ന്യൂദൽഹി: ശബരിമല യുവതീപ്രവേശനം, മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം ഉള്‍പ്പെടെയുള്ള ആചാര വിഷയങ്ങള്‍ പരിഗണിക്കാന്‍ ഒന്‍പതംഗ ഭരണഘടനാ ബെഞ്ചിന്റെ രൂപവത്കരണം പരിഗണനയിലാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മതസ്വാതന്ത്ര്യവും സ്ത്രീകള്‍ക്കെതിരായ വിവേചനവും ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്‌ക്ക് വിടുന്നതിന്റെ സാധ്യതയാണ് പരിശോധിക്കുന്നതെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ബെഞ്ച് എപ്പോള്‍ രൂപീകരിക്കുമെന്നോ എപ്പോള്‍ മുതല്‍ വാദം കേട്ട് തുടങ്ങുമെനോന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടില്ല. ശബരിമല യുവതീപ്രവേശനം മാത്രമല്ല ദാവൂദി ബോറ മുസ്ലീം സമുദായത്തിലെ സ്ത്രീകളുടെ ചേലാകര്‍മ്മം ആചാരം, മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം ഉള്‍പ്പടെയുള്ള വിഷയങ്ങളും ഭരണഘടനാ ബെഞ്ച് പരിഗണിക്കേണ്ടതുണ്ട്.
സമുദായത്തിന് പുറത്ത് വിവാഹം കഴിക്കുന്ന പാഴ്സി സ്ത്രീകളുടെ അജിയാരി (സൊറോസ്ട്രിയന്‍ ക്ഷേത്രം) പ്രവേശനം നിഷേധിക്കുന്നതിനെ ചോദ്യം ചെയ്യുന്ന ഹര്‍ജികളും സുപ്രീംകോടതിയുടെ മുന്നിലുണ്ട്. ഇതെല്ലാം 9 അംഗ ബെഞ്ചിന് വിടുന്നതാണ് പരിഗണിക്കുന്നത്. ഇത്തരം വിഷയങ്ങള്‍ പരിഗണിക്കാന്‍ 2019-ല്‍ അന്നത്തെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടെ നേതൃത്വത്തില്‍ ഒന്‍പതംഗ ബെഞ്ച് രൂപവത്കരിച്ചിരുന്നു. ആ ബെഞ്ചിലെ അംഗമായിരുന്നു നിലവിലെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്.
നിരവധി സുപ്രധാന ഭരണഘടനാ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്ന തീര്‍പ്പുകല്‍പ്പിക്കാത്ത ഹര്‍ജികള്‍ കൈകാര്യം ചെയ്യുന്നതിനായി കഴിയുന്നത്ര ഭരണഘടനാ ബെഞ്ചുകള്‍ സ്ഥാപിക്കുക എന്നതാണ് തന്റെ മുന്‍ഗണനകളില്‍ ഒന്നെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
















