തൃശൂര്‍: എൽഡിഎഫിന് വോട്ട് ചെയ്യാൻ സിപിഎം 50 ലക്ഷം രൂപ വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖ. വടക്കാഞ്ചേരി ബ്ലോക്ക് തളി ഡിവിഷനില്‍ നിന്ന് വിജയിച്ച ഇ.യു ജാഫര്‍, കോണ്‍ഗ്രസ് വരവൂര്‍ മണ്ഡലം പ്രസിഡന്റായ എ.എ മുസ്തഫയോട് സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. സംഭവത്തില്‍ കോണ്‍ഗ്രസ് നല്‍കിയ പരാതിയെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം ആരംഭിച്ചു.
സ്വതന്ത്രൻ പ്രസിഡൻ്റാകുമെന്നും ട്വിസ്റ്റ് നടക്കുമെന്നും ജാഫർ പറയുന്ന ശബ്ദരേഖയാണ് പുറത്തു വന്നത്. ലീഗ് സ്വതന്ത്രനായാണ് ജാഫർ മത്സരിച്ചത്. കൂറു മാറി വോട്ട് ചെയ്തതിന് പിന്നാലെ ജാഫർ രാജി വച്ചിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ തലേദിവസമായിരുന്നു ഈ ഫോൺ സംഭാഷണം. ഒന്നുകില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആകാം, അല്ലെങ്കില്‍ 50 ലക്ഷം രൂപ സ്വീകരിച്ച് സിപിഎമ്മിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് നല്‍കാം. ഇതായിരുന്നു സിപിഎം നല്‍കിയ ഓഫർ.
ഇതിന് പിന്നാലെ 50 ലക്ഷം രൂപ വാങ്ങാനാണ് തീരുമാനമെന്ന് ലീഗ് പ്രവര്‍ത്തകന്‍ പാർട്ടിയെ അറിയിക്കുകയായിരുന്നു. എല്‍ഡിഎഫിനും യുഡിഎഫിനും ഏഴ് അംഗങ്ങള്‍ വീതമുണ്ടായിരുന്ന വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തില്‍ മുസ്ലിം ലീഗ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കൂറുമാറി വോട്ട് ചെയ്തതിന് പിന്നാലെ പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് സ്വന്തമാക്കിയിരുന്നു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനാകട്ടെ ജാഫര്‍ എത്തിയതുമില്ല. ഇതോടെ വൈസ് പ്രസിഡന്റ് സ്ഥാനവും എല്‍ഡിഎഫിന്റെ കയ്യിലാവുകയായിരുന്നു.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൂറുമാറി എല്‍ഡിഎഫിന് വോട്ട് ചെയ്ത മുസ്ലിം ലീഗ് സ്വതന്ത്രന് സിപിഎം 50 ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നെന്ന് വ്യക്തമാക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത്.
















