തൃശൂര്‍: വടക്കാഞ്ചേരി കോഴ ആരോപണം സംബന്ധിച്ച്, ആരില്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്ന് മുസ്ലീം ലീഗ് സ്വതന്ത്രന്‍ ഇ യു ജാഫര്‍. ഒരു രൂപ പോലും വാങ്ങിയിട്ടില്ല. സിപിഎമ്മുമായി യാതൊരു ഡീലുമില്ല. എല്‍ഡിഎഫിന് വോട്ട് ചെയ്തത് അബദ്ധത്തിലാണെന്നും ജാഫര്‍ പറഞ്ഞു.
തന്റേതെന്ന പേരില്‍ പുറത്തു വന്ന ശബ്ദരേഖയിലുള്ളത് വെറും സൗഹൃദസംഭാഷണമാണെന്ന വാദമാണ് ഇ യു ജാഫര്‍ മുന്നോട്ട് വയ്‌ക്കുന്നത്. മനസില്‍ ഇപ്പോഴും യുഡിഎഫുകാരന്‍ തന്നെയാണ്. പാര്‍ട്ടി തന്നെ പുറത്താക്കിയെന്നും വ്യക്തമാക്കി.
തൃശൂര്‍ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ട് ചെയ്യാന്‍ സിപിഎം 50 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്ന മുസ്ലീംലീഗ് സ്വതന്ത്രന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. 50 ലക്ഷമോ പ്രസിഡന്റ് സ്ഥാനമോ തെരഞ്ഞെടുക്കാമെന്നായിരുന്നു ഓപ്ഷനെന്ന് ലീഗ് സ്വതന്ത്രന്‍ ഇ യു ജാഫര്‍ പറയുന്ന ശബ്ദരേഖയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.
കൂറ്മാറി വോട്ട് ചെയ്തതിന് പിന്നാലെ ജാഫര്‍ രാജിവച്ചു. പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ സിപിഎം നേടി. ലീഗ് സ്വതന്ത്രനായി തളിയില്‍ നിന്നാണ് ജാഫര്‍ വിജയിച്ചത്. തെരഞ്ഞെടുപ്പിന് തലേന്ന് നടത്തിയ വെളിപ്പെടുത്തലാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.സംഭവത്തില്‍ അനില്‍ അക്കര ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കി.
















