തേഞ്ഞിപ്പലം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിന് വേണ്ടി വോട്ടഭ്യര്‍ഥിച്ച കാലിക്കട്ട് സര്‍വകലാശാല അസി. പ്രഫസര്‍ ഡോ. ശ്രീകല മുല്ലശേരിക്കെതിരെ കുറ്റപത്രം (മെമ്മോ ഓഫ് ചാര്‍ജസ്) പുറപ്പെടുവിച്ചു. സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യന്‍ ആണ് കുറ്റപത്രം നല്‍കിയത്.
അടുത്ത കാലത്ത് നടന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ പ്രചരണ വേളയില്‍ ഇടത് സ്ഥാനാര്‍ഥി എം. സ്വരാജിന് വേണ്ടി ശ്രീകല വോട്ട് അഭ്യര്‍ഥിക്കുന്ന വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു.ഇതിനായി സര്‍വകലാശാലയുടെ ഔദ്യോഗിക റേഡിയോ ചാനലായ റേഡിയോ സിയുവിന്റെ ഉപകരണങ്ങളും സൗകര്യങ്ങളും ദുരുപയോഗം ചെയ്തതും ചൂണ്ടിക്കാട്ടിയുള്ള പരാതിയിലാണ് നടപടി.
സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം 1960-ലെ ചട്ടം 69 ലംഘിച്ചതായാണ് പരാതി.നിയമസഭാ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രാഷ്‌ട്രീയ പ്രചാരണത്തില്‍ ഏര്‍പ്പെടുന്നതിന് കര്‍ശന വിലക്കുണ്ടെന്നതാണ് ചട്ടം. സര്‍വകലാശാല അധ്യാപകര്‍ക്കും ഈ ചട്ടങ്ങള്‍ ബാധകമാണെന്നു കാലിക്കട്ട് യൂണിവേഴ്‌സിറ്റി ഫസ്റ്റ് സ്റ്റാറ്റിയൂട്ട്, 1977-ലെ വ്യവസ്ഥകള്‍ പ്രകാരം വ്യക്തമാക്കിയിട്ടുണ്ട്.
നിരവധി പരാതികള്‍ ചാന്‍സലറുടെ ഓഫീസില്‍ ലഭിച്ച സാഹചര്യത്തില്‍ സര്‍വകലാശാല അധികൃതരോട് റിപ്പോര്‍ട്ട് തേടി വിശദ പരിശോധന നടത്തുകയും ചെയ്തു. ശ്രീകല മുല്ലശേരി നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ട വൈസ് ചാന്‍സലര്‍ സര്‍വീസ് ചട്ടങ്ങള്‍ പ്രകാരം ശിക്ഷാ നടപടികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി കുറ്റപത്രവും ആരോപണപത്രവും നല്‍കാന്‍ ഉത്തരവിട്ടു.
കുറ്റപത്രം ലഭിച്ച തീയതിയില്‍ നിന്ന് 15 ദിവസത്തിനകം വിശദീകരണം നല്‍കണം. ആവശ്യമെങ്കില്‍ വ്യക്തിപരമായി വാദം കേള്‍ക്കുന്നതിനും ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കുന്നതിനും അവസരം ഉണ്ട്.
അതേസമയം,രജിസ്ട്രാര്‍ നല്‍കിയ കുറ്റപത്രത്തിനെതിരെയും ശ്രീകലയുടെ നടപടി ന്യായീകരിച്ചും സിപിഎം സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ മുന്നോട്ട് വന്നിട്ടുണ്ട്.
















