മലയാള സിനിമയ്‌ക്ക് നല്‍കിയ സംഭാവന എന്തെന്ന് ഒരഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ ശ്രീനിവാസന്‍ പറഞ്ഞത് എനിക്ക് വന്ന അഞ്ഞൂറോളം സിനിമകള്‍ ഒഴിവാക്കി എന്നതാണ് ഞാന്‍ ചെയ്ത സംഭാവന. അതുപോലെയാണ് സംവിധാനവും. 49 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ രണ്ടേ രണ്ട് സിനിമകള്‍ മാത്രമാണ് ശ്രീനിവാസന്‍ സംവിധാനം ചെയ്തത്. വടക്കുനോക്കിയന്ത്രവും(1989) ചിന്താവിഷ്ടയായ ശ്യാമളയും (1998).
കഥയും തിരക്കഥയും ശ്രീനിയുടേത് തന്നെ. രണ്ടും മലയാളിയെ ഏറ്റവും നന്നായി അടയാളപ്പെടുത്തിയവ. ബ്ലാക് ഹ്യൂമര്‍ എന്നു കേട്ടുമാത്രം ശീലമുള്ള മലയാളിയെ അതെന്താണെന്നു പഠിപ്പിച്ചത് വടക്കുനോക്കിയന്ത്രമാണ്. അവനവനിസത്തിന്റെ പരകോടിയില്‍ മലയാളി എത്രത്തോളം സങ്കുചിതമനസുമായിട്ടാണ് ജീവിക്കുന്നതെന്ന യാഥാര്‍ത്ഥ്യം നമുക്കുമുമ്പില്‍ അദ്ദേഹം അവതരിപ്പിച്ചു.
അപകര്‍ഷതാ ബോധത്തിന്റെ മൂര്‍ത്തീഭാവമായ, ഒഥല്ലോ സിന്‍ഡ്രോം തലയ്‌ക്കുപിടിച്ച തളത്തില്‍ ദിനേശന്‍ എന്ന കഥാപാത്രത്തിന്റെ വികാസപരിണാമങ്ങള്‍ ചിരിപടര്‍ത്തി, ചിന്തയ്‌ക്ക് വളമേകിയാണ് ശ്രീനിവാസന്‍ വരച്ചിട്ടത്. സുന്ദരിയായ ഭാര്യയെ മറ്റൊരാള്‍ തട്ടിയെടുക്കുമോ എന്ന ആശങ്കയില്‍ ജീവിക്കുന്ന തളത്തില്‍ ദിനേശന്‍. സിനിമ അവസാനിക്കുമ്പോള്‍ പോലും ആ ആശങ്ക അവസാനിക്കുന്നില്ല. മലയാളി വടക്കുനോക്കിയന്ത്രത്തിലൂടെ അവനവനെത്തന്നെ കണ്ടു. തളത്തില്‍ ദിനേശനാകാന്‍ തന്നെക്കാള്‍ ‘യോഗ്യത’യുള്ള മറ്റൊരു നടനില്ലെന്നു കൂടി തിരിച്ചറിഞ്ഞ് അദ്ദേഹം ആ വേഷം ചെയ്യുകയായിരുന്നു. ഇന്ന് ആ സിനിമ കാണുമ്പോള്‍ ശ്രീനിവാസനോളം മിഴിവോടെ ആ കഥാപാത്രത്തെ ചെയ്യാന്‍ ലോകത്ത് തന്നെ ആരും ഉണ്ടെന്നു തോന്നില്ല. 1989ല്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ വടക്കുനോക്കിയന്ത്രത്തിലെ അഭിനയത്തിന് പക്ഷേ ശ്രീനിവാസന് അവാര്‍ഡ് ലഭിക്കാത്തത് അദ്ഭുതമാണ്.
മലയാളി ജീവിതത്തിന്റെ മറ്റൊരു നേര്‍ക്കാഴ്ചയായിരുന്നു ‘ചിന്താവിഷ്ടയായ ശ്യാമള’. ഉത്തരവാദിത്വം നിര്‍വഹിക്കാതെ ഭക്തിയില്‍ അഭയം തേടുന്ന മലയാളിയുടെ കാപട്യത്തെയാണ് അനാവരണം ചെയ്തത്. മലയാളിയുടെ വ്യാജ ആത്മീയതയെ അദ്ദേഹം പരിഹസിച്ചു. സിനിമയിലെ ഓരോ സംഭാഷണവും മലയാളിയുടെ കാപട്യത്തോടുള്ള ചോദ്യങ്ങളായിരുന്നു, വ്യവസ്ഥിതികളുമായി കലഹിക്കലായിരുന്നു. ഈ നാട്ടില്‍ തേങ്ങയെക്കാള്‍ കൂടുതലാണ് ബിരുദം നേടിയവര്‍ എന്ന് സിനിമയില്‍ പറയുന്നുണ്ട്. ഇന്നുകാണുന്ന ഫെമിനിസമല്ല, താന്‍ മനസിലാക്കിയതും അറിഞ്ഞതുമായ ഫെമിനിസം എന്ന് ശ്രീനിവാസന്‍ കാണിച്ചുതന്ന ചിത്രം കൂടിയായിരുന്നു ശ്യാമള. സ്ത്രീശാക്തീകരണത്തിന്റെ സത്യസന്ധമായ ആവിഷ്‌കാരമായിരുന്നു അത്. അതുകൊണ്ടാണ് മികച്ച സാമൂഹ്യപ്രതിബദ്ധതയ്‌ക്കുള്ള സിനിമയായി ദേശീയ ജൂറി ചിന്താവിഷ്ടയായ ശ്യാമളയെ തെരഞ്ഞെടുത്തത്. ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും ശ്യാമളയെ തേടിയെത്തി.
ഹാസ്യത്തെ വെറും ചിരിക്കപ്പുറം ചിന്തയ്‌ക്കുള്ള വഴിമരുന്നായി ഉപയോഗിച്ച അദ്ദേഹം, മലയാളിയുടെ സാമൂഹിക ബോധത്തെ അത്രത്തോളം സ്വാധീനിച്ചു. സംവിധാനം ചെയ്ത ഈ രണ്ട് സിനിമകളും അത്തരത്തിലുള്ളവയായിരുന്നു.
















