പാലക്കാട്:ഒറ്റപ്പാലം ലക്കിടിയില്‍ സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗത്തെ ക്രൂരമായി മര്‍ദിച്ചവശനാക്കിയ കേസില്‍ സിപിഎം പ്രാദേശിക നേതാവ് ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായി. ലക്കിടി ലോക്കല്‍ കമ്മിറ്റി അംഗവും പഞ്ചായത്ത് മുന്‍ അംഗവുമായ അനില്‍കുമാര്‍, സിഐടിയു തൊഴിലാളി വിജിദാസ്, പ്രിന്‍സ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ലക്കിടി തെക്കുംചെറോട് സ്വദേശിയും സിപിഎം അംഗവുമായ സുരേന്ദ്രന്‍ ആക്രമിക്കപ്പെട്ട കേസിലാണ് അറസ്റ്റ്.തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട വൈരാഗ്യമാണ് പാര്‍ട്ടി അംഗമായ സുരേന്ദ്രനെ ആക്രമിക്കാന്‍ കാരണം.
ശനിയാഴ്ച രാത്രി ബൈക്കില്‍ പോകവെ നാലംഗ സംഘം ഇരുമ്പ് പൈപ്പ് കൊണ്ട് മര്‍ദിക്കുകയായിരുന്നു.തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രാദേശിക നേതാവ് ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായത്.
















