‌ക്ക് പിന്നില്‍ നിന്ന് ക്യാമറയ്‌ക്ക് മുന്നിലേക്കുള്ള താങ്കളുടെ യാത്ര എങ്ങനെയായിരുന്നു എന്നാണ് അറിയേണ്ടത്?

സുഹാസിനി: ഞാന്‍ ആ കയ്‌പ്പേറിയ സത്യം പറയാം. സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍, മേക്കപ്പ് മാന്‍ എന്റെയടുത്ത് വന്ന് മുഖം തുടച്ചിട്ട് ചോദിച്ചു: ”നിങ്ങള്‍ കമല്‍ഹാസന്റെ അനന്തരവളാണോ?”. ഞാന്‍ അതെയെന്നു പറഞ്ഞു. ”പക്ഷേ നിങ്ങളെ കണ്ടാല്‍ അദ്ദേഹത്തെപ്പോലെ തോന്നുന്നില്ലല്ലോ” എന്നായിരുന്നു മറുപടി. പിന്നെ ഡാന്‍സ് കൊറിയോഗ്രാഫര്‍ വന്നിട്ട് ”ഇതാണ് നൃത്തച്ചുവടുകള്‍. ഇത് ചെയ്യാമോ എന്ന് ചോദിച്ചു”? ഞാന്‍ ഒരുവട്ടം റിഹേഴ്സല്‍ ചെയ്തപ്പോള്‍ അദ്ദേഹം ചോദിച്ചു: ”നിങ്ങള്‍ കമല്‍ഹാസന്റെ അനന്തരവളാണെന്ന് ഉറപ്പാണോ?” ഇങ്ങനെയായിരുന്നു കാര്യങ്ങള്‍. അത് അത്ര എളുപ്പമായിരുന്നില്ല. അഭിനയം നിങ്ങളുടെ രക്തത്തിലുണ്ട് എന്നു പറയുമ്പോള്‍ അതില്‍ ഇങ്ങനെയൊരു പ്രശ്‌നവുമുണ്ട്.

ഇതൊരു ഫിലിം ഫെസ്റ്റിവലാണ്, ഇവിടെ നിങ്ങള്‍ ആര്‍ട്ട് ഹൗസ് സിനിമകളും പാരലല്‍ സിനിമകളുമൊക്കെ കാണുന്നുണ്ടാകും. ഞാന്‍ ചെയ്ത സിനിമകളില്‍ 20% അല്ലെങ്കില്‍ 25% മാത്രമേ പാരലല്‍ സിനിമകളുള്ളൂ. ബാക്കി 75-80 ശതമാനവും മുഖ്യധാരാ കൊമേഴ്‌സ്യല്‍ സിനിമകളാണ്. ഖുശ്ബുവാകട്ടെ ഏകദേശം 90-95 ശതമാനവും ഇത്തരം സിനിമകളാണ് ചെയ്തിട്ടുള്ളത്. അതില്‍ എല്ലാ ഹോംവര്‍ക്കും ചെയ്യുന്നത് സംവിധായകനാണ്. നിങ്ങള്‍ കഥാപാത്രമായി മാറുന്നു, മറ്റൊന്നിനെക്കുറിച്ചും ആകുലപ്പെടുന്നില്ല. ‘ഗുരുവിന് മുന്നില്‍ കീഴടങ്ങുക’ എന്ന് പറയുന്നതുപോലെയാണത്. സമാന്തര സിനിമകള്‍ ചെയ്യുമ്പോള്‍ ഖുശ്ബു എന്തെങ്കിലും ഹോംവര്‍ക്ക് ചെയ്യാറുണ്ടോ?

ഖുശ്ബു: സത്യത്തില്‍, സമാന്തര സിനിമയെന്നും മുഖ്യധാരാ സിനിമയെന്നും ഞാന്‍ വേര്‍തിരിക്കാറില്ല. കാരണം ഒരു സെറ്റിലേക്ക് പോകുമ്പോള്‍ സംവിധായകന്റെ കാഴ്ചപ്പാടിനനുസരിച്ച് മാറാന്‍ മാനസികമായി തയ്യാറെടുക്കും. മൃദുവായ കളിമണ്ണ് പോലെയാകും. കാരണം എനിക്ക് എന്നെത്തന്നെ ഒന്ന് രൂപപ്പെടുത്തിയെടുക്കാന്‍ ഇഷ്ടമാണ്. ‘ഇങ്ങനെയാണ് ഞാന്‍ ചെയ്യേണ്ടത്, എന്റെ വാക്കുകള്‍ അളന്നു മുറിച്ചതാകണം, സ്റ്റെപ്പുകള്‍ കൃത്യമാകണം’ എന്ന് വിചാരിക്കുന്ന ഒരു മെഥേഡ് ആക്ടറല്ല ഞാന്‍. അതുകൊണ്ട് എന്റെ സംവിധായകന്‍ എന്നെ രൂപപ്പെടുത്തട്ടെ എന്ന് ചിന്തിക്കും.

കെ. ബാലചന്ദര്‍ സാര്‍, ഭാരതിരാജ സാര്‍, അല്ലെങ്കില്‍ മലയാളത്തില്‍ കെ.ജി. ജോര്‍ജ് സാര്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോഴും, അതോടൊപ്പം തന്നെ പി. വാസു, കെ. സുബാഷ് അല്ലെങ്കില്‍ മണിരത്നം സാര്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോഴും ഞാന്‍ ഇങ്ങനെ തന്നെയാണ് ചെയ്തിട്ടുള്ളത്.

ചിലപ്പോള്‍ ഒരു കഥാപാത്രത്തെക്കുറിച്ച് പ്രത്യേക ധാരണയുമായിട്ടായിരിക്കും സെറ്റിലെത്തുന്നത്. പക്ഷേ സെറ്റില്‍ ചെല്ലുമ്പോള്‍ കാര്യങ്ങള്‍ മാറും. ഉദാഹരണത്തിന്, ബാലചന്ദര്‍ സാറിനൊപ്പം ‘ജാതിമല്ലി’ ചെയ്യുമ്പോള്‍, എന്റെ വളരെയേറെ കാര്യങ്ങള്‍ അദ്ദേഹം നിരീക്ഷിച്ചിരുന്നു. അതെനിക്കറിയില്ലായിരുന്നു. എന്റെ ചില ശീലങ്ങള്‍ അദ്ദേഹം ശ്രദ്ധിക്കുകയും സിനിമയില്‍ അത് ഉള്‍പ്പെടുത്തുകയും ചെയ്തു. ഞാന്‍ അത്ഭുതപ്പെട്ടു. അദ്ദേഹം എന്നെ സ്‌ക്രീനില്‍ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രമാക്കി മാറ്റി. ഭാരതിരാജ സാറിന്റെ ക്യാപ്റ്റന്‍ മകള്‍ ചെയ്തപ്പോള്‍, എനിക്ക് കുതിര സവാരിയും നീന്തലുമൊക്കെ അറിയാമെന്ന് മറ്റാര്‍ക്കും അറിയില്ല. പക്ഷേ അദ്ദേഹം അത് എങ്ങനെയോ അറിഞ്ഞു, ആ സിനിമയില്‍ കുതിരപ്പുറത്ത് സവാരി ചെയ്യുന്ന രീതിയിലൊക്കെ അദ്ദേഹം എന്റെ കഥാപാത്രത്തെ ഒരുക്കി. അതുകൊണ്ട് സംവിധായകന്‍ എന്നെ കഥാപാത്രമാക്കി മാറ്റുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു.

