കല്‍പ്പറ്റ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റേത് മറുപടി അര്‍ഹിക്കാത്ത പ്രസ്താവനകളാണെന്ന് മുസ്‌ളീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തന്നെ അതു തെളിയിച്ചുവെന്ന് കുഞ്ഞാലിക്കുട്ടി വയനാട്ടില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കെ അവകാശപ്പെട്ടു. വെള്ളാപ്പള്ളി പിന്തുണച്ചിട്ടും ഇടതു പക്ഷത്തിന് തദ്‌ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായതിനെ പരാമര്‍ശിച്ചാണ് കുഞ്ഞാലിക്കുട്ടി ഇങ്ങനെ പറഞ്ഞത്.
അതേസമയം വെളളാപ്പള്ളിയുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വ്യാപകമായി രംഗത്തു വന്നിട്ടുണ്ട്. പൊതുസമൂഹത്തില്‍ വര്‍ഗീയ ചേരി തിരിവ് ഉണ്ടാക്കിയെന്നാരോപിച്ച് വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഡിജിപിക്ക് പരാതി നല്‍കി. വര്‍ഗീയ പരാമര്‍ശങ്ങള്‍ വഴി വെള്ളാപ്പള്ളി കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് പരാതിയില്‍ പറയുന്നു. പൊലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരന്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
















