തിരുവനന്തപുരം (31-12-2024): മതപരിവർത്തനം നടത്തിയ സംഭവത്തിൽ നാഗ്പൂരിൽ മലയാളി പാസ്റ്ററെയും ഭാര്യയെയും സഹായികളെയും കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പ്രതികരണവുമായി സിഎസ്ഐ സഭ മധ്യകേരള ഇടവക ബിഷപ്പ് സാബു മലയിൽ കോശി. വൈദികർ മത പരിവർത്തനം നടത്തിയിട്ടില്ലെന്ന് ബിഷപ്പ് മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ 12 വർഷമായി നാഗ്പൂരിൽ ഇവരുടെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
കുഗ്രാമങ്ങളിലുള്ളവർക്ക് വിദ്യാഭ്യാസം നൽകുന്നതാണ് അവർ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ നാഗ്പൂരിൽ നടക്കുന്നത് രണഘടന നൽകുന്ന സ്വാതന്ത്ര്യത്തിനെതിരാണെന്നും അദ്ദേഹം വ്യക്തമാക്കി. നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന പരാതിയിൽ മഹാരാഷ്‌ട്ര നാഗ്പൂരിൽ മലയാളി പാസ്റ്ററായ നാഗ്‍പൂര്‍ മിഷനിലെ സുധീറിനെയുംഭാര്യ ജാസ്മിനെയും സഹായികളെയും പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു ബിഷപ്പ്.കുട്ടികൾക്ക് വേണ്ടി അവിടെ സ്കൂളുകൾ നടത്തുന്നുണ്ട്. ആരോഗ്യപരമായ കാര്യങ്ങൾ ചെയ്യുന്നുണ്ട്.
ക്രൈസ്തവ മിഷണറിമാരുടെ പ്രവർത്തനങ്ങളാണ് പല ഗ്രാമങ്ങളുടെയും വളർച്ചയ്‌ക്ക് സഹായിക്കുന്നത്. അകാരണമായാണ് ഇവരെ അറസ്റ്റ് ചെയ്തത്. വൈദികനായ സുധീറിനെ അവിടെ വിളിച്ചുവരുത്തിയതാണ്. ക്രിസ്മസുമായി ബന്ധപ്പെട്ട ആരാധനയാണ് അവിടെ നടന്നത്. പോലീസ് നടപടിയെ സിഎസ്ഐ ബിഷപ്പ് കൗൺസിൽ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഫാദര്‍ സുധീര്‍, ഭാര്യ ജാസ്മിൻ, എന്നിവരെ കൂടാതെ ഇവരുടെ സഹായികൾ ഉൾപ്പെടെ 12 പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നാണ് വിവരം. എഫ്ഐആർ രജിസ്റ്റർ ചെയ്തുവെന്നാണ് വിവരം.എന്തൊക്കെ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ ഇനിയും വ്യക്തത വന്നിട്ടില്ല.