സുഹാസിനി: ഖുശ്ബു പറയുന്നത് നിങ്ങള്‍ക്കായി ചിന്തിക്കുന്ന സംവിധായകരെക്കുറിച്ചാണ്. പക്ഷേ കൊമേഴ്‌സ്യല്‍ സിനിമയില്‍ അത് എപ്പോഴും സംഭവിക്കണമെന്നില്ല. കരിയറും ഇമേജും നിങ്ങള്‍ തന്നെ സംരക്ഷിക്കണം. സിനിമാ ലോകത്ത് സ്വന്തമായൊരു ഇടം ഉണ്ട്. അത് കാത്തുസൂക്ഷിക്കണം. അതുകൊണ്ട് മുഖ്യധാരാ സിനിമകള്‍ക്കായി എങ്ങനെ തയ്യാറെടുക്കുന്നു?

എങ്ങനെയാണ് ഈ രംഗത്ത് ഒരു നീണ്ട കരിയര്‍ ഉണ്ടാക്കിയെടുത്തത്? അത് ക്രാഫ്റ്റ്, കോണ്‍ഫിഡന്‍സ് (ആത്മവിശ്വാസം), കരിസ്മ (വ്യക്തിപ്രഭാവം) എന്നിവയില്‍ അധിഷ്ഠിതമാണ്. ഒരു പാരലല്‍ സിനിമ ചെയ്യാന്‍ കരിസ്മ വേണമെന്നില്ല, സ്വാഭാവികമായിരുന്നാല്‍ മതി. സംവിധായകന്‍ നിങ്ങളില്‍ നിന്ന് മികച്ചത് പുറത്തെടുക്കും. എന്നാല്‍ കൊമേഴ്‌സ്യല്‍ സിനിമയില്‍ റിയലിസവും സ്റ്റൈലും ഒരേപോലെ വേണം.
ഒരു കഥ കേള്‍ക്കുമ്പോള്‍ സഹജമായിത്തന്നെ അത് ഇഷ്ടപ്പെടണം. കഥാപാത്രം വെല്ലുവിളി നിറഞ്ഞതാണെന്ന് തോന്നിയാല്‍ അത് തീര്‍ച്ചയായും ചെയ്യണം. കഥ കേള്‍ക്കുമ്പോള്‍ തന്നെ ഇവ ഹിറ്റാകുമെന്ന് തോന്നിയിരുന്നോ?

ഖുശ്ബു: ഇല്ല. തിരക്കഥ കേള്‍ക്കുമ്പോള്‍ എനിക്ക് കംഫര്‍ട്ടബിള്‍ ആണെങ്കില്‍ ഞാന്‍ സമ്മതിക്കും. പണ്ട് ഇന്നത്തെപ്പോലെ മുഴുവന്‍ തിരക്കഥയും ഉണ്ടാകില്ല, വണ്‍-ലൈനുകള്‍ മാത്രമേ ഉണ്ടാകൂ. എന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായ ‘ചിന്നത്തമ്പി’യെക്കുറിച്ച് പറയാം. പ്രായം 30 നോട് അടുത്ത, താലി എന്താണെന്ന് പോലും അറിയാത്ത ഒരു യുവാവ്, ലോകം കാണാത്ത ഒരു പെണ്‍കുട്ടിയുടെ കഴുത്തില്‍ താലി കെട്ടുന്നു. പി. വാസു സാര്‍ ആ കഥ പറഞ്ഞപ്പോള്‍ പ്രഭുവിന്റെ വേഷത്തെക്കുറിച്ചും, മൂന്ന് സഹോദരന്മാരുടെ സംരക്ഷണയില്‍ വളരുന്ന എന്റെ വേഷത്തെക്കുറിച്ചും മാത്രമേ പറഞ്ഞിരുന്നുള്ളൂ. സംവിധായകനില്‍ വിശ്വാസമുണ്ടെങ്കില്‍ നമ്മള്‍ നമ്മുടെ ചോദനയ്‌ക്ക് അനുസരിച്ച് മുന്നോട്ട് പോകും.

സുഹാസിനി: സൂപ്പര്‍ഹിറ്റ് സിനിമകളുടെ കഥ കേട്ടപ്പോള്‍ തന്നെ അവ ഹിറ്റാകുമെന്ന് തോന്നിയിരുന്നോ?

ഖുശ്ബു: ഇല്ല, ഒരിക്കലുമില്ല. ഞാന്‍ ചെയ്യുന്ന ഓരോ സിനിമയും ഹിറ്റാകണം എന്ന ആഗ്രഹത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്ന സിനിമയുടെ ഭാഗമാകാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ടാകും, എനിക്കും അതുണ്ട്. അതിനായി നമ്മള്‍ കഠിനാധ്വാനം ചെയ്യുന്നു. പക്ഷേ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കും എന്നോ അന്തിമഫലം എന്താകുമെന്നോ നമുക്കറിയില്ല. ഏറ്റവും മികച്ച തിരക്കഥകള്‍ പോലും പരാജയപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് പ്രേക്ഷകരുടെ പ്രതീക്ഷ എന്താണെന്ന് മുന്‍കൂട്ടി പറയാനാകില്ല.

സംവിധായകനുമായി നല്ലൊരു ആത്മബന്ധം ഉണ്ടായിരിക്കുക എന്നതാണ് പ്രധാനം. ഞാന്‍ ഒരു ‘ഡയറക്ടേഴ്‌സ് ആക്ടര്‍’ ആണ്. കഥ കേള്‍ക്കുമ്പോള്‍ ”ഇത് വ്യത്യസ്തമാണ്, എനിക്ക് ഇത് ചെയ്യണം” എന്ന് തോന്നിപ്പിക്കുന്ന ഒരു സ്പാര്‍ക്ക് ഉണ്ടാകണം. മുന്‍പ് ചെയ്തതില്‍ നിന്ന് എത്രത്തോളം വ്യത്യസ്തമാണ് പുതിയ സിനിമ എന്നതാണ് നമ്മളെ വളരാന്‍ സഹായിക്കുന്നത്.

സുഹാസിനി: വലിയ ഹിറ്റായില്ലെങ്കിലും ഹൃദയം കൊടുത്ത് ചെയ്ത, പ്രിയപ്പെട്ട ഏതെങ്കിലും സിനിമകളുണ്ടോ?

ഖുശ്ബു: ഒരുപാടുണ്ട്. ജാതിമല്ലി, ക്യാപ്റ്റന്‍ മകള്‍, ആരതി എടുങ്കടീ.. തുടങ്ങിയവ. എന്റെ ആദ്യത്തെ വലിയ തമിഴ് ഹിറ്റുകള്‍ മലയാളി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ പരാജയമായിരുന്നു. ഫാസില്‍ സാര്‍ സംവിധാനം ചെയ്ത എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രം മലയാളി പ്രേക്ഷകര്‍ ആദ്യം സ്വീകരിച്ചില്ല, പക്ഷേ അദ്ദേഹം അതില്‍ ചില മാറ്റങ്ങള്‍ വരുത്തി തമിഴില്‍ ചെയ്തപ്പോള്‍ വലിയ ഹിറ്റായി.

