ബെർലിൻ: ബഹിരാകാശ സഞ്ചാരം എല്ലാവർക്കും പ്രാപ്യമാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പുമായി ശതകോടീശ്വരൻ ജെഫ് ബെസോസിന്റെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ബ്ലൂ ഒറിജിൻ. വീൽചെയർ ഉപയോഗിക്കുന്ന വ്യക്തിയെ ആദ്യമായി ബഹിരാകാശത്ത് എത്തിച്ചാണ് ചരിത്രം കുറിച്ചത്.
ശാരീരിക പരിമിതികളെ തോൽപ്പിച്ച് ബഹിരാകാശത്തോളം വളർന്ന നിശ്ചയദാർഢ്യവുമായി ജർമൻ യാത്രിക മൈക്കൈല (മിച്ചി) ബെന്തൗസ് (Michaela “Michi” Benthaus) ചരിത്രം കുറിച്ചു. വീൽചെയറിൽ ഇരുന്ന് ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ വ്യക്തി എന്ന നേട്ടമാണ് മെക്കാട്രാണിക്സ് എഞ്ചിനീയറായ മൈക്കൈല സ്വന്തമാക്കിയത്. സ്പേസ് എക്സ് കമ്പനിയിലെ മുൻ ജീവനക്കാരനായ ഹാൻസ് കനിങ്സ്മാനൊപ്പം ബ്ലൂ ഒറിജിൻ റോക്കറ്റിലായിരുന്നു മൈക്കൈലയുടെ യാത്ര.
യാത്രയുടെ ഓരോ നിമിഷവും താൻ ആസ്വദിച്ചുവെന്നും ഇതൊരു മനോഹരമായ അനുഭവമായിരുന്നുവെന്നും മൈക്കൈല പറഞ്ഞു.
2018-ൽ ഒരു മൗണ്ടൻ ബൈക്കിംഗ് അപകടത്തെത്തുടർന്ന് സുഷുമ്നാ നാഡിക്ക് പരിക്കേറ്റതോടെയാണ് മൈക്കൈലയ്‌ക്ക് നടക്കാണ് കഴിയാതെ വന്നത്. എന്നാൽ ഇത് തന്റെ കരിയറിനോ കായികത്തോടുള്ള താല്പര്യത്തിനോ തടസ്സമാകാൻ അവർ അനുവദിച്ചില്ല. പാരാ-അസ്ട്രോനട്ട് മിഷനുകളിൽ പങ്കെടുക്കുന്നതോടൊപ്പം, വീൽചെയർ ടെന്നീസ് ഉൾപ്പെടെയുള്ള കായിക വിനോദങ്ങളിലും മൈക്കൈല സജീവമാണ്.
NS-37 എന്ന് പേരിട്ടിരുന്ന ഈ ദൗത്യം ഡിസംബർ 20-ന് ശനിയാഴ്ചയാണ് നടന്നത്. ടെക്സസിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് ‘ന്യൂ ഷെപ്പേർഡ്’ എന്ന റോക്കറ്റിൽ മൈക്കല കുതിച്ചുയർന്നത്. മൈക്കലയെക്കൂടാതെ മറ്റ് അഞ്ച് പേരും ഈ സംഘത്തിലുണ്ടായിരുന്നു. ഏകദേശം 10 മുതൽ 11 മിനിറ്റ് വരെ നീണ്ടുനിന്ന ഈ യാത്രയിൽ യാത്രികർ ബഹിരാകാശത്തിന്റെ അതിർത്തിയായി കണക്കാക്കപ്പെടുന്ന ‘കർമാൻ ലൈൻ’ കടന്നു.
ബഹിരാകാശ യാത്ര കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനും വൈകല്യമുള്ളവർക്കും ഇത് സാധ്യമാണെന്ന് തെളിയിക്കുന്നതിനും വേണ്ടിയാണ് ബ്ലൂ ഒറിജിൻ ഈ ദൗത്യം നടത്തിയത്.













