ഇന്നസെന്റിന്റെ കൊച്ചുമകൻ ജൂനിയർ ഇന്നസെന്റ് സിനിമയിലേയ്‌ക്ക് . ഐ.എം. ഏലിയാസ് സംവിധാനംചെയ്യുന്ന ‘ഹായ് ഗായ്‌സ്’ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം. പ്ലസ് ടു വിദ്യാർഥിയുടെ റോളാണ് ജൂനിയർ ഇന്നസെന്റിന്. മലയാളികളെ ഏറെ ചിരിപ്പിച്ച ഇന്നസെന്റിന്റെ കുടുംബത്തിലെ പുതുതലമുറക്കാരനും സിനിമയിലേക്കെത്തുമ്പോൾ ഒരുപാട് പ്രതീക്ഷയാണ് മലയാളികൾക്ക്.
ഇന്നസെന്റ് ഏറെ ആഗ്രഹിച്ച കാര്യമായിരുന്നു പേരക്കുട്ടികളുടെ സിനിമാപ്രവേശനം. സമയമാകുമ്പോൾ എല്ലാം നടക്കും എന്ന് കരുതി അദ്ദേഹം. ഇപ്പോൾ ആ സമയമായിരിക്കുന്നു. എന്നാൽ, അതിന്റെ ഭാഗമാവാൻ അപ്പാപ്പൻ ഇല്ലാതെപോയല്ലോ എന്ന സങ്കടംമാത്രം.
‘‘അപ്പാപ്പന് ഞാൻ സിനിമയിൽ വരുന്നതിൽ താത്പര്യമായിരുന്നു. പക്ഷേ, റെക്കമെൻഡ് ചെയ്തിട്ടില്ല. സഹോദരി അന്നയ്‌ക്കാണ് സിനിമയിലേക്ക് ആദ്യ ഓഫർ വന്നത്. മഞ്ജു വാരിയരുടെ ചിത്രത്തിലേക്ക്. അന്നയ്‌ക്ക് താത്പര്യമില്ലാത്തതിനാൽ നടന്നില്ല.
ക്രിസ്മസിനുള്ള പുൽക്കൂട് നേരത്തേതന്നെ ഒരുക്കും. എങ്ങനെ വേണമെന്ന് അപ്പാപ്പൻ പറഞ്ഞുതരും. കേക്കും വൈനുമെല്ലാം തയ്യാറാക്കാൻ കൂടെയുണ്ടാകും. എല്ലാം റെഡിയായാൽ ഡൈനിങ് ടേബിളിൽ എടുത്തുവെച്ച് എല്ലാവരെയും വിളിച്ചുകൂട്ടും. രാത്രി ബന്ധുവീടുകളിലേക്ക് കറങ്ങാൻപോകും. അപ്പാപ്പനെ ഏറ്റവും ഹാപ്പിയായി കണ്ടിരുന്നത് ആ സമയങ്ങളിലാണ്’ ജൂനിയർ ഇന്നസെന്റ് പറയുന്നു.
കൊച്ചുമകനും തന്റെ പേര് തന്നെയാണ് ഇന്നസെന്റ് നൽകിയത്. ‘‘വേറേ നല്ല പേരുകളൊന്നും കിട്ടിയില്ലേ?’’ എന്ന് ഇടയ്‌ക്ക് ഇന്നൂസ് ചോദിക്കാറുണ്ടായിരുന്നു. ഒരിക്കൽ വൈവ നടത്തിയ ടീച്ചർ ഇന്നസെന്റ് എന്ന പേരു വായിക്കാനിടയായി. ഇന്നസെന്റിന്റെ സിനിമകളുടെ ആരാധികയായിരുന്നു അവർ. അതോടെ ഫുൾമാർക്കിൽ വൈവ പാസായി. വീട്ടിലെത്തിയ അപ്പാപ്പനെ കെട്ടിപ്പിടിച്ച് ഇന്നൂസ് നടന്ന സംഭവം പറഞ്ഞു. ‘ഇതൊക്കെ മുൻകൂട്ടിക്കണ്ടാണ് നിനക്ക് ഞാനെന്റെ പേരുതന്നെ ഇട്ടത്’ എന്ന ഭാവമായിരുന്നു ഇന്നസെന്റിന് എന്നും പറയുന്നു ഇന്നൂസ് .
















