ഇസ്ലാമബാദ്: കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ പാകിസ്ഥാനിലെ പതിനായിരക്കണക്കിന് പ്രൊഫഷണല്‍സുകള്‍ കൂട്ടപ്പലായനം നടത്തിയതായി റിപ്പോര്‍ട്ട്. ബ്യൂറോ ഓഫ് എമിഗ്രേഷന്‍ ആന്‍ഡ് ഓവര്‍സീസ് എംപ്ലോയ്‌മെന്റിന്റെ കണക്കുകള്‍ പ്രകാരം പാകിസ്ഥാനില്‍ നിന്ന് 5000 ഡോക്ടര്‍മാരും 11000 എന്‍ജിനീയര്‍മാരും 13000 അക്കൗണ്ടന്റുമാരുമാണ് പലായനം ചെയ്തത്.
പാകിസ്ഥാനിലെ സാമ്പത്തിക പ്രതിസന്ധിയും രാഷ്‌ട്രീയ അസ്ഥിരതയുമാണ് കുടിയേറ്റത്തിന് പിന്നിലെ പ്രധാന കാരണമായി സൂചിപ്പിക്കുന്നത്.
പാക് കരസേനാ മേധാവി അസിം മുനീര്‍ ഈ സാഹചര്യത്തെ ‘ബ്രെയിന്‍ ഗെയിന്‍’ എന്നാണ് വിശേഷിപ്പിച്ചത്. പ്രഗത്ഭരായ വ്യക്തികളെ രാജ്യത്തിന് നഷ്ടപ്പെടുന്ന, ഇത്രയും ആശങ്കപ്പെടേണ്ട സാഹചര്യത്തെ നിസാരവല്‍കരിച്ചതില്‍ അസിം മുനീറിനെതിരെ വലിയ വിമര്‍ശനമാണ് പാകിസ്ഥാനില്‍ ഉയരുന്നത്.
പാകിസ്ഥാന്റെ എമിഗ്രേഷന്‍ ആന്‍ഡ് ഓവര്‍സീസ് എംപ്ലോയ്‌മെന്റ് ബ്യൂറോ അടുത്തിടെ പുറത്തിറക്കിയ ഡാറ്റ പ്രകാരം 2024ല്‍ 727,381 പാകിസ്ഥാനികള്‍ വിദേശ ജോലിക്കായി രജിസ്റ്റര്‍ ചെയ്തു. ഈ വര്‍ഷം നവംബര്‍ വരെ 687,246 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗള്‍ഫില്‍ വേതനം തേടുന്ന തൊഴിലാളികളിലോ വിദേശത്തേക്ക് കുടിയേറാന്‍ ശ്രമിക്കുന്നവരിലോ മാത്രമായി പലായനം പരിമിതപ്പെടുത്തിയിട്ടില്ല എന്നതാണ് ആശങ്കാജനകമായ വസ്തുത. കൂട്ടപ്പലായനം കാര്യമായി ബാധിച്ചിരിക്കുന്നത് പാകിസ്ഥാനിലെ ആരോഗ്യമേഖലയെ ആണ്. ഇത് 1.62 ബില്യണ്‍ ഡോളറിന്റെ നഷ്ടം പാകിസ്ഥാന് ഉണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
വൈറ്റ് കോളര്‍ പ്രൊഫഷണലുകളുടെ പെട്ടെന്നുള്ള പലായനം ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനേറ്റ വന്‍ തിരിച്ചടിയാണ്. ഈ സാഹചര്യത്തെ പ്രതിരോധിക്കാന്‍ പാക് സര്‍ക്കാര്‍ വിമാനത്താവളങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കി.











