കൊച്ചി:ധ്യാൻ ശ്രീനിവാസന്റെ ആഗ്രഹപ്രകാരം, ശ്രീനിവാസൻ എന്ന മഹാനടൻ ഉപയോഗിച്ച അതേ പേനയും കടലാസും സത്യൻ അന്തിക്കാടിന്റെ കൈകളിലെത്തി. അതിൽ സത്യന്‍ അന്തിക്കാട് വിറയ്‌ക്കുന്ന കൈകളോടെ കുറിച്ചു: “എല്ലാവർക്കും എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ.”
ആ വരികൾ എഴുതിയ കടലാസും പേനയും തന്റെ പ്രിയ സുഹൃത്തിന്റെ മൃതദേഹത്തിന് മുകളില്‍ സമര്‍പ്പിച്ചു. കൂടെ പ്രാര്‍ത്ഥനാപൂര്‍വ്വം അല്‍പം തെച്ചിപ്പൂവും തുളസിയും.
അടുത്ത നിമിഷം അഗ്നി എടുക്കാനുള്ളതാണ് ആ മൃതദേഹവും അദ്ദേഹത്തെ അനശ്വരമാക്കിയ പേനയും. സത്യൻ അന്തിക്കാടിനേക്കാൾ മറ്റാര് അതിന് അർഹനാകാനാണ്? സ്വന്തം കുടുംബത്തേക്കാൾ കൂടുതൽ ശ്രീനിവാസൻ സമയം ചിലവഴിച്ചതും ഹൃദയം പങ്കുവെച്ചതും സത്യൻ അന്തിക്കാടിനൊപ്പമായിരുന്നു. ആ ആത്മബന്ധത്തിന് ഇതിലും വലിയൊരു യാത്രാമൊഴി നൽകാനില്ല.
