എല്ലാ നടീനടന്മാരെയും പോലെ ബാലചന്ദര്‍ സാറിന്റേയും മണിരത്‌നം സാറിന്റേയും സിനിമകളില്‍ അഭിനയിക്കുക എന്നത് എന്റെയും സ്വപ്‌നമായിരുന്നു. ഒരേസമയം രണ്ടുപേരുടെ സിനിമകളില്‍ അവസരവും ലഭിച്ചു. പക്ഷേ ആ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടപ്പോള്‍ വലിയ വിഷമമായി. കാരണം ഞാന്‍ എന്റെ സര്‍വ്വസ്വവും ആ സിനിമകള്‍ക്കായി നല്‍കിയിരുന്നു.

കണ്ണകിയായി സുഹാസിനിയും നന്ദിനിയായി ഖുശ്ബുവും

സുഹാസിനി: എന്റെ ആദ്യ തമിഴ് ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. ആദ്യ മലയാളം, കന്നഡ ചിത്രങ്ങള്‍ക്ക് ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. പക്ഷേ എന്റെ ആദ്യ തെലുങ്ക് ചിത്രം വന്‍ പരാജയമായിരുന്നു. എന്നിട്ടും ഞാന്‍ തെലുങ്കില്‍ 100 സിനിമകള്‍ ചെയ്തു. ഇതിനര്‍ത്ഥം ഭാഗ്യത്തില്‍ മാത്രം വിശ്വസിക്കരുത് എന്നാണ്. ഖുശ്ബു എങ്ങനെയാണ് ഒരു കൊമേഴ്‌സ്യല്‍ സിനിമയില്‍ കഥാപാത്രത്തെ ഉള്‍ക്കൊള്ളുന്നത്?

ഖുശ്ബു: എനിക്ക് അതൊരു പുതിയ സുഹൃത്തിനെ കാണുന്നത് പോലെയാണ്. ഞങ്ങള്‍ തമ്മില്‍ ഒരേ വേവ്ലെങ്തില്‍ ആയിരിക്കണം. ആ കഥാപാത്രവുമായി ആത്മബന്ധം തോന്നണം. കഥാപാത്രത്തിനായി അമിതമായി തയ്യാറെടുപ്പുകള്‍ നടത്താതിരിക്കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. അത് സ്വാഭാവികമായി സംഭവിക്കണം.

സുഹാസിനി: അതായത് ഒരാള്‍ ഒരു വാചകം തുടങ്ങുകയും അടുത്തയാള്‍ അത് പൂര്‍ത്തിയാക്കുകയും ചെയ്യുന്നതുപോലെ അല്ലെ? സ്വന്തം ജീവിതത്തിന് സമാനമായ ചിത്രങ്ങള്‍ ഖുശ്ബു ചെയ്തിട്ടുണ്ടോ?

ഖുശ്ബു: നമ്മളെല്ലാവരും ഒരു പ്രത്യേക വേഷം ചെയ്യുമ്പോള്‍, എവിടെയൊക്കെയോ ”ഇത് ശരിക്കും ഞാന്‍ തന്നെയാണ്” എന്ന് തോന്നിപ്പോകാറുണ്ട്. ഏത് കഥാപാത്രമായാലും അത് ആ നിമിഷത്തിലെ മനോനിലയെയും സാഹചര്യത്തെയും സീനിനെയും വികാരങ്ങളെയും ആശ്രയിച്ചിരിക്കും. ‘ചിന്നത്തമ്പി’ ചെയ്തപ്പോള്‍ അത് എന്നോട് വളരെ സാമ്യമുള്ളതായിരുന്നു. കാരണം എനിക്ക് മൂന്ന് മൂത്ത സഹോദരന്മാരുണ്ട്, ഞാന്‍ ഏറ്റവും ഇളയവളാണ്. സിനിമയിലെ കഥാപാത്രത്തെ പോലെ തന്നെ വീട്ടില്‍ ഞാനും അതീവ സംരക്ഷണയിലാണ് വളര്‍ന്നത്.

‘ക്യാപ്റ്റന്‍ മകള്‍’ ചെയ്തപ്പോള്‍ അതിലെ വന്യമായ സ്വഭാവം – കുതിര സവാരി ചെയ്യുന്നതും മലകള്‍ കയറുന്നതും ജീവിതത്തില്‍ റിസ്‌ക് എടുക്കുന്നതും – എല്ലാം ഞാന്‍ തന്നെയായിരുന്നു. എന്നാല്‍ ‘ആരതി എടുങ്കടീ’ ചെയ്തപ്പോള്‍ അത് തികച്ചും വൈകാരികമായിരുന്നു. എനിക്ക് അനുഭവമൊന്നുമില്ലെങ്കിലും എനിക്കറിയാവുന്ന ആരോ ഒരാള്‍ അത്തരമൊരു മാനസിക വിഷമത്തിലൂടെ കടന്നുപോകുന്നത് കണ്ട ഓര്‍മ്മയില്‍ നിന്ന് എനിക്ക് ആ വേഷവുമായി കണക്ട് ചെയ്യാന്‍ സാധിച്ചു.

സുഹാസിനി: സിനിമകളില്‍ എന്നും സാധാരണ മനുഷ്യജീവിതവുമായി ബന്ധപ്പെട്ട, യഥാര്‍ത്ഥമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കാറുള്ളത്. ഒരു നടി എന്ന നിലയില്‍ സ്വന്തം നിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ട് തന്നെ വിജയിച്ച വ്യക്തിയാണ് നിങ്ങള്‍. കരിയറിന്റെ തുടക്കത്തില്‍ നാം വിദഗ്‌ദ്ധരായ നടന്മാരല്ലാത്തതുകൊണ്ട് നമ്മുടെ തന്നെ സ്വഭാവരീതികളും മാനറിസങ്ങളും കഥാപാത്രത്തിലേക്ക് ചേര്‍ക്കേണ്ടി വരും.

ഒരു ഉദാഹരണം പറയാം. ഇവിടെ എത്രപേര്‍ക്ക് നടന്‍ രഘുവരനെ ഇഷ്ടമാണ്? അദ്ദേഹം അമിതാഭ് ബച്ചനെപ്പോലെ അത്രയും മികച്ച നടനായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കുമ്പോള്‍, ഒരു അരമണിക്കൂര്‍ കഴിഞ്ഞ് അദ്ദേഹം എന്റെ അടുത്ത് വന്ന് ചോദിച്ചു: ”താങ്കള്‍ ഒരു ചിങ്ങരാശിക്കാരി ആണോ? ആഗസ്തിലാണോ ജനിച്ചത്?”. ഞാന്‍ അത്ഭുതപ്പെട്ടു. അതെ എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു, ”താങ്കളുടെ സിനിമകളില്‍ എനിക്കത് കാണാം”. ആദ്യകാല സിനിമകളില്‍ നാം നമ്മളെത്തന്നെ കഥാപാത്രത്തിലേക്ക് പകരുന്നതുകൊണ്ട് അത്രയും സുതാര്യമായിരിക്കും കാര്യങ്ങള്‍.

എന്നെപ്പോലെയുള്ള ഒരു കഥാപാത്രത്തെ ആരെങ്കിലും വിവരിക്കുമ്പോള്‍ എനിക്കത് ഇഷ്ടമാണ്. എന്നാല്‍ എന്റെ പ്രകൃതത്തിന് വിരുദ്ധമായ, വെല്ലുവിളിയുള്ള വേഷങ്ങള്‍ ലഭിക്കുമ്പോള്‍ ഞാനത് പെട്ടെന്ന് സ്വീകരിക്കും. കാരണം ഒരു നടിയെന്ന നിലയില്‍ പക്വത എത്തുമ്പോഴാണ് മാറ്റങ്ങള്‍ പരീക്ഷിക്കാന്‍ നമുക്ക് ഭയമില്ലാതാകുന്നത്. എങ്കിലും കൊമേഴ്‌സ്യല്‍ സിനിമയില്‍ നമുക്ക് ചേരുന്ന കാര്യങ്ങള്‍ കൂടി ചെയ്യേണ്ടതുണ്ട്.

