കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ ശ്രീപാര്‍വതി ദേവിയുടെ നടതുറപ്പ് മഹോത്സവം ജനുവരി 2 മുതല്‍ 13 വരെ ആഘോഷിക്കും. തിരുവാഭരണ ഘോഷയാത്ര 2ന് വൈകിട്ട് 4.30ന് അകവൂര്‍ മനയിലെ ശ്രീരാമസ്വാമിക്ഷേത്രത്തില്‍ നിന്നാരംഭിക്കും. അലങ്കരിച്ച തേരില്‍ തിരുവാഭരണ ഘോഷയാത്ര ക്ഷേത്രത്തിലെത്തുന്നതോടെ രാത്രി 8ന് നടതുറപ്പ് മഹോത്സവം ആരംഭിക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ പുലര്‍ച്ചെ 4 മുതല്‍ രാത്രി 9 വരെ ദര്‍ശനം നടത്താം. ഇതിനായി 50,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പന്തലുകള്‍ ഒരുക്കിയിട്ടുണ്ട്. വഴിപാടുകള്‍ നടത്തുന്നതിന് കൗണ്ടറുകള്‍ ഒരുക്കി.
www.thiruvairanikkulamtemple.org എന്ന വെബ്‌സൈറ്റില്‍ ബുക്ക് ചെയ്യാം. വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തിട്ടുള്ളവര്‍ക്ക് ബാര്‍കോഡ് അടങ്ങിയ ബുക്കിങ് രസീത് ദേവസ്വം പാര്‍ക്കിങ് ഗ്രൗണ്ടിലെ വെരിഫിക്കേഷന്‍ കൗണ്ടറില്‍ നിന്നും ലഭിക്കും.
ഉത്സവദിവസങ്ങളില്‍ രാവിലെ 9 മുതല്‍ പകല്‍ 3 വരെ അന്നദാനം ഉണ്ടാകും. കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസ് നടത്തും. ആരോഗ്യ വിഭാഗം സജ്ജമായിരിക്കും. ഹരിത ചട്ടം പാലിക്കും, ശുദ്ധജലം, വാഹന പാര്‍ക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് എ. മോഹന്‍കുമാര്‍, സെക്രട്ടറി എ.എന്‍. മോഹനന്‍, മാനേജര്‍ എം.കെ. കലാധരന്‍, പബ്ലിസിറ്റി കണ്‍വീനര്‍ എം.എസ്. അശോകന്‍, വൈസ് പ്രസിഡന്റ് പി.കെ. നന്ദകുമാര്‍, ട്രസ്റ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















