പത്തനംതിട്ട: പുതുവത്സരാഘോഷങ്ങള്‍ക്കിടെ ഡിജെ കലാകാരന്റെ ലാപ്‌ടോപ്പ് പൊലീസ് ചവിട്ടി പൊട്ടിച്ചെന്ന് ആരോപണം. പത്തനംതിട്ട ജിയോ ഗ്രൗണ്ടില്‍ നടന്ന പരിപാടിക്കിടെയാണ് സംഭവം. യൂട്യൂബറായ അഭിരാം സുന്ദറിന്റെ ലാപ്‌ടോപ്പ് ആണ് പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ചവിട്ടി തെറിപ്പിച്ചത്.
വ്യാഴാഴ്ച വെളുപ്പിന് ഒരു മണിയോടെയാണ് സംഭവം. സ്റ്റേജിലേക്ക് കയറിയ പൊലീസുകാരന്‍ ലാപ്‌ടോപ്പില്‍ ചവിട്ടുന്ന ദൃശ്യങ്ങള്‍ അടക്കം അഭിരാം സുന്ദര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.
ഒരു ലക്ഷം രൂപ വിലയുളള ലാപ്‌ടോപ്പ് പൊലീസ് അതിക്രമത്തില്‍ തകര്‍ന്നെന്നാണ് അഭിരാം സുന്ദറിന്റെ ആരോപണം. രാത്രിമുഴുവന്‍ അച്ഛനും അമ്മയ്‌ക്കും ഒപ്പം പൊലീസ് സ്റ്റേഷനില്‍ കഴിയേണ്ടി വന്നെന്നും അഭിരാം പറഞ്ഞു. തനിക്കെതിരെ പൊലീസ് കേസെടുത്തെന്നും അഭിരാം പറഞ്ഞു.
അതേസമയം അടി ഉണ്ടായതോടെയാണ് ഇടപെട്ടതെന്നാണ് പൊലീസ് വിശദീകരണം.കത്തിക്കുത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പരിപാടി നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും അവഗണിച്ചു. നിശ്ചിത സമയത്തിന് ശേഷവും പുതുവത്സരാഘോഷ പരിപാടികള്‍ നീണ്ടു പോയി. സംഘാടകരും പരിപാടി കാണാന്‍ എത്തിയവരും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. ഇതിനിടയില്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.
















