കോഴിക്കോട്: വടകരയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ മാറി വോട്ട് ചെയ്ത ആര്‍ജെഡി അംഗത്തിന്റെ വീടിന് നേരെ ആക്രമണം. ആര്‍ജെഡി അംഗമായ രജനിയുടെ ചോമ്പാലയിലെ വീടിനുനേരെയാണ് ആക്രമണം നടന്നത്.
വീടിന്റെ വാതിലിന് സമീപം സ്റ്റീല്‍ ബോംബുവച്ചെങ്കിലും പൊട്ടാതിരുന്നത് വലിയ അപകടം ഒഴിവാക്കി. വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്ന നിലയിലാണ്.
വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാറി വോട്ട് ചെയ്‌തെങ്കിലും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തന്നെയാണ് രജനി വോട്ട് ചെയ്തത്.രജനിയുടെ വോട്ട് മാറിയത് കാരണം ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫിന് ലഭിക്കുകയുണ്ടായി.
ബ്ലോക്ക് പഞ്ചായത്തില്‍ ഇരു മുന്നണികള്‍ക്കും ഏഴു സീറ്റുകള്‍ വീതമാണ് ഉളളത്. വോട്ട് മാറി ചെയ്ത രജനിയെ ആര്‍ജെഡി ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
എന്നാല്‍,രജനിയുടെ വീടിനുനേരെയുണ്ടായത് സിപിഎമ്മിന്റെ ആസൂത്രിത ആക്രമണമാണെന്ന് കെ.കെ. രമ എംഎല്‍എ ആരോപിച്ചു.
















