തിരുവനന്തപുരം: മോഹന്‍ലാലിന്റെ വളര്‍ച്ചയുടെ ഓരോ പടവുകളും താണ്ടിയത് മുടവന്‍മുകളിലെ ഹില്‍വ്യൂവില്‍ നിന്നാണ്. മോഹന്‍ലാല്‍ വലിയ നടനായി മാറിയപ്പോള്‍ ചെന്നൈയിലേക്കും കൊച്ചിയിലേക്കും താമസം മാറിയെങ്കിലും ശാന്തകുമാരി ഹില്‍വ്യൂവില്‍ തുടര്‍ന്നു.
തിരക്കിനിടയിലും അമ്മയെ കാണാന്‍ ഹില്‍വ്യൂവിലേക്ക് മോഹന്‍ലാല്‍ ഓടിയെത്തിയിരുന്നു. മോഹന്‍ലാലിന്റെ മൂന്നാമത്തെ വയസ്സിലാണ് മുടവന്‍മുകളിലെ വീട് അച്ഛന്‍ വിശ്വനാഥന്‍ നായര്‍ പണികഴിപ്പിച്ചത്. അതിനുമുമ്പ് തിരുവനന്തപുരത്ത് തന്നെ വാടകവീട്ടിലായിരുന്നു താമസിച്ചത്. വീടിന് ‘ഹില്‍ വ്യൂ’ എന്നു പേരിട്ടത് മോഹന്‍ലാലിന്റെ അച്ഛനാണ്. അന്നവിടെ അധികം വീടുകളൊന്നുമില്ല. കിഴക്ക് മലകളും പടിഞ്ഞാറുഭാഗത്ത് കടലുമായി പ്രകൃതിയുടെ വരദാനം പോലെയാണ് ആ വീട്. അച്ഛനും അമ്മയും ജ്യേഷ്ഠനും ഞാനുമടങ്ങുന്ന ഞങ്ങളുടെ ചെറിയ കുടുംബത്തിന് ഹില്‍ വ്യൂ സ്വര്‍ഗം തന്നെയായിരുന്നുവെന്ന് മോഹന്‍ലാല്‍ അഭിമുഖങ്ങളില്‍ പറയുമായിരുന്നു.
മുടവന്‍മുകളിലെ വീട്ടില്‍ വച്ച് 1978ല്‍ മോഹന്‍ലാലിന്റെ ആദ്യ സിനിമയായ ‘തിരേനാട്ടം’ ചിത്രീകരിച്ചത്. വീടിനു മുന്നിലുള്ള റോഡിലൂടെ സൈക്കിള്‍ മോഹന്‍ലാല്‍ ചവിട്ടിവരുന്ന രംഗമാണ് ആദ്യം ചിത്രീകരിച്ചത്. തിരനോട്ടത്തിന്റെ ഷൂട്ടിംഗ് പുറത്ത് നടക്കുമ്പോള്‍ ഇതെല്ലാം നോക്കിക്കണ്ട് ശാന്താകുമാരി വീട്ടിലുണ്ടായിരുന്നു. ‘മഞ്ഞില്‍വിരിഞ്ഞ പൂക്കളില്‍’ അഭിനയിക്കാന്‍ മോഹന്‍ലാല്‍ യാത്രയാരംഭിക്കുന്നതിനുമുമ്പ് ഹില്‍ വ്യൂവിലെത്തി അമ്മയുടേയും അച്ഛന്റേയും അനുഗ്രഹം തേടിയിരുന്നു. പിന്നീട് വീട്ടില്‍ എത്തുന്നത് അപൂവമായി. പല അഭിമുഖങ്ങളിലും വീടിനെ കുറിച്ച് മോഹന്‍ലാല്‍ വാചാലനായിരുന്നു. അമ്മയുള്ള സ്വന്തം വീടു തരുന്ന സുഖവും സമാധാനവും ഒരു ഹോട്ടലിനും തരാനാകില്ല. പലപ്പോഴും മനസ്സിനെ തണുപ്പിക്കുന്ന, സാന്ത്വനമേകുന്ന സംഗീതം പോലെയാണ് എനിക്കു വീട്.” ഒരു അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞ വാങ്ങുകള്‍ വൈറലായിരുന്നു. അച്ഛന്‍ കെ. വിശ്വനാഥന്‍ നായരുടെ മരണത്തിന് ശേഷം തീര്‍ത്തും ഒറ്റപ്പെട്ടുപോയ അമ്മ ശാന്താകുമാരിയെ മോഹന്‍ലാല്‍ നിര്‍ബന്ധിച്ച് കൊച്ചിയിലെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.
















