ആലപ്പുഴ: കുളവാഴ മൂല്യവര്‍ദ്ധനവിനായുള്ള ‘ഹരിത നൈപുണ്യ വികസന പദ്ധതി’ക്ക് ദേശീയ അംഗീകാരം. ‘കുളവാഴ (മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങള്‍) സംരംഭകന്‍’ എന്നാണ് ഈ കോഴ്‌സിന്റെ പേര്. പ്രൊഫ. ജി. നാഗേന്ദ്ര പ്രഭു, വി. അനൂപ് കുമാര്‍ എന്നിവരടങ്ങുന്ന ഒരു ടീമാണ് ഇത് വികസിപ്പിച്ചത്. കേരള പരിസ്ഥിതി വിവരണ ബോധവല്‍ക്കരണ അവബോധന കേന്ദ്രം പ്രോഗ്രാം ഓഫീസര്‍ ഡോ. സിന്ധു സി. ഉണ്ണി, സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും കോര്‍ഡിനേറ്ററുമായ ഡോ. പി. ഹരിനാരായണന്‍ എന്നിവരാണ് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ച കോഴ്‌സിന് 390 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള തിയറി, പ്രായോഗിക പരിശീലന സെഷനുകള്‍, ബന്ധപ്പെട്ട തൊഴിലിടങ്ങളില്‍ സന്ദര്‍ശന-പരിശീലനങ്ങള്‍ എന്നിവ പഠിതാവിന് നല്‍കുന്നത് ലക്ഷ്യമിട്ടുള്ളതാണ്.
കൂടാതെ ദേശീയ നൈപുണ്യ വികസന മന്ത്രാലയത്തിന്റെ ലെവല്‍ നാലു കോഴ്‌സായാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. നിലവില്‍ കേരളത്തിലുള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങള്‍ കോഴ്‌സില്‍ ചേരുന്നതിന് അപേക്ഷ ക്ഷണിച്ചുകൊണ്ട് അറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തില്‍ കോഴിക്കോട്ടുള്ള സര്‍ക്കാര്‍ മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ പ്ലാന്റ് സയന്‍സ് വഴിയാണ് കോഴ്‌സ് നടത്തുന്നത്. 2026 ജനുവരി പകുതിയോടെയാണ് പരിശീലന പരിപാടികള്‍ക്ക് തുടക്കമാവുക.
പ്രൊഫ. ഡോ. ജി. നാഗേന്ദ്ര പ്രഭു കാല്‍നൂറ്റാണ്ടിലധികമായി നടത്തി വരുന്ന ഗവേഷണ സപര്യയുടെ ഫലമാണ് ഈ നൂതന കോഴ്‌സിന് അംഗീകാരം ലഭിച്ചത്. 1998 മുതല്‍ അദ്ദേഹം നാടിന്റെ ശാപമായ കുളവാഴയും മറ്റ് അധിനിവേശ സസ്യങ്ങളെയും ഉപയോഗത്തിലൂടെ നിയന്ത്രിക്കുവാനുള്ള ആശയവുമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു, ജനങ്ങള്‍ക്ക് നിരവധി ബുദ്ധിമുട്ടുകളും സാമ്പത്തിക നഷ്ടവും സൃഷ്ടിക്കുകയും ജല ജൈവവൈവിധ്യത്തിന് ഗുരുതരമായ നഷ്ടം വരുത്തുകയും ആഗോളതാപനത്തിന് കാരണമാവുകയും ചെയ്യുന്ന കുളവാഴയെ ഒരു ‘പുതിയ കല്‍പസസ്യമായി’ രൂപാന്തരം വരുത്തുവാന്‍ സഹായിച്ചു എന്ന് തെളിഞ്ഞിരിക്കുകയാണ്.
ഡോ. ജി. നാഗേന്ദ്ര പ്രഭു നിലവില്‍ കൊച്ചിയിലെ ജെയിന്‍ യൂണിവേഴ്‌സിറ്റിയിലെ ഫ്യൂച്ചര്‍ കേരള മിഷന്റെ ശാസ്ത്ര ഉപദേഷ്ടാവാണ്. എസ്ഡി. കോളജില്‍ സുവോളജി ബിരുദാനന്തര വിഭാഗം മേധാവിയായി വിരമിച്ചു. ഏഴു ഗവേഷണ പദ്ധതികളും ഗവേഷണങ്ങള്‍ സമൂഹത്തിന് ഗുണകരമാകുവാനുള്ള രണ്ട് അവബോധന പരിശീലന പദ്ധതികളും വിജയകരമായി പൂര്‍ത്തിയാക്കി.
















