ന്യൂദല്‍ഹി: കര, കടല്‍, ആകാശം എന്നീ മൂന്ന് പ്രതലങ്ങളില്‍ നിന്നും ആണവായുധം തൊടുക്കാന്‍ ശേഷിയുള്ള രാജ്യമാണ് ആണവത്രയശേഷി എന്ന പദവിയുള്ള രാജ്യം. ഇന്ത്യ ഈ പദവി സ്വന്തമാക്കിയിരിക്കുകയാണ്. ആയുധശക്തിയില്‍ മുന്‍പന്തിയില്‍ ഉള്ള റഷ്യ, യുഎസ്, ഫ്രാന്‍സ്, ചൈന, യുകെ തുടങ്ങി വിരലിലെണ്ണാവുന്ന ഏതാനും രാജ്യങ്ങള്‍ക്ക് മാത്രം ലഭിച്ച പദവിയാണ് ഇപ്പോള്‍ ഇന്ത്യയ്‌ക്ക് ലഭിച്ചത്.
കഴിഞ്ഞ ദിവസം ഇന്ത്യ മുങ്ങിക്കപ്പലില്‍ നിന്നും ആണവപോര്‍മുനയുള്ള ബാലിസ്റ്റിക് മിസൈല്‍ തൊടുത്തതോടെ കടലില്‍ നിന്നും ആണവായുധം പ്രയോഗിക്കാനുള്ള ശേഷി ഇന്ത്യ കൈവരിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഐഎന്‍എസ് അരിഹന്‍റ് എന്ന ആണവശേഷിയുടെ മുങ്ങിക്കപ്പലില്‍ നിന്നാണ് കെ-4 എന്ന ആണവപോര്‍മുനയുള്ള ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് ഇന്ത്യ പരീക്ഷണം നടത്തിയത്. ഇതോടെയാണ് ഇന്ത്യയ്‌ക്ക് ആണവത്രയ ശേഷിയുള്ള രാജ്യം എന്ന അസൂയാര്‍ഹമായ പദവി ലഭിച്ചത്.
കരയില്‍ നിന്നും ആണവായുധം തൊടുക്കാനുള്ള ശേഷി ഇന്ത്യയ്‌ക്ക് നേരത്തെ ഉണ്ടായിരുന്നു. കരയില്‍ നിന്നും തൊടുക്കാവുന്ന 180 ആണവായുധങ്ങള്‍ ഇന്ത്യയ്‌ക്ക് ഉള്ളതായി പറയപ്പെടുന്നു. ശത്രുരാജ്യത്തെ പിന്തിരിപ്പിക്കാന്‍ ശേഷിയുള്ള കരയില്‍ നിന്നും തൊടുക്കാവുന്ന ആണവായുധങ്ങള്‍ 180ല്‍ അധികം ഇന്ത്യയുടെ കൈവശം ഉണ്ട്. പൃഥ്വി, അഗ്നി എന്നീ ആണവ മിസൈലുകള്‍ കരയില്‍ നിന്നും തൊടുക്കാവുന്നതാണ്. പ്രത്യേക മിസൈല്‍ ലോഞ്ചറുകളില്‍ നിന്നാണ് ഇവ വിക്ഷേപിക്കുക. 350 കിലോമീററര്‍ വരെ അകലെ ചെന്ന് ലക്ഷ്യസ്ഥാനത്ത് പതിക്കാന്‍ കഴിയുന്ന ആണവമിസൈലാണ് പൃഥ്വി. ആണവായുധമുള്‍പ്പെടെ 500 കിലോഗ്രാം സ്ഫോടകവസ്തു വഹിക്കാന്‍ ശേഷിയുണ്ട്. അഗ്നി 4, അഗ്നി 5 എന്നീ മിസൈലുകള്‍ക്ക് ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുണ്ട്. അഗ്നി 5ന് നൂറുകിലോഗ്രാമിലധികം ആണവസ്ഫോടകവസ്തു വഹിക്കാന്‍ ശേഷിയുണ്ട്. കരയില്‍ വെച്ചിട്ടുള്ള വിക്ഷേപണവാഹിനികളില്‍ നിന്നും പൃഥ്വി, അഗ്നി മിസൈലുകള്‍ അയയ്‌ക്കാന്‍ കഴിയും. അഗ്നി 5ന് ബലപ്പെടുത്തിയ കോണ്‍ക്രിറ്റ് രഹസ്യ അറകള്‍ വരെ തുളച്ചുകയറിപ്പോയി ആണവസ്ഫോടനം നടത്താന്‍ സാധിക്കും. പാകിസ്ഥാനില്‍ എവിടെ വേണമെങ്കിലും ചെന്നെത്താനുള്ള ശേഷിയുമുണ്ട്. 5000 കിലോമീറ്റര്‍ ദൂരത്തുള്ള ലക്ഷ്യസ്ഥാനങ്ങളില്‍ വരെ പറന്നുചെന്ന് ആണവസ്ഫോടനം നടത്താന്‍ അഗ്നി5 മിസൈലിന് സാധിക്കും. ഈ ദൂരപരിധി 7000 കിലോമീറ്ററിലേക്ക് വരെ ഉയര്‍ത്താനും സാധിക്കും. അങ്ങിനെയെങ്കില്‍ ചൈനയുടെ ഏത് മുക്കിലും മൂലയിലും വരെ ചെന്നെത്താനാവും.
ആകാശത്ത് നിന്നും ഇന്ത്യയ്‌ക്ക് ആണവായുധങ്ങള്‍ പ്രയോഗിക്കാന്‍ ശേഷിയുണ്ട്. പക്ഷെ ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ആദ്യം ഉപയോഗിക്കാന്‍ പാടില്ല എന്ന വ്യവസ്ഥ പാലിച്ചുകൊണ്ടാണ് ഈ ആണവായുധങ്ങളും അവയെ വഹിക്കാന്‍ ശേഷിയുള്ള പ്രത്യേക പോര്‍വിമാനങ്ങളും സൂക്ഷിച്ചിരിക്കുന്നത്. 2019ല്‍ ബലകോട്ടിലും 2025ല്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ പാക് അധീന കശ്മീരിലും പാകിസ്ഥാനിലെ വിവിധ പ്രദേശങ്ങളിലും ഇന്ത്യ വ്യോമാക്രമണം നടത്തിയിരുന്നു. പക്ഷെ ഇതിലൊന്നും ആണവായുധങ്ങള്‍ ഉപയോഗിച്ചിരുന്നില്ല. ഉഗ്രസ്ഫോടകശേഷിയുള്ള ബ്രഹ്മോസ് ക്രൂയിസ് മിസൈലും കാമികസെ എന്ന ചാവേര്‍ ഡ്രോണുകളുമാണ് ഉപയോഗിച്ചത്. പക്ഷെ ആണവായുധങ്ങള്‍ കൊണ്ട് വ്യോമാക്രമണം നടത്തണമെങ്കില്‍ അതിന് കേന്ദ്ര കാബിനറ്റ് സുരക്ഷാസമിതിയുടെ അനുവാദം ആവശ്യമാണ്. അത് കേന്ദ്രസര്‍ക്കാരിന്റെ രാഷ്‌ട്രീയ തീരുമാനം ആയിരിക്കും. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ അവസരത്തില്‍ മാത്രമേ ഇങ്ങിനെ ആണവായുധം ഉപയോഗിച്ച് വ്യോമാക്രമണം നടത്താന്‍ ഇന്ത്യയ്‌ക്ക് അനുവാദമുള്ളൂ.
