നടി ജയസുധ എനിക്ക് നല്‍കിയ ഒരു ഉപദേശമുണ്ട്: ”ഒരു സിനിമയില്‍ നിനക്ക് 30 സീനുകള്‍ ഉണ്ടെങ്കില്‍, 25 സീനുകളില്‍ നീ വന്നുപോകുന്നത് കുഴപ്പമില്ല, സംവിധായകന്‍ പറയുന്നത് കേള്‍ക്കുക. പക്ഷേ ബാക്കി 5 സീനുകളില്‍ നിന്റെ ഹൃദയവും ആത്മാവും നല്‍കി അഭിനയിക്കണം”. അതൊരു നല്ല ഉപദേശമായിരുന്നു. പക്ഷേ കെ. ബാലചന്ദര്‍, കെ. വിശ്വനാഥ് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ ഓരോ സീനും പ്രധാനപ്പെട്ടതാണെന്ന് ഞാന്‍ മനസ്സിലാക്കി. ഓരോ സീനും ഒരു പുതിയ സിനിമ പോലെയാണ് തുടങ്ങേണ്ടത്. അതുപോലെ കഥാപാത്രത്തിന്റെ വസ്ത്രധാരണത്തിലും ലുക്കിലും ശ്രദ്ധിക്കണം. ഖുശ്ബു, ഇക്കാര്യത്തില്‍ താങ്കള്‍ എങ്ങനെയാണ്.

ഖുശ്ബു: മുഖവും ശരീരവും മാറില്ലെങ്കിലും, മുടിയുടെ സ്‌റ്റൈലോ വസ്ത്രത്തിന്റെ നിറമോ മാറ്റി നമുക്ക് വ്യത്യാസം കൊണ്ടുവരാം. ‘മൈക്കിള്‍ മദന കാമരാജന്‍’ സിനിമയുടെ ആദ്യ ദിവസം ഞാന്‍ നല്ല മേക്കപ്പും ചുരുണ്ട മുടിയുമായി ഒരു ഗ്ലാമര്‍ രാജ്ഞിയെപ്പോലെയാണ് സെറ്റില്‍ പോയത്. അതുകണ്ട ഉടനെ കമല്‍ഹാസന്‍ പറഞ്ഞു: ”പിന്നില്‍ ഒരു വാഷ്റൂം ഉണ്ട്, പോയി മുഖം കഴുകി വരൂ.” ഞാന്‍ അല്പം മേക്കപ്പ് കുറച്ച് തിരിച്ചുചെന്നപ്പോള്‍ അദ്ദേഹം വീണ്ടും പറഞ്ഞു: ”മുഖത്ത് മേക്കപ്പിന്റെ ഒരു തരി പോലും ഉണ്ടാകരുത്. എന്റെ ശാലിനി മേക്കപ്പില്ലാത്ത പെണ്‍കുട്ടിയാണ്”. ഞാന്‍ ഉടന്‍ തന്നെ പോയി മുഖത്തെ ചമയങ്ങളെല്ലാം നീക്കി വന്നു. സ്രഷ്ടാക്കളുടെ മനസ്സിലുള്ള ആ കാഴ്ചപ്പാടിലേക്ക് നമ്മള്‍ മാറുകയാണ് വേണ്ടതെന്ന് ഞാന്‍ കരുതുന്നു.

സുഹാസിനി: എന്റെ സിനിമാറ്റോഗ്രാഫര്‍ മേക്കപ്പ് നോക്കുമ്പോള്‍ അദ്ദേഹം പറയും: ”എന്ത് തരം മേക്കപ്പാണിത്? അമിതമായ റൂഷ് കൂടുതല്‍ ലിപ്സ്റ്റിക്…” എന്നൊക്കെ അദ്ദേഹം പറയും. അപ്പോള്‍ ഞാന്‍ ചെയ്യുന്നത് ഇതാണ്, അടിസ്ഥാനപരമായി എനിക്ക് മേക്കപ്പ് ഇഷ്ടമല്ല, അതുകൊണ്ട് കഥാപാത്രത്തിന് അനുയോജ്യമായ എന്ത് മേക്കപ്പ് ഇട്ടാലും ഞാന്‍ നേരെ സിനിമാറ്റോഗ്രാഫറുടെ അടുത്ത് പോകും. ഞാന്‍ അവരോട് പറയും: ”എന്റെ മേക്കപ്പ് നോക്കൂ, ഇത് കൂടുതലാണ്. എനിക്ക് അസ്വസ്ഥത തോന്നുന്നു, ഇതൊക്കെ ഒന്ന് തുടച്ചു കളയണം.” അപ്പോള്‍ അദ്ദേഹം പറയും: ”ഏയ് അല്ലല്ല, ഇത് പെര്‍ഫെക്റ്റ് ആണ്! ഇത് കൊള്ളാം! കാണാന്‍ നല്ല ഭംഗിയുണ്ട്”.

ഒരു പുതിയ സിനിമയുടെ ചിത്രീകരണത്തിന്റെ തലേന്ന് രാത്രി സുഖമായി ഉറങ്ങുകയാണെങ്കില്‍, നിങ്ങള്‍ക്ക് ഈ സിനിമാ രംഗത്ത് നില്‍ക്കാന്‍ കഴിയില്ല. അത്രയും ആവേശം സിനിമയോട് ഉണ്ടെങ്കില്‍ തലേദിവസം ഉറങ്ങാന്‍ കഴിയില്ല. നിങ്ങള്‍ നന്നായി ഉറങ്ങുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ആ കഥാപാത്രത്തെക്കുറിച്ച് ആവേശമില്ല എന്നാണ് അര്‍ത്ഥം. ചിത്രത്തിന്റെ ആദ്യ ഷൂട്ടിങ്ങിന്റെ തലേന്ന് രാത്രി ഞാന്‍ ഒരിക്കലും ഉറങ്ങിയിട്ടില്ല.
ഷൂട്ടിന്റെ അന്ന് സംവിധായകനു വേണ്ടി കാത്തിരിക്കും. സംവിധായകന്‍ വന്ന് രംഗം വിവരിച്ചു തരുന്നു. അതുവരെ എന്റെ മനസ്സ് ശൂന്യമായിരിക്കും. അങ്ങനെയൊരു സംവിധായകന്‍ ഉണ്ടാവുക എന്നത് എത്ര സന്തോഷമാണെന്നോ? നമ്മുടെ ജീവിതത്തില്‍ ആരാണ് നമ്മളെ നയിക്കുന്നത്?’ ‘ഈ മാര്‍ക്കില്‍ നിന്ന് ആ മാര്‍ക്കിലേക്ക് പോകൂ, ഈ വശത്തേക്ക് തിരിഞ്ഞ് ആ ഡയലോഗ് പറയൂ” എന്ന് ആരെങ്കിലും നമുക്ക് പറഞ്ഞു തരുന്നുണ്ടോ? ആരും നിങ്ങളെ നയിക്കാനില്ലെങ്കില്‍ നിങ്ങള്‍ അനാഥരെപ്പോലെയാണ്. ഞാന്‍ എപ്പോഴും പറയാറുണ്ട്, ഒരു ഷോട്ടിനിടയില്‍ അവര്‍ ‘സ്റ്റാര്‍ട്ട്’ എന്നു പറയുന്നതിനും ‘കട്ട്’ എന്ന് പറയുന്നതിനും ഇടയിലുള്ള സമയം ”ജനനവും മരണവുമാണ്.” അവര്‍ ”ഷോട്ട് ഒകെയല്ല”എന്ന് പറയുമ്പോള്‍ അത് നിങ്ങള്‍ക്ക് മരണം പോലെയാണ്. അതുകൊണ്ട് സംവിധായകന്‍ വരുമ്പോള്‍ നിങ്ങള്‍ ആ രംഗം മനസ്സിലാക്കുന്നു, അത് മനോഹരമാണ്. അദ്ദേഹം രംഗം വിവരിക്കുമ്പോള്‍ അത് അതിമനോഹരമാണ്. അതിനുശേഷം നിങ്ങള്‍ മേക്കപ്പിനും ഹെയര്‍ സ്റ്റൈലിനുമായി പോകുന്നു. സിനിമയില്‍ എങ്ങനെ കാണപ്പെടണം എന്നാണ് ആഗ്രഹിക്കുന്നത്, ഖുശ്ബു?

