ഷിംല: ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ രോഗിയെ മര്‍ദ്ദിച്ച ഡോക്ടറെ ജോലിയില്‍ നിന്ന് നീക്കി. മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തുവന്ന പശ്ചാത്തലത്തില്‍ നടത്തിയ അന്വേഷണത്തിന്‌റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടാന്‍ തീരുമാനിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. രോഗിയെ ആക്രമിച്ച ഡോ. രാഘവ് നിരുലയ്‌ക്കെതിരെ ഷിംല പോലീസ് കേസെടുത്തിട്ടുമുണ്ട്.
പതിവ് പരിശോധനയ്‌ക്കിടെ ഡോ. നിരുല തന്റെ രോഗത്തെക്കുറിച്ചും മറ്റും ചോദിച്ചുവെന്നും എന്നാല്‍ തന്‌റെ ആരോഗ്യസ്ഥിതി മൂലം വ്യക്തമായി പ്രതികരിക്കാന്‍ കഴിഞ്ഞില്ലെന്നും പരാതിക്കാരനായ അര്‍ജുന്‍ സിംഗ് പറഞ്ഞു. ഡോക്ടറുടെ സംസാര രീതിയെച്ചൊല്ലി തര്‍ക്കമുണ്ടായി. ഇതോടെ ഡോക്ടര്‍ ആക്രമിക്കുകയായിരുന്നു.
















