തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ സി പി എമ്മിന്റെ തോല്‍വിക്ക് കാരണം സംഘടനാ വീഴ്ചയെന്ന് ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം. ചുമതലപ്പെടുത്തിയവര്‍ ഉത്തരവാദിത്വം നിര്‍വഹിച്ചില്ല. പ്രവര്‍ത്തനം ഉഴപ്പിയെന്നും വിമര്‍ശനമുയര്‍ന്നു. പലയിടങ്ങളിലും അമിതമായ ആത്മവിശ്വാസം ഉണ്ടായെന്നും വിലയിരുത്തലുണ്ടായി.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റിലാണ് വിലയിരുത്തല്‍ ഉണ്ടായത്. ഓരോ വാര്‍ഡിലും ഓരോ ഏരിയ കമ്മിറ്റി അംഗത്തിനെ ചുമതലപ്പെടുത്തിയിട്ടുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ കൃത്യമായി പ്രവര്‍ത്തിച്ചില്ല.
സിപിഎമ്മിന് 45 വര്‍ഷത്തിന് ശേഷമാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ നഷ്ടമാകുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയത് എല്‍ഡിഎഫ് ആണെങ്കിലും അത് വിജയത്തിലേക്ക് എത്തിയില്ല.എല്‍ ഡി എഫിന് 29 സീറ്റാണ് ലഭിച്ചത്. സഖ്യ കക്ഷികള്‍ക്കും കൃത്യമായി ഇടപെടല്‍ നടത്തി വിജയം ഉറപ്പിക്കാനായില്ല. ആര്യ രാജേന്ദ്രന്‍ തോല്‍വിക്ക് കാരണമല്ലെന്നും ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി.
