ഖുശ്ബു: അത് ഞാന്‍ ചെയ്യുന്ന കഥാപാത്രത്തെ ആശ്രയിച്ചിരിക്കും.

സുഹാസിനി: നമ്മുടെ ഇരുപതുകളിലും മുപ്പതുകളിലും ഒന്നും നമുക്ക് മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടായിരുന്നില്ല. ഇന്ന് നമുക്ക് മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുണ്ട്, അവര്‍ നമ്മളെ കൂടുതല്‍ സുന്ദരിമാരാക്കുന്നു. പക്ഷേ അന്ന് നമ്മള്‍ തന്നെയായിരുന്നു മേക്കപ്പ് ചെയ്തിരുന്നത്. വെറും 15 മിനിറ്റ് മാത്രമേ അതിന് എടുത്തിരുന്നുള്ളൂ.

ഖുശ്ബു: അതെ, കൃത്യം 15 മിനിറ്റ്. എന്റെ ഹെയര്‍ ഡ്രസ്സര്‍ ഒരുപാട് കാലമായി കൂടെയുണ്ട്. ഞാന്‍ അദ്ദേഹത്തോട് കാര്യങ്ങള്‍ വിശദീകരിക്കും. പക്ഷേ കണ്ണാടിയില്‍ നോക്കുമ്പോള്‍ എനിക്ക് തൃപ്തി വന്നില്ലെങ്കില്‍ ”ഈ വേഷത്തിന് ഈ ഹെയര്‍ സ്റ്റൈല്‍ ശരിയാകില്ല” എന്ന് പറയും. അപ്പോള്‍ മാറ്റങ്ങള്‍ വരുത്തും. പണ്ട് ഷൂട്ടിങ്ങിന് പോകുന്നതിന് മുന്‍പ് സംവിധായകന്‍ റൂമില്‍ വരുമായിരുന്നു. ഞാന്‍ തയ്യാറായി കഴിഞ്ഞ് അദ്ദേഹത്തെ വിളിച്ച് കാണിക്കും. ഇപ്പോള്‍ ഞാന്‍ ഫോട്ടോ എടുത്ത് അയച്ചു കൊടുക്കും, ”ഇത് മതിയോ, മാറ്റം വേണോ?” എന്ന് ചോദിക്കും. സെറ്റില്‍ ചെന്നിട്ട് സംവിധായകന്‍ ”ഇത് ശരിയല്ല, പോയി മാറ്റി വരൂ” എന്ന് പറഞ്ഞ് സമയം കളയാന്‍ പാടില്ല. സിനിമയില്‍ സമയം എന്നാല്‍ പണമാണ്. ഓരോ മിനിറ്റും വിലപ്പെട്ടതാണ്. പക്ഷേ ഒരിക്കല്‍ സെറ്റിലെത്തി കഴിഞ്ഞാല്‍ പിന്നെ എന്റെ മേക്കപ്പ് എവിടെയെങ്കിലും പോകട്ടെ, ലിപ്സ്റ്റിക് മായട്ടെ, അതൊന്നും ഞാന്‍ ശ്രദ്ധിക്കില്ല. കാരണം അപ്പോള്‍ ഞാന്‍ ആ കഥാപാത്രമായിരിക്കും.

സുഹാസിനി: ഖുശ്ബു, എനിക്ക് 16 വയസ്സുവരെ ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലായിരുന്നു. ഞാന്‍ ഒരു ഗ്രാമത്തിലാണ് പഠിച്ചത്. ഫിസിക്സും കെമിസ്ട്രിയും ചരിത്രവും എല്ലാം തമിഴിലായിരുന്നു. ചെന്നൈയില്‍ വന്നപ്പോഴാണ് ഇതെല്ലാം ഇംഗ്ലീഷിലും പഠിക്കാമെന്ന് അറിഞ്ഞത്. തമിഴ് മാത്രം അറിയാവുന്ന ഞാന്‍ തെലുങ്ക്, മലയാളം, കന്നഡ സിനിമകളില്‍ അഭിനയിച്ചു. മറ്റുള്ളവര്‍ പറയുന്നത് മനസ്സിലാക്കാന്‍ വേണ്ടിയെങ്കിലും ഇംഗ്ലീഷ് പഠിക്കേണ്ടി വന്നു. നീ മഹാരാഷ്‌ട്രയില്‍ നിന്ന് ദക്ഷിണേന്ത്യയിലേക്ക് വന്നപ്പോള്‍ ഉണ്ടായ ഭാഷാപ്രശ്നം എന്തായിരുന്നു?

ഖുശ്ബു: അതൊരു വലിയ പ്രശ്നമായിരുന്നു. എന്റെ ആദ്യത്തെ തമിഴ് സിനിമയുടെ ഷൂട്ടിങ്ങിന് സുഹാസിനിയും അവിടെ ഉണ്ടായിരുന്നു. രജനി സാര്‍, പ്രഭു സാര്‍ എന്നിവരൊക്കെ ഉണ്ടായിരുന്നു. സുഹാസിനി അന്ന് ആ കഥാപാത്രമായിത്തന്നെ ഒരിടത്ത് ഇരിക്കുകയാണ്. അവരെ കണ്ടപ്പോള്‍ എന്റെ സ്‌കൂള്‍ പ്രിന്‍സിപ്പാളിനെപ്പോലെ തോന്നി. ആരോടും അധികം സംസാരിക്കില്ല.

