ന്യൂദൽഹി: ഓപ്പറേഷൻ ആഘത് 3.0 പ്രകാരം ദൽഹി പോലീസ് സൗത്ത് ഈസ്റ്റ് ജില്ലയിൽ നടത്തിയ പരിശോധനയിൽ വിവിധ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട 350 പ്രതികളെ അറസ്റ്റ് ചെയ്തു. 2026 ലെ പുതുവത്സരാഘോഷത്തിന് മുന്നോടിയായാണ് പരിശോധന നടത്തിയത്.
റെയ്ഡിൽ വൻതോതിൽ അനധികൃത വസ്തുക്കൾ പോലീസ് കണ്ടെടുത്തു. ഇതിൽ 21 നാടൻ പിസ്റ്റളുകൾ, 20 ലൈവ് വെടിയുണ്ടകൾ, 27 കത്തികൾ എന്നിവ ഉൾപ്പെടുന്നു. ആകെ 12,258 ക്വാർട്ടേഴ്‌സ് അനധികൃത മദ്യവും 6.01 കിലോഗ്രാം കഞ്ചാവും കണ്ടെടുത്തു. ചൂതാട്ടക്കാരിൽ നിന്ന് 2,30,990 രൂപയുടെ പണവും 310 മൊബൈൽ ഫോണുകളും 231 ഇരുചക്ര വാഹനങ്ങളും ഒരു ഫോർ വീലറും പോലീസ് പിടിച്ചെടുത്തു.
എക്സൈസ് ആക്ട്, എൻഡിപിഎസ് ആക്ട്, ചൂതാട്ട നിയമം എന്നിവ പ്രകാരം 285 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കൂടാതെ, പ്രതിരോധ നടപടികൾക്കായി 504 പേരെ കസ്റ്റഡിയിലെടുത്തു. കൂടാതെ 116 സാമൂഹ്യ വിരുദ്ധരെയും പിടികൂടി. മുൻ കരുതലിന്റെ ഭാഗമായി 1,306 പേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
















