പഴയങ്ങാടി: റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ വയല്‍ നികത്തിയതിന് പിന്നില്‍ സിപിഎമ്മെന്ന് ആരോപണം. മാടായി പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ഉള്‍പ്പെടുന്ന സുല്‍ത്താന്‍ തോടിന് സമീപത്തെ ഏക്കര്‍ കണക്കിന് വയലാണ് നികത്തുന്നത്.
തെരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടയില്‍ അധികം ആളുകളുടെ ശ്രദ്ധ പതിയാതെയാണ് റോഡ് നിര്‍മ്മാണത്തിന്റെ മറപിടിച്ച് വയല്‍ നികത്തിയത്. ഡാറ്റാ ബേങ്കില്‍ ഉള്‍പ്പെട്ട പ്രദേശമാണെന്ന് പ്രതേകം രേഖപ്പെടുത്തിയ പ്രദേശമാണിവിടം. 2000 തില്‍ നിലം ഡാറ്റാ ബേങ്കില്‍ നിന്ന് ഒഴിവാക്കാന്‍ ആര്‍ഡിഒയ്‌ക്ക് അപേക്ഷ നല്‍കിയെങ്കിലും തള്ളുകയായിരുന്നു. ആ പ്രദേശത്തെ ഭൂമിയാണ് ഇപ്പോള്‍ മണ്ണിട്ട് നികത്തിയത്.
പ്രദേശത്തെ യുവജന സംഘടനകള്‍ പ്രതികരിക്കാത്തതിന് പിന്നിലും ദുരൂഹതയുണ്ട്. പല പാര്‍ട്ടി നേതാകള്‍ക്കും ഈപ്രദേശങ്ങളില്‍ സ്ഥലവും ഉണ്ട്. അനധികൃതമായി സ്ഥലം നികത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മാടായി കൃഷി ഓഫീസര്‍ സ്ഥലം പരിശോധന നടത്തി റിപ്പോര്‍ട്ട് വില്ലേജ് ഓഫീസര്‍ക്കും താഹസില്‍ദാര്‍ക്കും കൈമാറിയിട്ടുണ്ട്. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കി.
എന്നിട്ടും മണലിടല്‍ പൂര്‍ത്തിയാക്കിയതിന് പിന്നില്‍ പ്രദേശത്തെ ഉന്നത രാഷ്‌ട്രീയ പ്രവര്‍ത്തകരുടെ ഇടപ്പെടല്‍ ഉണ്ട് എന്നത് വ്യക്തമാണ്. മഴക്കാലത്ത് പ്രദേശത്തെ മഴവെളളം ഉള്‍പ്പടെ ഒഴുകി പോകുന്നത് ഇതിലൂടെ ആണ്. പ്രദേശം മണ്ണിട്ട് ഉയര്‍ത്തിയതോടെ രൂക്ഷമായ വെളളക്കെട്ടും അനുഭവപ്പെടും. നികത്തലിന് പിന്നില്‍ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള മണ്ണ് മാഫിയ സംഘവും മാടായി പഞ്ചാത്ത് പഴയ ഭരണസമിതിയിലെ ചില അംഗങ്ങളുടെ ഗൂഡാലോചനയുമാണ് എന്നആരോപണവും ഉയരുന്നുണ്ട്.
















