തിരുവനന്തപുരം: തലസ്ഥാനത്തെ അഞ്ച് പഞ്ചായത്തുകളിൽ ഭരണം പിടിച്ച് ബിജെപി. അഞ്ച് പഞ്ചായത്തിലും പ്രസിഡൻ്റുമാർ വനിതകൾ. അതിയന്നൂർ, അഴൂർ, വിളപ്പിൽ, മാറനല്ലൂർ, മുദാക്കൽ പഞ്ചായത്തുകളിലാണ് ഭരണം പിടിച്ചെടുത്തത്. പലയിടത്തും ബിജെപിയെ അധികാരത്തിൽ നിന്നും പുറത്തു നിർത്താൻ ശ്രമങ്ങൾ ഉണ്ടായെങ്കിലും അതിനെയെല്ലാം ചെറുത്ത് തോൽപ്പിച്ചാണ് ബിജെപി ഭരണം പിടിച്ചത്.
അതിയന്നൂരിൽ ബിജെപിയുടെ ജി. പ്രമീളയാണ് പ്രസിഡൻ്റായത്. ഇവിടെ എൻഡിഎയ്‌ക്ക് എട്ടും എൽഡിഎഫിന് ഏഴും യുഡിഎഫിന് രണ്ടും സീറ്റുകളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരു സ്വതന്ത്രനെ കൂടെ കൂട്ടി എൽഡിഎഫിനും എട്ട് അംഗങ്ങളായി. തുടർന്ന് നറുക്കെടുപ്പിലേക്ക് പോവുകയായിരുന്നു. ഇതിലും പ്രമീള വിജയിച്ച് കയറുകയായിരുന്നു.
ആഴൂർ പഞ്ചായത്തിൽ എൻഡിഎയ്‌ക്ക് ഒമ്പത്, എൽഡിഎഫിന് നാല്, യുഡിഎഫിന് അഞ്ച് എന്നിങ്ങനെയായിരുന്നു സീറ്റ് നില. കൃത്യമായ ഭൂരിപക്ഷം ബിജെപിക്ക് ഉണ്ടായിരുന്നതിലാൽ ചിലമ്പ് വാർഡിൽ നിന്നും വിജയിച്ച കീർത്തി സൈജു പ്രസിഡൻ്റ് ആവുകയായിരുന്നു. വിളപ്പിൽ പഞ്ചായത്തിലും മുദാക്കൽ പഞ്ചായത്തിലും മാറനല്ലൂർ പഞ്ചായത്തിലും ബിജെപിക്ക് കൃത്യമായ ഭൂരിപക്ഷം ഉണ്ടായിരുന്നു.
വിളപ്പിൽ പഞ്ചായത്തിൽ കന്നി അങ്കത്തിൽ വിജയിച്ച സൗമ്യ പി പ്രസിഡൻ്റായി അധികാരമേറ്റു. വിളപ്പിൽ പഞ്ചായത്തിൽ പി. എസ്. മായ പ്രസിഡൻ്റായി. മുദാക്കലിൽ ഊരുപൊയ്‌ക വാർഡിൽ നിന്നും വിജയിച്ച ഷൈനി.വി പ്രസിഡൻ്റായി. കഴിഞ്ഞ തവണ സ്വതന്ത്രന്റെ പിന്തുണയോടെ ബിജെപിയിൽ നിന്നും എൽഡിഎഫ് ഭരണം തട്ടിയെടുത്തിരുന്നു. എന്നാൽ ഇത്തവണ വ്യക്തമായ ഭൂരിപക്ഷത്തിൽ ബിജെപി അധികാരത്തിൽ എത്തുകയായിരുന്നു.
















