ന്യൂദല്‍ഹി: മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥനെ ഇംപീച്ച് ചെയ്യാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കത്തിനെതിരെ വിരമിച്ച ജഡ്ജിമാര്‍. ഒരു പ്രത്യേക വിഭാഗത്തിന്റെ പ്രത്യയശാസ്ത്രപരവും രാഷ്‌ട്രീയവുമായ പ്രതീക്ഷകളുമായി പൊരുത്തപ്പെടാത്ത ജഡ്ജിമാരെ ഭീഷണിപ്പെടുത്താനുള്ള നാണംകെട്ട ശ്രമമാണിതെന്ന് വിരമിച്ച ജഡ്ജിമാരുടെ സംയുക്ത പ്രസ്താവയില്‍ പറയുന്നു. അത്തരമൊരു ശ്രമം തുടരാന്‍ അനുവദിച്ചാല്‍ അത് ജനാധിപത്യത്തിന്റെയും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന്റെയും വേരുകളെ തന്നെ മുറിക്കും. അതിനാല്‍, ഈ നീക്കത്തെ അപലപിക്കാനും മുളയിലേ നുള്ളാനും എംപിമാര്‍, ബാര്‍ അസോസിയേഷന്‍ അംഗങ്ങള്‍, പൊതുസമൂഹം എന്നിവരോട് അഭ്യര്‍ത്ഥിക്കുന്നതായി പ്രസ്താവനയില്‍ പറയുന്നു.
ജഡ്ജിമാര്‍ ഭാരതത്തിന്റെ ഭരണഘടനയോടും തങ്ങളുടെ സത്യപ്രതിജ്ഞയോടും ഉത്തരവാദിത്വം പുലര്‍ത്തണം. അല്ലാതെ, പക്ഷപാതപരമായ രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കോ പ്രത്യയശാസ്ത്രപരമായ ഭീഷണികള്‍ക്കോ വഴങ്ങേണ്ടതില്ല. വിധിന്യായങ്ങള്‍ പരിശോധിക്കപ്പെടുന്നത് അപ്പീലുകളിലൂടെയും നിയമപരമായ വിമര്‍ശനങ്ങളിലൂടെയുമാണ്, ഇംപീച്ച്മെന്റ് ഭീഷണികളിലൂടെയല്ല. പ്രതിപക്ഷ പാര്‍ട്ടികളുടെ ഈ നീക്കം ഒരു ഒറ്റപ്പെട്ട സംഭവമല്ല. തങ്ങളുടെ താത്പര്യങ്ങളുമായി പൊരുത്തപ്പെടാത്തപ്പോഴെല്ലാം രാഷ്‌ട്രീയത്തിലെ ഒരു വിഭാഗം ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിച്ചിട്ടുണ്ട്. ഇത് കോടതിവിധിയെക്കുറിച്ചുള്ള തത്വാധിഷ്ഠിതവും യുക്തിസഹവുമായ വിമര്‍ശനമല്ല. ഇംപീച്ച്മെന്റിനെയും അപവാദപ്രചരണങ്ങളെയും സമ്മര്‍ദ്ദത്തിനുള്ള ഉപകരണങ്ങളായി ഉപയോഗിക്കാനുള്ള ശ്രമമാണെന്നും പ്രസ്താവനയില്‍ പറയുന്നു.
മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ജെ. കൃഷ്ണമുരാരി, മുന്‍ ചീഫ് ജസ്റ്റിസുമാര്‍, വിവിധ ഹൈക്കോടതികളിലെ മുന്‍ ജഡ്ജിമാര്‍ എന്നിവരും പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുണ്ട്.
















