കൊല്ലം: എല്ലാം അയ്യപ്പന്‍ നോക്കിക്കോളുമെന്ന് സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍. കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി മടങ്ങുമ്പോഴാണ് മാധ്യമങ്ങളോട് പത്മകുമാറിന്റെ പ്രതികരണം. ദൈവതുല്യന്‍ ആരാണെന്ന ചോദ്യത്തിന് ‘വേട്ടനായ്‌ക്കള്‍ അല്ലെ’ന്ന് പത്മകുമാര്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രന്‍ ആണോ ദൈവതുല്യന്‍ എന്ന് മാധ്യമങ്ങള്‍ ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍, ‘ഏതായാലും ശവംതീനികള്‍ അല്ല’ എന്നായിരുന്നു മറുപടി.
കേസില്‍ പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി 14 ദിവസം കൂടി നീട്ടിയിട്ടുണ്ട്. ഇതോടെ പത്മകുമാര്‍ ജയിലില്‍ തുടരും. എല്ലാം ചെയ്തിരുന്നത് പത്മകുമാറാണെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കിയ കാര്യം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു, എല്ലാം അയ്യപ്പന്‍ നോക്കിക്കോളുമെന്ന് പത്മകുമാര്‍ പറഞ്ഞത്. ദൈവതുല്യരായി കണ്ട പലരും അങ്ങനെയല്ല പ്രവര്‍ത്തിച്ചതെന്ന് പത്മകുമാര്‍ നേരത്തെ പറഞ്ഞിരുന്നു.
















