ബംഗളൂരു: വിവിധ മാധ്യമങ്ങള്‍ക്കെതിരെ നല്‍കിയ വാര്‍ത്താ വിലക്ക് ഹര്‍ജിയില്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് പിഴയിട്ട് കോടതി.പതിനായിരം രൂപയാണ് ബംഗളൂരു സിറ്റി സിവില്‍ സെഷന്‍സ് കോടതി പിഴയിട്ടത്.
മുട്ടില്‍ മരം മുറി, മാംഗോ ഫോണ്‍ തട്ടിപ്പ് തുടങ്ങിയ കേസുകളിലെ വാര്‍ത്തകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നടപടി. ഹര്‍ജിക്കാര്‍ക്ക് ദുരുദ്ദേശമെന്നതടക്കമുള്ള നിരീക്ഷണങ്ങള്‍ പങ്കുവച്ചാണ് കോടതി, റിപ്പോര്‍ട്ടര്‍ ടിവിക്ക് പിഴയിട്ടത്. ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും വാര്‍ത്തകള്‍ നീക്കിയിട്ടുണ്ടെങ്കില്‍ അവയെല്ലാം പുനസ്ഥാപിക്കാമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
റിപ്പോര്‍ട്ടര്‍ ടിവി ഡയറക്ടര്‍മാരായ അഗസ്റ്റിന്‍ സഹോദരങ്ങള്‍ പ്രതികളായ മുട്ടില്‍ മരംമുറി, മാംഗോ ഫോണ്‍ തട്ടിപ്പ് തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ട് വിവിധ മാധ്യമങ്ങളുടെ 994 വാര്‍ത്താ ലിങ്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ഹര്‍ജി നല്‍കിയത്.
തുടക്കത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് അനുകൂലമായി കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഹര്‍ജിയില്‍ ഏഷ്യാനെറ്റ് ന്യൂസ് കക്ഷി ചേര്‍ന്നു. പിന്നാലെ റിപ്പോര്‍ട്ടര്‍ ടിവി ഹര്‍ജി പിന്‍വലിക്കുന്നുവെന്ന് കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍ പിഴ ചുമത്തണമെന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ വാദം അംഗീകരിച്ചാണ് ബെംഗളൂരു സിറ്റി സിവില്‍ സെഷന്‍സ് കോടതിയുടെ വിധി.
















