കൊച്ചി: ഹൃദ്രോഗബാധയെ തുടര്‍ന്ന് ചികിത്സയ്‌ക്ക് വിധേയനായ ഹര്‍ജിക്കാരന് ഇന്‍ഷുറന്‍സ് ക്ലെയിം നിരസിച്ച കമ്പനി 33 ലക്ഷം രൂപ 8 ശതമാനം പലിശസഹിതം നല്‍കാന്‍ ഉത്തരവിട്ട് എറണാകുളം സ്ഥിരം ലോക് അദാലത്ത്. അങ്കമാലി മേക്കാട് അരീക്കല്‍ പോളി ഏലിയാസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് മാക്‌സ് ബൂപാ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിക്ക് എതിരെ ഡോ. സലീന ജി നായര്‍ ചെയര്‍പേഴ്‌സണും ടി.കെ ഷാനവാസ് അംഗവുമായുള്ള അദാലത്തിന്റെ ഉത്തരവ്. ഫെഡറല്‍ ബാങ്കില്‍ നിന്ന് ഭവന വായ്‌പയുമായി ബന്ധപ്പെട്ടാണ് ഹര്‍ജിക്കാരന്‍ ഇന്‍ഷുറന്‍സ് പോളിസി എടുത്തത്. എന്നാല്‍ പോളിസി എടുക്കുന്നതിന് മുമ്പ് ഹര്‍ജിക്കാരന് കൊളസ്‌ട്രോള്‍ കൂടുതലായിരുന്നെന്ന് ചൂണ്ടിക്കാട്ടി ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം നിരസിക്കുകയായിരുന്നു. എന്നാല്‍ പ്രപ്പോസല്‍ ഫോമില്‍ കൊളസ്‌ട്രോള്‍ സംബന്ധിച്ച ചോദ്യം ഇല്ലായിരുന്നുവെന്ന് ഹര്‍ജിക്കാരന്‍ കോടതിയില്‍ വാദിച്ചു. ഇത് അംഗീകരിച്ച കോടതി ക്ലെയിം നിരസിച്ച നടപടി സേവന പോരായ്‌മയാണെന്ന് നിരീക്ഷിച്ചു. ഹര്‍ജിക്കാരനുവേണ്ടി അഡ്വ. ടോം ജോസ് ഹാജരായി.
















