കിണർ വെള്ളം ശുദ്ധമാണെന്നാണ് നമ്മുടെ വിശ്വാസം. എന്നാൽ നാം കൃത്യമായി ശ്രദ്ധിച്ചില്ലെങ്കിൽ കിണർ വെള്ളവും ഉപയോഗിക്കാൻ കഴിയാത്ത വിധം മോശമാകും. കൃത്യമായ ഇടവേളകളിൽ കിണർ വൃത്തിയാക്കുകയും വെള്ളം ശുദ്ധീകരിക്കുകയും ചെയ്യണം. ശുദ്ധീകരിക്കാതെ കിടക്കുന്ന വെള്ളത്തിൽ ബാക്ടീയകളും ഇരുമ്പിന്റെ അംശവും ഉണ്ടാകാൻ സാധ്യതയേറെയാണ്.
ആദ്യം കിണർ വെള്ളം മുഴുവൻ പുറത്തു കളയുകയാണ് വേണ്ടത്. അതിനായി പമ്പോ തൊട്ടിയോ ഉപയോഗിക്കാം. നല്ലപോലെ വൃത്തിയാക്കാൻ കിണറിൽ ഇറങ്ങേണ്ടിയിരിക്കുന്നു. കിണറിനുള്ളിൽ വളർന്നു നിൽക്കുന്ന ചെടികൾ എല്ലാം കളയുക. അടിത്തട്ടിൽ അടിഞ്ഞു കിടക്കുന്ന ഇലകൾ, ചെളി തുടങ്ങിയ മാലിന്യങ്ങളെല്ലാം പൂർണ്ണമായും കളയണം. ഉറവയുള്ള കിണറാണെങ്കിൽ പുതിയ വെള്ളം ഇതിനകം തന്നെ ഊറി വന്നിട്ടുണ്ടാകും. എന്നാൽ ഈ വെള്ളം ഉടൻ ഉപയോഗിക്കാൻ പാടില്ല. ശുദ്ധീകരിച്ച ശേഷമെ വെള്ളം ഉപയോഗിക്കാൻ പാടുള്ളു. ഇതിനായി ബ്ലീച്ചിംഗ് പൗഡർ ഉപയോഗിക്കാം.
1000 ലിറ്റർ വെള്ളത്തിൽ 2.5 ഗ്രാം മുതൽ 5 ഗ്രാം വരെ ബ്ലീച്ചിംഗ് പൗഡർ ലയിപ്പിക്കുക. ഇത് അര മണിക്കൂറെങ്കിലും അനക്കാതെ വയ്‌ക്കണം. അതു കഴിഞ്ഞ് കാണുന്ന തെളിഞ്ഞ വെള്ളം മാത്രമെടുത്ത് കിണറിലേക്ക് ഒഴിക്കാം. തുടർന്ന് തൊട്ടി കിണറിനകത്ത് ഇട്ട് വെള്ളം ഇളക്കുക. ഈ പ്രക്രിയ എല്ലാം കഴിഞ്ഞ് ചുരുങ്ങിയത് 12 മണിക്കൂർ കഴിഞ്ഞു മാത്രമെ വെള്ളം വീട്ടാവശ്യത്തിനായി എടുക്കാവൂ. നിരന്തരം ഉപയോഗിക്കുന്ന കിണർ ആറ് മാസം കൂടുമ്പോൾ ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ചു വൃത്തിയാക്കുന്നത് നല്ലതാണ്
കിണറിനുള്ളിലേക്ക് സൂര്യപ്രകാശം വീഴുന്നത് വളരെ നല്ലത്. സൂര്യപ്രകാശത്തിലെ യു വി കിരണങ്ങൾക്ക് അണുക്കളെ നശിപ്പിക്കാനുള്ള കഴിവുണ്ട്. കിണറിൽ ഇലകൾ വീഴാതെ വലയിട്ട് മൂടണം. ഇരുമ്പ് കൊണ്ടുള്ള ഗ്രിൽ ഇടുന്നതും നല്ലതാണ്. എന്നാൽ കൃത്യമായ ഇടവേളകളിൽ ഗ്രില്ല് പെയിന്റ് അടിച്ചില്ലെങ്കിൽ തുരമ്പ് പിടിക്കുകയും കിണറ്റിലെ വെള്ളത്തിൽ അത് ഇളകി വീഴുകയും ചെയ്യും. മോട്ടർ ഉപയോഗിച്ചാണ് വെള്ളം എടുക്കുന്നതെങ്കിലും ഇടയ്‌ക്കിടയ്‌ക്ക് തൊട്ടി ഉപയോഗിച്ച് വെള്ളം ഇളക്കികൊടുക്കണം. മാസത്തിൽ ഒരു തവണയെങ്കിലും ഇങ്ങനെ ചെയ്യാം. ഇതിലൂടെ ഓക്സിജൻ വെള്ളത്തിൽ കൂടുതൽ നന്നായി ലയിക്കും.
















