തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പ് പുറത്തിറക്കിയ സുവര്‍ണ ലോട്ടറിയില്‍ ശിവലിംഗത്തെ അധിക്ഷേപിക്കുന്ന ചിത്രം വച്ചത് സര്‍ക്കാരിന്റെ ആസൂത്രിത നീക്കം. 2019 ജനുവരി 2ന് രാ്രതിയിലാണ് ശബരിമലയില്‍ പോലീസ് അകമ്പടിയോടെ യുവതികളെ കയറ്റിയത്. ജനുവരി 2നാണ് വിവാദ ലോട്ടറിയുടെ നറുക്കെടുപ്പും. യുവതികളെ ശബരിമലയില്‍ കയറ്റിയത് കേരളത്തിന്റെ സുവര്‍ണ കാലഘട്ടം എന്ന് വിശേഷിപ്പിക്കുന്നതിനാണ് ജനുവരി 2ന് തന്നെ നറുക്കെടുപ്പ് നിശ്ചയിച്ച് പുറത്തിറക്കിയ ലോട്ടറി ടിക്കറ്റില്‍ ശിവലിംഗത്തെ അധിക്ഷേപിച്ച് ചിത്രം പ്രിന്റ് ചെയ്തിരിക്കുന്നത്.
ശിവലിംഗം, മൂന്നിതള്‍ താമര, രക്തം ഇറ്റുന്ന വസ്ത്രം എന്നിവയെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ് ലോട്ടറി ടിക്കറ്റിലെ ചിത്രം. ആര്‍ത്തവ രക്തത്താല്‍ അഭിഷേകം ചെയ്യുന്ന ശിവലിംഗമാണ് ചിത്രത്തിലുള്ളതെന്ന് വ്യക്തമാകുന്നു. ശബരിമല വിവാദം കത്തി നില്‍ക്കെ കൊച്ചിയില്‍ സംഘടിപ്പിച്ച ആര്‍പ്പോ ആര്‍ത്തവ സമരവുമായി ബന്ധപ്പെട്ട വിവാദ കവാടത്തിന്റെ മാതൃകയുമായി ഈ ചിത്രത്തിന് സാമ്യമുണ്ട്.
തിരുവനന്തപുരത്തെ ലോട്ടറി ഓഫീസിലെ ചിത്രകാരന്മാരായിരുന്നു മുമ്പ് ചിത്രങ്ങള്‍ തയാറാക്കിയിരുന്നത്. ഇപ്പോള്‍ കൊച്ചി ലോട്ടറി ഓഫീസില്‍ നിന്നാണ് ചിത്രങ്ങള്‍ തയാറാക്കി തിരുവനന്തപുരത്തെ ഓഫീലേക്ക് അയയ്‌ക്കുന്നത്. ഇത് പരിശോധിച്ച ശേഷം ഡയറക്ടര്‍ ഒപ്പിട്ട് നല്‍കണം. ഇതിനു ശേഷമാണ് പ്രിന്റ് ചെയ്യാന്‍ അയയ്‌ക്കുന്നത്.
ചിത്രങ്ങള്‍ ഇപ്പോള്‍ ലളിതകലാ അക്കാദമിയിലെയും പുറത്തു നിന്നുമുള്ള ചിത്രകാരന്മാരുമാണ് തയ്യാറാക്കി നല്‍കുന്നത്. തിരുവനന്തപുരം ലോട്ടറി ഡയറക്ടറേറ്റിലെ ജോസ് എന്ന ഉദ്യോഗസ്ഥനാണ് കൊച്ചിയില്‍ നിന്നും അയച്ച വിവാദ ചിത്രം അംഗീകാരം വാങ്ങി പ്രന്റ് ചെയ്യാന്‍ അയച്ചത്. ഇതിനു മുമ്പും ഹൈന്ദവ സമൂഹത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ടിക്കറ്റില്‍ അച്ചടിച്ചിട്ടുണ്ടെന്നാണ് ലോട്ടറി വകുപ്പില്‍ നിന്നും ലഭിക്കുന്ന വിവരം.
സര്‍ക്കാര്‍ സംരംഭത്തില്‍ മത ചിഹ്നങ്ങളോ, മത ഗ്രന്ഥങ്ങളോ ഉപയോഗിക്കരുതെന്ന് വിലക്കുള്ളപ്പോഴാണ് ഹൈന്ദവരെ അവഹേളിക്കുന്ന തരത്തിലുള്ള ചിത്രം പ്രിന്റ് ചെയ്തത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ജനുവരി 2ന് നറുക്കെടുപ്പ് നടക്കുന്ന സ്ഥലത്തേക്ക് വനിതകള്‍ മാര്‍ച്ച് സംഘടിപ്പിക്കും.















