അംബോസെല്ലി: കെനിയയിലെ അംബോസെല്ലി നാഷണല്‍ പാര്‍ക്കിലെ സൂപ്പര്‍ ടസ്‌കര്‍ വിഭാഗത്തില്‍പ്പെട്ട വിഖ്യാത കൊമ്പന്‍ ക്രെയ്ഗ് ചരിഞ്ഞു. സൂപ്പര്‍ ടസ്‌കര്‍ വിഭാഗത്തിലെ അവസാനത്തെ കൊമ്പനാണ് ക്രെയ്ഗ്. ദൈര്‍ഘ്യമുള്ള, സവിശേഷമായ കൊമ്പുകളിലൂടെ ലോക പ്രശസ്തനായ ക്രെയ്ഗ് കെനിയ വൈല്‍ഡ്‌ലൈഫ് സര്‍വീസിന്റേയും നാഷണല്‍ പാര്‍ക്കിനടുത്തുള്ള പ്രദേശവാസികളുടേയും പ്രത്യേക സംരക്ഷണത്തിലായിരുന്നു. വന്യജീവി സംരക്ഷണത്തിന്റെ ലോകത്തിലെ ഏറ്റവും ഉദാത്തമായ മാതൃക എന്നാണ് ക്രെയ്ഗിന്റെ സംരക്ഷണത്തെ വിശേഷിപ്പിച്ചിരുന്നത്. അമ്പത്തിനാലാമത്തെ വയസിലാണ് ക്രെയ്ഗ് ലോകത്തോടു വിടപറഞ്ഞത്. 1972 ജനുവരിയില്‍ കാന്‍ഡ്രയിലായിരുന്നു ജനനം.
ഒരു കൊമ്പിന് 45 കിലോയിലധികം തൂക്കമുള്ള സൂപ്പര്‍ ടസ്‌കര്‍ ആനകളെ കൊമ്പുമുറിക്കാന്‍ വോട്ടക്കാര്‍ കൊന്നൊടുക്കുകയായിരുന്നു എണ്‍പതുകളുടെ അവസാനത്തോടെ എണ്ണം അറുപതിനായിരത്തില്‍ നിന്ന് ഇരുപതിനായിരമായി. പിന്നെയും സൂപ്പര്‍ ടസ്‌കര്‍ ആനകളെ വേട്ടക്കാര്‍ ലക്ഷ്യമിട്ടപ്പോഴാണ് ക്രെയ്ഗിന്റെ സംരക്ഷണം കെനിയന്‍ വൈല്‍ഡ്‌ലൈഫ് സര്‍വീസ് കര്‍ശനമാക്കിയത്.
ക്രെയ്ഗിന്റെ ഒരു കൊമ്പിന് 45.5 കിലോ തൂക്കമുണ്ടായിരുന്നു. കൊമ്പിന്റെ അഴകും മികച്ച ലക്ഷണങ്ങളും മാത്രമല്ല ക്രെയ്ഗിനെ പ്രശസ്തനാക്കിയത്. ശാന്തസ്വഭാവത്തിലൂടെയും ശ്രദ്ധേയനായി. സന്ദര്‍ശകരേയും ഗവേഷകരേയുമൊക്കെ അടുത്തു ചെല്ലാനും ഇടപഴകാനും ക്രെയ്ഗ് സമ്മതിച്ചിരുന്നു. സ്വാഭാവിക കാരണങ്ങളാല്‍ത്തന്നെയാണ് മരണമെന്ന് വൈല്‍ഡ്‌ലൈഫ് സര്‍വീസ് വക്താവ് അറിയിച്ചു.











