കണ്ണൂര്‍ : 6000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തലശേരി റെയില്‍വെ സ്റ്റേഷനില്‍ വച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ജീവനക്കാരി വിജിലന്‍സിന്റെ പിടിയിലായി. പറശ്ശിനിക്കടവ് സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് ചെണ്ടയാട് സ്വദേശിനി മഞ്ജിമ പി.രാജീവാണ് പിടിയിലായത്.
ഫയല്‍ നീക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്നും ക്രിസ്മസ് അവധിക്ക് താന്‍ നാട്ടിലേക്കു തിരിച്ചിട്ടുണ്ടെന്നും കൈക്കൂലിയുമായി റെയില്‍വേ സ്‌റ്റേഷനില്‍ എത്താനുമാണ് മഞ്ജിമ നിര്‍ദേശിച്ചത്. ട്രെയിനിറങ്ങിയ ഉടനെ വിജിലന്‍സ് നല്‍കിയ കറന്‍സികള്‍ പരാതിക്കാരന്‍ കൈമാറുകയും തുടര്‍ന്ന് ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കുറച്ചുകാലമായി മഞ്ജിമ നിരീക്ഷണത്തിലായിരുന്നുവെന്ന് വിജിലന്‍സ് അറിയിച്ചു.
