ഷൂട്ടിങ്ങിന്റെ ആദ്യ ദിനം ഞാന്‍ മറാത്തിയില്‍ രജനി സാറുമായി സംസാരിക്കുകയായിരുന്നു. സെറ്റില്‍ എല്ലാവരും ‘സേട്ടാ, വാടാ, പോടാ’ എന്നൊക്കെ പറയുന്നത് ഞാന്‍ കേട്ടിരുന്നു. അതുകേട്ട് ഞാനും രജനി സാറിനോട് ‘പോടാ’ എന്ന് പറഞ്ഞു. സെറ്റ് ആകെ നിശ്ശബ്ദമായി. എല്ലാവരും സ്തംഭിച്ചു നിന്നു. രജനി സാര്‍ അതു കേട്ട് ചിരിച്ചു കൊണ്ട് പോയി. പിന്നീടാണ് എനിക്ക് മനസ്സിലായത് മുതിര്‍ന്നവരോട് ‘പോടാ’ എന്ന് പറയാന്‍ പാടില്ലെന്ന്. ‘പോയിട്ട് വരിക’എന്നാണ് പറയേണ്ടതെന്ന്. ഒരു അഭിനേതാവ് എന്ന നിലയില്‍ ഭാഷ മനസ്സിലാക്കിയില്ലെങ്കില്‍ ഡയലോഗ് പറയുമ്പോള്‍ ഭാവം വരണമെന്നില്ല. അതുകൊണ്ട് ഞാന്‍ എല്ലാ ഡയലോഗുകളും ഹിന്ദിയില്‍ എഴുതുമായിരുന്നു. എന്റെ ഡയലോഗ് മാത്രമല്ല, കൂടെ അഭിനയിക്കുന്നവരുടെ ഡയലോഗും ഞാന്‍ പഠിക്കുമായിരുന്നു. എങ്കില്‍ മാത്രമേ എപ്പോള്‍ എവിടെ പ്രതികരിക്കണം എന്ന് മനസ്സിലാകൂ. സുഹാസിനി, താങ്കള്‍ പോലും ഒരു ഭാഷയുടെ കാര്യത്തില്‍ പരാജയപ്പെട്ടിട്ടുണ്ടല്ലോ?

സുഹാസിനി: അതെ, എനിക്കറിയാം. എന്റെ ആദ്യ സിനിമയിലെ അഭിനയത്തിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചു. പിന്നെ മലയാളത്തില്‍ ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചു. ആ ആത്മവിശ്വാസത്തോടെ ഞാന്‍ ബാലചന്ദര്‍ സാറിന്റെ ഒരു കന്നഡ സിനിമയില്‍ അഭിനയിക്കാന്‍ പോയി. അദ്ദേഹം എനിക്ക് ഒരു ഡയലോഗ് തന്നു. അതെനിക്ക് വഴങ്ങാന്‍ പ്രയാസമുള്ളതായിരുന്നു. അത് ശരിയാകാന്‍ 29 ടേക്കുകള്‍ വേണ്ടി വന്നു! എന്നിട്ടും 29-ാമത്തെ ടേക്ക് ശരിയായില്ല. ഒടുവില്‍ ബാലചന്ദര്‍ സാര്‍ പറഞ്ഞു: ”ഇതൊരു തവണ കൂടി പറഞ്ഞാല്‍ ഒന്നുകില്‍ ഞാന്‍ ബോറടിച്ച് മരിക്കും, അല്ലെങ്കില്‍ നീ ശ്വാസം കിട്ടാതെ മരിക്കും. അതുകൊണ്ട് നമുക്ക് ഇത് തന്നെ ഓക്കെ ആക്കാം.” രാവിലെ 9 മണിക്ക് തുടങ്ങിയ ആ രംഗത്തിന്റെ ചിത്രീകരണം ഉച്ചയ്‌ക്ക് 12:45 വരെ നീണ്ടുനിന്നു. കൂടെ അഭിനയിച്ചവര്‍ അത്രയും നേരം എന്നെ സഹിച്ചു. സിനിമയില്‍ അഭിനയിക്കുമ്പോള്‍ നടന്മാര്‍ തമ്മില്‍ മത്സരമില്ല, സഹകരണമാണുള്ളത്. മമ്മൂട്ടി എപ്പോഴും പറയുമായിരുന്നു: ”താങ്കളില്‍ നിന്ന് ഒരു കോംപ്ലിമെന്ററി ആക്ടിംഗ് ആണ് ഞാന്‍ പ്രതീക്ഷിക്കുന്നത്” എന്ന്. ഖുശ്ബു, ഏതെങ്കിലും നടനെ കണ്ട് പേടിച്ചിട്ടുണ്ടോ? കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ നീ എപ്പോഴെങ്കിലും പതറിയിട്ടുണ്ടോ?

ഖുശ്ബു: മലയാളത്തില്‍ എന്റെ ആദ്യ സിനിമ മോഹന്‍ലാലിനൊപ്പമായിരുന്നു, രണ്ടാമത്തേത് സുരേഷ് ഗോപിക്കൊപ്പം. മൂന്നാമത്തെ സിനിമ മമ്മൂട്ടിക്കൊപ്പമായിരുന്നു. അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ പോകുന്നതിന്റെ ആവേശത്തിലായിരുന്നു ഞാന്‍. നല്ല ഭക്ഷണം കഴിച്ച് ഞാന്‍ ഒരു രാജ്ഞിയെപ്പോലെ അണിഞ്ഞൊരുങ്ങി ഇരിക്കുകയാണ്. അദ്ദേഹം (മമ്മൂട്ടി) മുറിയിലേക്ക് നടന്നു വരണം, ഞാന്‍ കട്ടിലില്‍ ഇരിക്കുകയാണ്. കെ.ജി. ജോര്‍ജ് സാര്‍ ആയിരുന്നു സംവിധായകന്‍. മമ്മൂക്ക നടന്നു വരുന്നു, ഒരു ഡയലോഗ് പറയുന്നു, ഞാന്‍ കിടന്നുകൊണ്ട് തിരിച്ച് മറുപടി പറയണം. പക്ഷേ അദ്ദേഹം മുറിയിലേക്ക് വന്ന നിമിഷം, ഞാന്‍ അദ്ദേഹത്തെ നോക്കി ആകെ സ്തംഭിച്ചു പോയി. ”എന്തുപറ്റി?’ സംവിധായകന്‍ ജോര്‍ജ് സാര്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു: ”എന്റെ ഡയലോഗ് മറന്നുപോയി”. എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. ”അദ്ദേഹത്തെ (മമ്മൂട്ടി) നോക്കിയപ്പോള്‍ ഞാന്‍ എല്ലാം മറന്നുപോയി. ഈ മനുഷ്യന്‍ എന്നെ വല്ലാതെ ‘ഭയ’പ്പെടുത്തുന്നു (Intimidating)”എന്നു ഞാന്‍ പറഞ്ഞു.

അപ്പോള്‍ മമ്മൂക്ക ചോദിച്ചു: ”ഞാന്‍ നിന്നോട് എന്ത് ചെയ്തു?” ”താങ്കളുടെ ഈ ഗാംഭീര്യമുള്ള വ്യക്തിത്വം കാരണമാണ്” എന്നായിരുന്നു എന്റെ മറുപടി. മമ്മൂട്ടി എന്ന നടന്‍ ആ വേഷത്തില്‍ നടന്നു വന്നപ്പോള്‍, അവിടെ മമ്മൂക്കയെയല്ല, സിനിമയിലെ ‘നമ്പൂതിരി’ കഥാപാത്രത്തെയാണ് ഞാന്‍ കണ്ടത്. അതെന്നെ പൂര്‍ണ്ണമായും നിശ്ശബ്ദയാക്കി. വേറെ ആരുടെ കൂടെ അഭിനയിക്കുമ്പോഴും എനിക്ക് ഇങ്ങനെ സംഭവിച്ചിട്ടില്ല. ഇപ്പോഴും ഞാന്‍ അദ്ദേഹത്തോട് തമാശയായി പറയും, ”എന്നെ അന്ന് അങ്ങനെ പേടിപ്പിച്ചതിന് ഞാന്‍ ഒരിക്കലും നിങ്ങളോട് ക്ഷമിക്കില്ല.”

