വഴിപാടുകൾ മുടങ്ങിയാൽ പല ബുദ്ധിമുട്ടുകളും ഉണ്ടാകും എന്നാണു വിശ്വസിക്കപ്പെടുന്നത്. അതിന് എന്തു പരിഹാരം ചെയ്യണം എന്നാണു പലരും അന്വേഷിക്കുന്നത്. വഴിപാടുകൾ മുടങ്ങിയാൽ മംഗളകർമങ്ങൾ നടക്കുന്നത് തടസ്സപ്പെടുകയോ കാലതാമസം നേരിടുകയോ ചെയ്യും എന്നാണ് വിശ്വസിക്കപ്പെടുന്നത്. നേരിട്ട് എത്തിക്കാൻ പറ്റാത്ത വഴിപാടുകൾ കുടുംബാംഗങ്ങൾ വശം അഥവാ നേരിട്ട് ബന്ധുക്കൾ വഴിയോ സുഹൃത്തുക്കൾ വഴിയോ കൊടുത്തയയ്‌ക്കാം.
അന്യനാട്ടിൽ കഴിയുന്നവർക്കും വിദേശത്തു കഴിയുന്നവർക്കും ഇതു ചിലപ്പോൾ സാധിക്കാൻ ഒരുപാട് കാലതാമസം നേരിടാം. അത്തരം സാഹചര്യങ്ങളിൽ ഒരു നാണയം എടുത്തു തലയ്‌ക്ക് മൂന്നു പ്രാവശ്യം ഉഴിഞ്ഞ് ആരാധനാലയത്തിൽ എപ്പോൾ എത്തിക്കാമെന്ന് സങ്കൽപ്പിച്ച് മാറ്റിവയ്‌ക്കുക. ആ പറഞ്ഞ സമയത്ത് അത് ചെയ്യുകയും വേണം. വൈകിയതിന് പ്രയശ്ചിത്തവും നടത്തണം. ഇങ്ങനെ ചെയ്‌താൽ നേർച്ച വഴിപാടുകൾ മുടങ്ങിയതിന്റെയും കാലതാമസം വന്നതിന്റെ ദോഷങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്നാണ് വിശ്വാസം.
വഴിപാടുകൾ മുടങ്ങിയാൽ എന്ത് ദോഷമാണ് സംഭവിക്കുക എന്ന് പലരും അദ്ഭുതപ്പെടും. യഥാർഥത്തിൽ നമ്മൾ പല കാര്യങ്ങൾക്കും വേണ്ടി ശ്രമിച്ചിട്ടും നടക്കേണ്ടത് ആണെങ്കിൽ പോലും അതു നടക്കാതെ നീണ്ടുപോകാം. വിവാഹം പോലുള്ള മംഗള കർമങ്ങൾക്കും തടസ്സം വരാൻ സാധ്യതയുണ്ട്. പലപ്പോഴും കല്യാണം നടക്കുന്നില്ല എന്ന പരാതിയുമായി ജ്യോത്സ്യനെ കാണുമ്പോൾ ആയിരിക്കും ‘ഒരു നേർച്ച മുടക്കം കാണുന്നുണ്ടല്ലോ, അത് നടത്തിയാൽ മാത്രം മതി’ എന്ന് അദ്ദേഹം പറയുന്നത്.
കല്യാണം ഗുരുവായൂരിൽ നടത്താം എന്ന് പലരും നേർച്ച നേരും. പല തടസ്സങ്ങളും വരുമ്പോൾ കല്യാണം മറ്റൊരു സ്ഥലത്താകും നടത്താൻ കഴിയുക. ഇങ്ങനെ വരുമ്പോൾ വിവാഹ ദിവസമോ അതിന് മുൻപോ ക്ഷേത്രത്തിൽ കല്യാണത്തിനായുള്ള രസീത് പണം നൽകി വാങ്ങുകയും സാധിച്ചാൽ താലി പൂജിച്ചു വാങ്ങുകയും ചെയ്യുക. വിവാഹശേഷം മറ്റൊരു ദിവസം വധൂവരന്മാർ ക്ഷേത്ര ദർശനം നടത്തുകയും യഥാശക്തി വഴിപാടുകൾ നടത്തുകയും ചെയ്‌താൽ മതി















