മുംബൈ: മഹാരാഷ്‌ട്ര തദ്ദേശതെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ വോട്ട് ചോരിയെന്ന് ആരോപണവുമായി കോണ്‍ഗ്രസ്. കിട്ടാത്ത മുന്തിരി പുളിക്കുമെന്നതുപോലെയാണ് കോണ്‍ഗ്രസിന്റെ രീതി. ആകെയുള്ള 288 മുനിസിപ്പല്‍ കൗണ്‍സില്‍-നഗരപഞ്ചായത്ത് സീറ്റുകളില്‍ 207 സീറ്റുകളാണ് ബിജെപി നേതൃത്വത്തിലുള്ള മഹായുതി പിടിച്ചത്. ഇതില്‍ 117 മുനിസിപ്പല്‍ കൗണ്‍സില്‍-നഗര പഞ്ചായത്ത് പ്രസിഡന്‍റ് പദവികള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയും ചെയ്തു.
അതേ സമയം കേരളത്തില്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ രാഹുല്‍ഗാന്ധിയോ പ്രിയങ്കഗാന്ധിയോ വോട്ട് ചോരി എന്ന ഒരക്ഷരം പോലും മിണ്ടിയിട്ടില്ല. ജയിച്ചാല്‍ തെരഞ്ഞെടുപ്പു കമ്മീഷനും തെരഞ്ഞെടുപ്പ് യന്ത്രങ്ങളും വോട്ടര്‍പട്ടികയും പെര്‍ഫെക്റ്റ് എന്നതാണ് കോണ്‍ഗ്രസിന്റെ ഒരു ലൈന്‍.
മഹാരാഷ്‌ട്രയില്‍ 288ല്‍ 207 പ്രസിഡന്‍റ് പദവികളും ബിജെപി, ശിവസേന(ഷിന്‍ഡെ), എന്‍സിപി(അജിത് പവാര്‍) എന്നിവര്‍ ഉള്‍പ്പെട്ട മഹായുതി നേടി. ബിജെപിയുടെ 117 മുനിസിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് പദവികള്‍ നേടിയപ്പോള്‍ എന്‍സിപി അജിത് പവാര്‍ 37 പ്രസിഡന്‍റ് പദവികളും ശിവസേന ഷിന്‍ഡെ വിഭാഗം 53 പ്രസിഡന്‍റ് പദവികളും നേടി. മുനിസിപ്പല്‍ കൗണ്‍സില്‍-നഗരപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ആകെ 28 പദവികളാണ് നേടാന്‍ കഴിഞ്ഞത്. എന്‍സിപി ശരത് പവാര്‍ 7 പ്രസിഡന്‍റ് പദവികളും ഉദ്ധവ് താക്കറെ പക്ഷം 9 പ്രസിഡന്‍റ് പദവികളും സ്വന്തമാക്കി.
















