ന്യൂദല്‍ഹി: എഐ ഇംപാക്ട് ഉച്ചകോടിയ്‌ക്ക് ഫെബ്രുവരി 15 മുതല്‍ 20 വരെ രാജ്യതലസ്ഥാനം വേദിയാകും. നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും വ്യവസായ പ്രമുഖരും വിദഗ്‌ദ്ധരും ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം സെക്രട്ടറി എസ്. കൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എഐയുടെ ഭാവി രൂപപ്പെടുത്തുന്നതിനായാണ് ഉച്ചകോടി. ഭാരതമണ്ഡപമാണ് ഉച്ചകോടിക്ക് വേദിയാവുക. ഉച്ചകോടിയുടെ ഭാഗമായുള്ള എക്സ്പോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. സിഇഒ റൗണ്ട് ടേബിളിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ലോകനേതാക്കള്‍ക്കായി അദ്ദേഹം അത്താഴവിരുന്നും ഒരുക്കും.
മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്, ഡീപ്പ് മൈന്‍ഡ് ടെക്നോളജീസ് സിഇഒ ഡെന്നിസ് ഹസാബിസ്, ആന്ത്രോപിക് സിഇഒ ഡാരി യോ അമോഡെ, അഡോബ് സിഇഒ ശന്തനു നാരായണ്‍, സെയില്‍സ്ഫോഴ്സ് സിഇഒ മാര്‍ക്ക് ബെനിയോഫ്, ക്വാല്‍കോം സിഇഒ ക്രിസ്റ്റ്യാനോ അമോണ്‍, ഫെഡ് എക്സ് സിഇഒ രാജ് സുബ്രഹ്‌മണ്യം തുടങ്ങിയ പ്രമുഖര്‍ ഉച്ച കോടിയ്‌ക്കെത്തും. 136 രാജ്യങ്ങളില്‍ നിന്നായി ഏകദേശം 15,500 പേര്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സമ്പദ് വ്യവസ്ഥയുടെ പ്രധാന മേഖലകള്‍ക്കായുള്ള പ്രായോഗികവും വിപുലീകരിക്കാവുന്നതുമായ പരിഹാരങ്ങളിലാണ് എഐ ഇംപാക്ട് ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കുക. ആരോഗ്യസംരക്ഷണം, കൃഷി, ഭരണം, വിദ്യാഭ്യാസം, ഉല്‍പ്പാദനം തുടങ്ങിയ മേഖലകളില്‍ എഐ സാങ്കേതികവിദ്യകള്‍ കാര്യമായ നേട്ടങ്ങള്‍ സമ്മാനിക്കുമെന്ന് ഉറപ്പാക്കുകയാണ് ഉച്ചകോടിയുടെ ലക്ഷ്യമെന്ന് എസ്. കൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
