സുഹാസിനി: പഴയ വലിയ ഫിലിം സെറ്റുകള്‍ എന്നെയും ഭയപ്പെടുത്താറുണ്ട്. വലിയ ലിവിങ് റൂമും ചുറ്റിക്കയറുന്ന ഗോവണിയും ഒക്കെ. നമ്മള്‍ മുകളില്‍ നിന്ന് താഴേക്ക് വന്ന് എന്‍.ടി. രാമറാവുവിന്റേയോ നാഗേശ്വര റാവുവിന്റേയോ മുന്നില്‍ നിന്ന് ഡയലോഗ് പറയണം. മൈക്ക് ഒക്കെ നമ്മുടെ അടുത്തേക്ക് വരും, എല്ലാവരും നിശബ്ദരായിരിക്കും. ആ സമയത്ത് നമുക്ക് ആകെ പേടി തോന്നും, ചിലപ്പോള്‍ തളര്‍ന്നു പോകും.

സഹപ്രവര്‍ത്തകരായ നടന്മാരില്‍ നിന്നാണ് ഞാന്‍ കാര്യങ്ങള്‍ പഠിച്ചത്. ഞാന്‍ ഒരു സിനിമാറ്റോഗ്രാഫര്‍ ആയിരുന്നു, അഭിനയത്തെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല. ചിരഞ്ജീവിക്കൊപ്പം ഒരു തെലുങ്ക് സിനിമയില്‍ ഞാന്‍ അദ്ദേഹത്തിന്റെ വീട്ടിലെ ഒരു വേലക്കാരിയായി അഭിനയിക്കുകയാണ്. സത്യത്തില്‍ ഞാന്‍ ധനികയാണ്. ഒരു സീനില്‍ ഞങ്ങള്‍ ആറ് പേരുണ്ട്. എനിക്ക് ഡയലോഗ് ഒന്നുമില്ല, ഞാന്‍ ഒരു കസേരയ്‌ക്ക് പിന്നില്‍ നില്‍ക്കുകയാണ്. ഓരോരുത്തരും ഡയലോഗ് പറയുമ്പോള്‍ ഞാന്‍ ഓരോ മുഖഭാവങ്ങള്‍ വരുത്തി. പെട്ടെന്ന് ചിരഞ്ജീവി എന്നെ നോക്കി ചോദിച്ചു: ”നീ എന്താണ് ഈ ചെയ്യുന്നത്”? ഞാന്‍ പറഞ്ഞു: ”അഭിനയിക്കുന്നു”. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ”നീ ഈ സിനിമയിലെ നായികയാണ്, വെറുമൊരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് അല്ല”. വെറുതെ നിന്ന് മുഖഭാവം കാണിക്കുന്നത് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ചെയ്യുന്നതാണ്, നായികമാര്‍ അങ്ങനെ ചെയ്യരുത് എന്നൊരു വലിയ പാഠമാണ് അദ്ദേഹം എനിക്ക് തന്നത്.

അതുപോലെ വിഷ്ണുവര്‍ധന്‍ സാര്‍. ഞങ്ങള്‍ ഒരു വൈകാരിക രംഗം അഭിനയിക്കുകയായിരുന്നു. ഞാന്‍ വളരെ നന്നായി ചെയ്യുന്നുണ്ടെന്നാണ് എന്റെ വിചാരം. പക്ഷേ അദ്ദേഹം എന്റെ മുഖത്ത് നോക്കി പറഞ്ഞു: ”എന്ത് അസംബന്ധ പ്രകടനമാണിത്”. നമുക്കെല്ലാം നമ്മള്‍ നല്ല നടിമാരാണെന്ന വിശ്വാസമുണ്ടല്ലോ. മറ്റൊരു ചിത്രത്തില്‍ ഞാന്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കുമ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു: ”നീ പോയി ഒരു മൂലയില്‍ ഇരിക്കൂ, എങ്ങനെ ഈ സീന്‍ കുറച്ചുകൂടി നന്നായി ചെയ്യാം എന്ന് ചിന്തിച്ചിട്ട് വന്ന് ചെയ്യൂ”. സംവിധായകനല്ല, വിഷ്ണു സാറാണ് എന്നോട് ഇത് പറഞ്ഞത്. നമ്മുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്ന അങ്ങനെയുള്ള ആളുകളെ ഞാന്‍ ഇന്ന് മിസ്സ് ചെയ്യുന്നു.

ഖുശ്ബു: സത്യമാണ്. എന്നെ സംബന്ധിച്ച് ഏറ്റവും വലിയ വഴികാട്ടിയും അധ്യാപകനും കമല്‍ഹാസന്‍ സാറാണ്. കമല്‍ സാറിനൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ അഭിനയം എന്താണെന്ന് മാത്രമല്ല, സിനിമാ നിര്‍മാണത്തിലെ സൂക്ഷ്മ വശങ്ങള്‍ കൂടി പഠിക്കാന്‍ കഴിയും. ‘മൈക്കിള്‍ മദന കാമരാജന്‍’ ക്ലൈമാക്സില്‍ തോക്കുമായി എല്ലാവരും ഓടുന്ന രംഗം ഞങ്ങള്‍ സെറ്റില്‍ തമാശയ്‌ക്ക് ചെയ്തതായിരുന്നു. അദ്ദേഹം പറഞ്ഞു: ”ഇത് കൊള്ളാം, നമുക്കിത് സിനിമയില്‍ ചെയ്യാം.” അത്രത്തോളം സ്വാഭാവികമായാണ് അദ്ദേഹം കാര്യങ്ങള്‍ ചെയ്യുന്നത്.

അതുപോലെ മനോരമ. ഏത് കഥാപാത്രവും വളരെ ലളിതമായി അവതരിപ്പിക്കും. എന്റെ മിക്കവാറും എല്ലാ തമിഴ് സിനിമകളിലും അവര്‍ എന്റെ അമ്മയായോ അമ്മായിയായോ ഒക്കെ ഉണ്ടായിരുന്നു. അവരില്‍ നിന്നെല്ലാം ഒരുപാട് പഠിക്കാന്‍ കഴിഞ്ഞു.

സുഹാസിനി: നമ്മള്‍ മേക്കപ്പിനെക്കുറിച്ചും ട്രയലുകളെക്കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. ഒരു കൊമേഴ്‌സ്യല്‍ സിനിമയില്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിന് മുന്‍പ് അത് നിങ്ങള്‍ക്ക് ചേരുന്നുണ്ടോ എന്ന് നോക്കുന്നത് വളരെ പ്രധാനമാണ്. ഞാന്‍ ഷൂട്ടിംഗിന് പോകുമ്പോള്‍ എപ്പോഴും അധികം വസ്ത്രങ്ങള്‍ കരുതാറുണ്ട്. ഖുശ്ബുവും അങ്ങനെ ചെയ്യാറില്ലേ?

ഖുശ്ബു: അതെ, തീര്‍ച്ചയായും.

