തിരുവനന്തപുരം: സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ തിരുവനന്തപുരം കോര്‍പ്പറേഷന് നല്‍കിയ 113 ഇലക്ട്രിക് ബസുകള്‍ നഗരപരിധിക്കു പുറത്തേക്ക് സര്‍വീസ് നടത്തുന്നുണ്ടോ എന്നു പരിശോധിക്കുമെന്ന് മേയര്‍ വി. വി. രാജേഷ്. കെഎസ്ആര്‍ടിസിയുടെ ലാഭവും നഷ്ടവും നോക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. കോര്‍പ്പറേഷന് കോര്‍പ്പറേഷന്റേതായ ഉത്തരവാദിത്തമുണ്ട്. നഗരത്തില്‍ താമസിക്കുന്നവരുടെ ആവശ്യം പരിഗണിച്ചശേഷം പുറത്തേക്ക് സര്‍വീസ് നടത്തുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നഗരത്തിലെ മലിനീകരണം കുറയ്‌ക്കാനും കുറഞ്ഞ നിരക്കില്‍ നഗരവാസികള്‍ക്കു യാത്രയൊരുക്കാനും വേണ്ടിയാണ് ഇബസുകള്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. എന്നാല്‍ കെഎസ്ആര്‍ടിസി കരാര്‍ ലംഘിച്ച് ഇ ബസുകള്‍ പലതും സിറ്റിക്കു പുറത്തും മറ്റ് ജില്ലകളിലേക്കും സര്‍വീസ് നടത്തുന്നു. ഇടുക്കിയിലെ കട്ടപ്പനയിലേക്ക് ബസ് സര്‍വീസ് നടത്തി. നഗരത്തിലെ മലിനീകരണം കുറയ്‌ക്കാന്‍ വേണ്ടി കൊടുത്ത ഇലക്ട്രിക് ബസ്സുകള്‍ കട്ടപ്പനയിലേക്ക് ഓടിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ല. അത് വിവാദമായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. ഞങ്ങള്‍ അങ്ങനെയുള്ള ബസ്സുകള്‍ തടയും എന്നു പറഞ്ഞപ്പോഴാണ് ബസുകള്‍ അവിടുന്നൊക്കെ പിന്‍വലിച്ചത്.
ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര, നെടുമങ്ങാട് ഒക്കെ ബസുകള്‍ ഓടിക്കുന്നുണ്ട്. സിറ്റിയില്‍ ആവശ്യമുള്ള ബസ് കൊടുത്തതിനുശേഷം പട്ടണത്തിലേക്ക് വരുന്ന ആള്‍ക്കാരെ കൊണ്ടുവരാനാണ് നെടുമങ്ങാട്, നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍ ഒക്കെ ഇ ബസ്സുകള്‍ ഓടിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇപ്പോഴും സിറ്റിയുടെ ഉള്‍ഭാഗങ്ങളില്‍ ബസ്സിന്റെ ആവശ്യമുണ്ട്. ഇവിടെ ആവശ്യമുള്ളപ്പോള്‍ എന്തിന് മറ്റു സ്ഥലങ്ങളിലേക്ക് ബസ് കൊണ്ടുപോകുന്നുവെന്നും അദ്ദേഹം ചോദിച്ചു.
ഞങ്ങളുടെ പ്രഥമ പരിഗണന കോര്‍പ്പറേഷന്‍ പരിധിയില്‍ താമസിക്കുന്നവര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുക, കോര്‍പ്പറേഷന്റെ വരുമാനം ചോരാതെ നോക്കുക, അതു വര്‍ദ്ധിപ്പിക്കുക തുടങ്ങിയവയാണ്. നഗരസഭാ വാഹനങ്ങള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് നിര്‍ത്തലാക്കും. ഉപയോഗശൂന്യമായി കിടക്കുന്ന വാഹനങ്ങളുടെ കാര്യത്തില്‍ വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശപ്രകാരം തീരുമാനമെടുക്കും. കാലഹരണപ്പെട്ട വാടക നിരക്കുകള്‍ പുതുക്കി നിശ്ചയിക്കും. നികുതി പിരിവ് ഊര്‍ജ്ജിതമാക്കി നഗരസഭയുടെ സാമ്പത്തിക സ്രോതസ്സ് ശക്തിപ്പെടുത്തുമെന്നും മേയര്‍ വ്യക്തമാക്കി.
