സുഹാസിനി: പാദരക്ഷകള്‍, വസ്ത്രങ്ങള്‍ എന്നിവ അധികം കരുതണം. ഗ്ലാസുകള്‍ കരുതണം, കാരണം പെട്ടെന്ന് സംവിധായകന്‍ പറയും, ”എനിക്ക് ഒരു പ്രത്യേക ലുക്ക് വേണം”. അപ്പോള്‍ അടുത്തുള്ള കടയില്‍ പോയി അത് വാങ്ങാന്‍ നില്‍ക്കാനാവില്ല, കാരണം അത് ഷൂട്ടിംഗ് 45 മിനിറ്റോളം വൈകിപ്പിക്കും. ഖുശ്ബു സെറ്റില്‍ വരുമ്പോള്‍ ഒരു കഥാപാത്രത്തിനനുസരിച്ച് എങ്ങനെയാണ് ശരീരഭാഷ മാറ്റുന്നത്? താങ്കള്‍ വളരെ സൗഹൃദത്തോടെ പെരുമാറുന്ന ഒരാളാണ്. രജനി സാര്‍ ഹീറോയായും, സത്യരാജ് വില്ലനായും, സുജാത അമ്മയായും, മനോരമ, നാസര്‍ തുടങ്ങിയവരൊക്കെ ഉള്ള ഒരു സെറ്റിലേക്ക് ചെല്ലുമ്പോള്‍ അവരോട് എങ്ങനെയായിരിക്കും പെരുമാറുക?

ഖുശ്ബു: ഒരു നടി എന്ന നിലയില്‍, അവര്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ മാത്രമല്ല, അവരുമായി എനിക്കുള്ള വ്യക്തിബന്ധവും പ്രധാനമാണ്. സെറ്റില്‍ പ്രവേശിക്കുമ്പോള്‍ ഞാന്‍ ഖുശ്ബുവായിരിക്കും. അവരോട് വളരെ മര്യാദയോടും വിനയത്തോടും പെരുമാറും. എന്നാല്‍ കഥാപാത്രമായി മാറിക്കഴിഞ്ഞാല്‍ ആ ഇടപെടലുകള്‍ മാറും.

രജനി സാറിനെപ്പോലെയുള്ള ഒരു സൂപ്പര്‍സ്റ്റാറിനൊപ്പം അഭിനയിക്കുമ്പോള്‍, അദ്ദേഹം ആ പദവിക്ക് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന മികച്ചൊരു നടനാണ്. ‘അണ്ണാമലൈ’ ചെയ്യുമ്പോള്‍ ആദ്യ പകുതിയില്‍ പ്രണയവും സന്തോഷവുമൊക്കെയാണ്. എന്നാല്‍ രണ്ടാം പകുതിയില്‍ ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ വലിയ അകല്‍ച്ചയുണ്ട്. ആ സമയത്ത് സെറ്റില്‍ ഞങ്ങള്‍ സംസാരിക്കാറേ ഇല്ലായിരുന്നു, കാരണം അദ്ദേഹം ആ കഥാപാത്രത്തിലായിരുന്നു. 21-ാം വയസ്സില്‍ ഞാന്‍ ഒരു 18 വയസ്സുകാരിയുടെ അമ്മയായി അഭിനയിക്കുകയായിരുന്നു. സെറ്റില്‍ ആ വേഷത്തില്‍ എത്തിക്കഴിഞ്ഞാല്‍ രജനി സാറുമായി ആ കഥാപാത്രത്തിന് വേണ്ട അകലം പാലിക്കും. പക്ഷേ ഒരു പാട്ട് രംഗമോ മറ്റോ ചെയ്യുമ്പോള്‍ പെട്ടെന്ന് പഴയ രീതിയിലേക്ക് മാറും.

കാര്‍ത്തിക്കിനെപ്പോലെയുള്ള നടന്മാര്‍ വളരെ സ്വാഭാവികമായി അഭിനയിക്കുന്നവരാണ്. റിഹേഴ്സലില്‍ ചെയ്ത കാര്യമായിരിക്കില്ല അദ്ദേഹം ടേക്കില്‍ ചെയ്യുന്നത്. ചിലപ്പോള്‍ അദ്ദേഹം അപ്രതീക്ഷിതമായി എന്തെങ്കിലും ചെയ്യും. അതുകൊണ്ട് കൂടെ അഭിനയിക്കുന്നവര്‍ എന്തിനും പ്രാപ്തരാണെന്ന് നമ്മള്‍ മനസ്സിലാക്കണം.

സംഭാഷണം ഇവിടെ അവസാനിക്കുകയാണ്. ഇനി കഥാപാത്രത്തിലേക്കുള്ള പരകായപ്രവേശമാണ്. ചിന്നത്തമ്പിയിലെ നന്ദിനിയിലേക്കുള്ള ഖുശ്ബുവിന്റെ പകര്‍ന്നാട്ടം ഒരു നിമിഷാര്‍ത്ഥം കൊണ്ടായിരുന്നു. നീ എങ്കേ എന്‍ അന്‍പേ… എന്ന ഗാനത്തിനൊപ്പം അതിന്റെ ഭാവതീവ്രത ഒട്ടും ചോരാതെ വര്‍ഷങ്ങള്‍ക്കിപ്പുറവും തത്സമയം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കുകയായിരുന്നു ഖുശ്ബു.

മധുരാപുരി പ്രതികാരാഗ്നിയാല്‍ ചുട്ടെരിച്ച വിരഹിണിയായ കണ്ണകിയായി മാറിയാണ് സുഹാസിനി പ്രേക്ഷകരെ വിസ്മയിപ്പിച്ചത്. പതീവിയോഗത്താലുള്ള വിരഹ വേദനയും പ്രതികാര ദാഹവും എല്ലാം സുഹാസിനിയുടെ കണ്ണകിയില്‍ ഭദ്രമായിരുന്നു. ഡാന്‍സ് കൊറിയോഗ്രാഫര്‍ കലാ മാസ്റ്ററും സുഹാസിനിക്കൊപ്പം വേദിയിലെത്തി. വിസ്മയങ്ങളുടെ അപൂര്‍വ്വ നിമിഷങ്ങള്‍ക്കാണ് ആ പകല്‍ കലാ അക്കാദമി സാക്ഷ്യം വഹിച്ചത്.

 

Tags: #IFFI2025Actress KhushbuActress Suhasinidiscussion between Suhasini and Khushbu56th Goa Film Festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിധു വിനോദ് ചോപ്ര അഭിജിത് ജോഷിയ്‌ക്കൊപ്പം തുറന്ന സംവാദത്തില്‍ പങ്കെടുത്തപ്പോള്‍
Entertainment

എന്റെ സിനിമകള്‍ ഞാന്‍ തന്നെ: വിധു വിനോദ് ചോപ്ര

ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അഭിനയ ശില്പ ശാലയില്‍ സുഹാസിനിയും ഖുശ്ബുവും
Entertainment

നീ എങ്കെ എന്‍ അന്‍പേയ്‌ക്ക്.. ചുവടുവച്ച് ഖുശ്ബുവും കണ്ണകിയായി സുഹാസിനിയും

ഇന്ത്യന്‍ പനോരമ ഫീച്ചര്‍ വിഭാഗത്തില്‍ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ച അമരന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും കമല്‍ ഹാസനൊപ്പം
Entertainment

ഗോവ അന്താരാഷ്ട ചലച്ചിത്രോത്സവം: ദേശസ്‌നേഹത്തിന് ആദരമായി അമരനും കകോരിയും

News

ഗോവ ഫിലിം ഫെസ്റ്റിവൽ: 120 ബഹാദൂർ; 1962 ഭാരത-ചൈനാ യുദ്ധകഥയുടെ ലോക പ്രീമിയർ നടക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.